കശ്മീരില്‍ നിന്ന് വിദ്യാര്‍ഥി വിസയില്‍ പാക്കിസ്ഥാനിലേക്ക് പോകും മുമ്പേ കടുത്ത മതമൗലികവാദി; അയല്‍ രാജ്യത്ത് എത്തിയത് മൂതല്‍ ആളെ കാണാതായി; വീട്ടുകാരുമായുള്ള ബന്ധവും മുറിച്ചു; അന്നുമുങ്ങിയ ആദില്‍ അഹമ്മദ് തോക്കര്‍ പിന്നീട് നാട്ടുകാരുടെ കണ്‍വെട്ടത്ത് പ്രത്യക്ഷപ്പെടുന്നത് പഹല്‍ഗാമില്‍ യന്ത്രത്തോക്കുമായി കൂട്ടക്കുരുതിക്ക്; ഒപ്പം നാലുഭീകരരും
വിദ്യാര്‍ഥി വിസയില്‍ പാക്കിസ്ഥാനിലേക്ക് പോകും മുമ്പേ കടുത്ത മതമൗലികവാദി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ജമ്മു-കശ്മീര്‍ സ്വദേശി ആദില്‍ അഹമ്മദ് തോക്കര്‍ പാക്കിസ്ഥാനിലേക്ക് പോയത് ആറുവര്‍ഷം മുമ്പ്. ഇയാള്‍ മടങ്ങിയത് നാലുഭീകരരെയും ഒപ്പം കൂട്ടി. 2018 ല്‍ വിദ്യാര്‍ഥി വിസയിലാണ് ഇയാള്‍ പാക്കിസ്ഥാനിലേക്ക് പോയത്. മടങ്ങിയെത്തിയത് കൂട്ടക്കുരുതി നടത്തി സ്വന്തം നാടിനെ താറുമാറാക്കാന്‍ ലക്ഷ്യമിട്ടും.
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാരയിലെ ഗുരെ ഗ്രാമവാസിയായ ആദില്‍ അഹമ്മദ് തോക്കര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് കളമൊരുക്കിയവരില്‍ പ്രധാനി എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 2018 ല്‍ ഗുരെയിലെ വീട്ടില്‍ നിന്നും ഇയാള്‍ വിദ്യാര്‍ഥി വിസയില്‍ പാക്കിസ്ഥാനിലേക്ക് പോയി. നാടും വിടും മുമ്പ് തന്നെ കടുത്ത മതമൗലികവാദങ്ങളില്‍ ഇയാള്‍ ആകൃഷ്ടനായിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പ്രവര്‍ത്തിച്ചിരുന്ന ചില നിരോധിത തീവ്രവാദി സംഘടനകളില്‍ പെട്ട വ്യക്തികളുമായി ആദില്‍ ബന്ധം പുലര്‍ത്തിയിരുന്നു.
പാക്കിസ്ഥാനില്‍ എത്തിയത് മുതല്‍ ഇയാള്‍ പൊതുജനമധ്യത്തില്‍ നിന്ന് അപ്രത്യക്ഷനായി. നാട്ടിലെ കുടുംബത്തെ പോലും ഇയാള്‍ ബന്ധപ്പെട്ടില്ല. എട്ടുമാസത്തോളം, ഇയാളെ കുറിച്ച് ഒരുവിവരവും ഇല്ലായിരുന്നു. ഇയാളുടെ പിന്നാലെ കൂടിയിരുന്ന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഒരു വിവരവും കിട്ടിയില്ല. ഇയാളുടെ ബിജ്ബെഹാരയിലെ വസതി കേന്ദ്രീകരിച്ച് നടത്തിയ സമാന്തര അന്വേഷണവും ഫലം കണ്ടില്ല.
ഒളിവുജീവിത കാലത്ത് ഇയാള്‍ തീവ്രാശയങ്ങള്‍ക്ക് താത്വിക അടിത്തറ നല്‍കുന്ന പരിശീലന ക്ലാസുകളിലും അര്‍ദ്ധസൈനിക പരിശീലനത്തിലും മുഴുകിയിരിക്കുകയായിരുന്നു. പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്‌ക്കറി തോയിബയുമായി ബന്ധപ്പെട്ടവരുടെ സ്വാധീനവലയത്തിലായിരുന്നു ഇയാള്‍.
കൂട്ടക്കുരുതി ലക്ഷ്യമിട്ട് മടക്കം
2024 ഒക്ടോബറില്‍ ആദില്‍ തോക്കര്‍ നിയന്ത്രണ രേഖ കടന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പൂഞ്ച്-രജൗറി മേഖലയിലൂടെയാണ് തോക്കര്‍ ഉള്ളില്‍ കടന്നത്. ചെങ്കുത്തായ കുന്നും മലകളും കൊടുകാടുകളുമുള്ള ഈ പ്രദേശത്തെ പട്രോളിങ് ബുദ്ധിമുട്ടേറിയതായത് കൊണ്ട് മിക്കവാറും നുഴഞ്ഞുകയറ്റക്കാര്‍ അനധികൃത കടക്കലിന് ഉപയോഗിക്കുന്നത് ഈ പാതയാണ്.
തോക്കറിനൊപ്പം മറ്റുനാലുപേരും നുഴഞ്ഞുകയറി. അതിലൊരാള്‍ പാക് പൗരനായ ഹാഷിം മുസയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ സുലൈമാന്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യയിലേക്ക് കടക്കാന്‍ മൂസയ്ക്ക് വഴിയൊരുക്കിയത് ആദില്‍ തോക്കറാണെന്നാണ് കരുതുന്നത്.
ജമ്മു-കശീമിരിലേക്ക് കടന്ന തോക്കര്‍ തന്നെ തിരിച്ചറിയാതിരിക്കാന്‍ കാടും മലകളും നിറഞ്ഞ പാതകളാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. കുറച്ചുനാള്‍ ഇയാള്‍ കിഷ്തവാറില്‍ ഉണ്ടായിരുന്നതായി വിവരം കിട്ടിയിരുന്നു. പിന്നീട് ത്രാള്‍ വഴി അനന്തനാഗിലേക്ക് കടന്നുവെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത്.
അനന്തനാഗില്‍ എത്തിയ തോക്കര്‍ വീണ്ടും ഒളിവില്‍ പോയി. തന്നോടൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രു പാക് പൗരനെയെങ്കിലും ഇയാള്‍ ഒപ്പം പാര്‍പ്പിച്ചിരുന്നു. മിക്കവാറും കാട്ടിലോ, ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ ഒളികേന്ദ്രത്തിലോ. ഇങ്ങനെ ഒളിവില്‍ കഴിഞ്ഞ കാലത്ത് നാട്ടിലെ പ്രബലമായ തീവ്രവാദ സെല്ലുകളുമായി ബന്ധം പുതുക്കി. ഇന്ത്യക്ക് വലിയ ആഘാതം ഉണ്ടാക്കുന്ന രാജ്യാന്തര ശ്രദ്ധ തേടുന്ന തരത്തില്‍ ഒരു കൂട്ടക്കുരുതിക്ക് പറ്റിയ സ്ഥലത്തിനും അവസരത്തിനുമായി ഇയാള്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു.
അപ്പോഴാണ് സുരക്ഷാ കാരണങ്ങളാല്‍ നേരത്തെ അടച്ചിട്ടിരുന്ന ബൈസരണ്‍ താഴ് വരയിലേക്ക് അമര്‍നാഥ് തീര്‍ഥാടന സീസണ്‍ ആകും മുമ്പേ തന്നെ അനധികൃതമായി ടൂര്‍ ഓപ്പറേറ്റര്‍മാരും മറ്റും വിനോദ സഞ്ചാരികളെ എത്തിക്കാന്‍ തുടങ്ങിയത്. വലിയ തോതില്‍ സഞ്ചാരികളുടെ വരവ് തുടങ്ങിയതോടെ തോക്കറും സംഘവും ഇതൊരു സുവര്‍ണാവസരമായി കണ്ടു.
ബൈസരണ്‍ ഭീകരാക്രമണം
ഏപ്രില്‍ 22ന് ഉച്ചതിരിഞ്ഞ് 1.50 ഓടെ തോക്കര്‍ അടക്കമുള്ള ഭീകരര്‍ ബൈസരണിനെ ചുറ്റിയുള്ള ഇടതിങ്ങിയ പൈന്‍മരക്കാടുകളില്‍ നിന്ന് പുല്‍മേട്ടിലേക്ക് യന്ത്ര തോക്കുകളുമായി കടന്നുവന്നു. ഇരകളോട് മതം ചോദിച്ചും ഇസ്ലാമിക സൂക്തങ്ങള്‍ ചൊല്ലാന്‍ ആവശ്യപ്പെട്ടും മുന്നറിയ സംഘം വെടിവച്ചുവീഴ്ത്തിയത് 26 വിലപ്പെട്ട മനുഷ്യ ജീവനുകള്‍.
ആക്രമണത്തിന് ഞ്ചുഭീകരര്‍ ഉണ്ടായിരുന്നുവെന്ന് ഇപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രൂപ്പുകളായി തിരിഞ്ഞ് പുല്‍മേട്ടിലെ മൂന്നു പ്രത്യേക മേഖലകളാണ് ഇവര്‍ ആക്രമിച്ചത്. ഏകദേശം 10 മിനിറ്റ് മാത്രമാണ് ആക്രമണം നീണ്ടത്. കൂട്ടക്കുരുതിക്കിടയാക്കിയ ഭീകരാക്രമണ കേസിലെ മൂന്നുമുഖ്യപ്രതികളില്‍ ഒരാളായി ജമ്മു-കശ്മീര്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത് ആദില്‍ അഹമ്മദ് തോക്കറെയാണ്. തിരിച്ചറിഞ്ഞ മറ്റുരണ്ടുപേര്‍ പാക്കിസ്ഥാന്‍കാരാണ്. ഹാഷിം മൂസ അഥവാ സുലൈമാന്‍, അലി ഭായി അഥവാ തല്‍ഹ ഭായി എന്നിവര്‍. മൂവരുടെയും രേഖാചിത്രം പുറത്തുവിടുകയും ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തോക്കറുടെയും മറ്റൊരു പ്രതി ത്രാളിലെ ആസിഫ് ഷെയ്ഖിന്റെയും വീടുകളില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. ആസിഫ് ഷെയ്ഖ് ആക്രമണത്തിന് സാങ്കേതിക സഹായം ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.