കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനെനെന്ന് കോടതി; ശിക്ഷ വിധിക്കുന്നത് നാളെ; ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യത്തില്‍ പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; സിസി ടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പ്രതികൂലമായതോടെ കൊലക്കുറ്റം തെളിഞ്ഞു

കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനെനെന്ന് കോടതി

Update: 2025-05-06 05:56 GMT

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്ത കോടതി. പ്രതി പ്രിയരഞ്ജനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച വാദം ഉച്ചക്ക് ശേഷം നടക്കും.

വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമക്കിയത്. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം പൊലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന്‍ കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റി കൊലപ്പെടുത്തും ദൃശ്യങ്ങളില്‍ വ്യക്തമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്. പ്രതി ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവശേഷം ഒളിവില്‍ പോയ പ്രിയരഞ്ജനെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

സംഭവം നടക്കുമ്പോള്‍ ആദിശേഖറിന്റെ ഒപ്പമുണ്ടായിരുന്ന നീരജ്, അച്ചു, അഭിജയ് എന്നിവരെയും കേസില്‍ വിസ്തരിച്ചു. സാക്ഷികള്‍ പ്രതി പ്രിയരഞ്ജനെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. സംഭവദിവസം കളികഴിഞ്ഞ് ക്ലബ് റൂമില്‍ ഫുട്ബോള്‍ വയ്ക്കുന്നതിനായി ആദിശേഖറിനോടൊപ്പം പോയെന്നും തിരികെ വന്ന് സൈക്കിളില്‍ കയറിയപ്പോഴാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചതെന്നും നീരജ് മൊഴി നല്‍കി. വന്‍ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ പ്രിയരഞ്ജന്‍ കാര്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങുന്നത് കണ്ടുവെന്ന് അച്ചുവും മൊഴി നല്‍കി. രക്തത്തില്‍ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേര്‍ന്നാണ് പുറകെ വന്ന കാറില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് അഭിജയ് മൊഴിനല്‍കി. ഇതെല്ലാം കേസില്‍ നിര്‍ണയാകമായി മാറി.

Tags:    

Similar News