നവീന്‍ ബാബുവിന്റെ ഫോണില്‍ നിന്നും അവസാന സന്ദേശം അയച്ചത് പുലര്‍ച്ചെ 4.58ന്; കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു നല്‍കിയത് ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പരുകള്‍; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Update: 2024-10-22 10:00 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് തൊട്ടുമുമ്പ് ഫോണില്‍ നിന്നും അവസാന സന്ദേശം അയച്ചത് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പരുകളാണ് നവീന്‍ കലക്ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അയച്ചത്. എന്നാല്‍ ഏറെ വൈകിയാണ് ഉദ്യോഗസ്ഥര്‍ ഈ മെസേജ് കണ്ടത്. അപ്പോഴേക്കും നവീന്‍ ബാബുവിന്റെ മരണവിവരം പുറത്ത് വന്നിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.58നാണ് ഫോണില്‍ നിന്നും സന്ദേശം അയച്ചത്.സന്ദേശം രാവിലെ ആറുമണിയോടെ മാത്രമായിരുന്നു ഉദ്യോഗസ്ഥര്‍ കണ്ടത്. അതിനിടെ നവീന്‍ ബാബുവിന്റെ മരണവിവരം പുറത്തുവന്നിരുന്നു. നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കഴുത്തില്‍ കയര്‍ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീന്‍ ബാബുവിന്റെ മരണം സംഭവിച്ചത്. ഈ സമയത്തിനിടയിലാണ് ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പറുകള്‍ അയച്ച് നല്‍കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ് ഫോണില്‍ നിന്നും സന്ദേശം അയച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി.

സന്ദേശം ലഭിച്ച ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മറ്റൊന്നും നവീന്‍ ബാബു സംസാരിച്ചില്ലെന്ന് പ്രേംരാജ് പൊലീസിനോട് പറഞ്ഞു. 


വിരമിക്കാന്‍ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തലേദിവസം ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്നിരുന്നു.ഇതിനിടെ ചടങ്ങിലെത്തിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ ടി.വി.പ്രശാന്തന്‍ എന്നയാള്‍ തുടങ്ങുന്ന പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ കുത്തുവാക്കുകള്‍.

വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പറഞ്ഞ ദിവ്യ എ.ഡി.എമ്മിന് ഉപഹാരം നല്‍കുമ്പോള്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടത്. ഇതിന് പിന്നാലെയാണ് രാവിലെ നവീനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ആരോപണം ഉന്നയിച്ചതിനു ശേഷം നവീന്‍ബാബു ആകെ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്ത ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.

അതേസമയം, നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള മൊഴിയും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുള്ളതെന്ന് പുതിയ സൂചനകള്‍.

എന്‍.ഒ.സി. അനുവദിക്കുന്നതില്‍ നവീന്‍ ബാബു ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചെന്നതിനുള്ള തെളിവുകളോ മൊഴികളോ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് സൂചന. പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ ബോധപൂര്‍വം ഫയല്‍ വൈകിപ്പിച്ചു, എന്‍.ഒ.സി. നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് കണ്ണൂര്‍ കളക്ടറുടെ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു.

എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല. നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി.പി.ദിവ്യക്കൊപ്പം കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, ഒരു സാക്ഷിയെന്ന നിലയില്‍ പോലീസ് എന്റെ മൊഴി രേഖപ്പെടുത്തുമെന്ന് മാത്രമാണ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Tags:    

Similar News