'എഡിഎം നവീന്‍ ബാബു എല്ലാം ക്യത്യമായിട്ട് ചെയ്യുന്ന ആള്‍; അതുകൊണ്ട് വേറൊരു വഴിയിലൂടെയും അദ്ദേഹത്തെ സമീപിക്കാന്‍ സാധിക്കില്ല': പെട്രോള്‍ പമ്പിനായി സ്ഥലം പാട്ടത്തിന് എടുത്ത ടി വി പ്രശാന്തന്‍ തങ്ങളോട് പറഞ്ഞത് ഇങ്ങനെയെന്ന് പള്ളി വികാരി; കൈക്കൂലി ആരോപണം കള്ളക്കഥയോ?
എഡിഎം നവീന്‍ ബാബു എല്ലാം ക്യത്യമായിട്ട് ചെയ്യുന്ന ആള്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ചെങ്ങളായിലെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടും വിവാദം കത്തിപ്പടരുകയാണ്. ചെങ്ങളായി ചേരാന്‍കുന്നിലെ പെട്രോള്‍ പമ്പിനായുള്ള സ്ഥലം അപേക്ഷകനായ ടി വി പ്രശാന്തന്‍ പാട്ടത്തിന് എടുത്തതായിരുന്നു. ഈ ഭൂമി കാണിക്കാനാണ് മൂന്നുവട്ടം എഡിഎമ്മിനെ കൊണ്ടുവന്നതായി ടി വി പ്രശാന്തന്‍ പറയുന്നത്. അതിനിടെ, എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് പ്രശാന്തന്‍ തന്നോട് പറഞ്ഞെതെന്ന് നെടുവാലൂര്‍ പള്ളി വികാരി ഫാദര്‍ പോള്‍ എടത്തിനകത്ത് വെളിപ്പെടുത്തിയതാണ് പുതിയ വാര്‍ത്ത. ഒരു ടെലിവിഷന്‍ ചാനലിനോടാണ് ഫാദര്‍ ഇക്കാര്യം പറഞ്ഞത്.
പെട്രോള്‍ പമ്പിനായി ഭൂമി പാട്ടത്തിന് നല്‍കിയത് ഫാദര്‍ പോള്‍ എടത്തിനകത്ത് കൂടി ഉള്‍പ്പെട്ട പള്ളിക്കമ്മിറ്റിയാണ്. സ്ഥലം പരിശോധിക്കുന്നതിനായി എഡിഎം എത്തിയിരുന്നെങ്കിലും താന്‍ കണ്ടിരുന്നില്ലെന്നും ഫാദര്‍ പോള്‍ അറിയിച്ചു. ഭൂമി പാട്ടത്തിന് നല്‍കിയത് നാല്‍പതിനായിരം രൂപ പ്രതിമാസ വാടകയിലാണ്. പാട്ടക്കരാര്‍ 20 വര്‍ഷത്തേക്കായിരുന്നെന്നും ഫാദര്‍ പോള്‍ എടത്തിനകത്ത് പറഞ്ഞു.
'എഡിഎമ്മിനെ കുറിച്ച് നമ്മളോട് പറഞ്ഞിട്ടുള്ളത് എല്ലാം ക്യത്യമായിട്ട് ചെയ്യുന്ന ആളാണെന്നാണ്. അതുകൊണ്ട് വേറൊരു വഴിയിലൂടെയും അദ്ദേഹത്തെ സമീപിക്കാന്‍ സാധിക്കില്ല. ക്യത്യമായ രീതിയില്‍ തന്നെ ഇതു ലഭിക്കുമെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. എ ഡി എം ഇവിടെ വന്നുവെന്ന് പറഞ്ഞു, പക്ഷേ, എ ഡി എം നേരിട്ട് വിളിക്കുകയോ, അദ്ദേഹത്തെ നേരിട്ടുകാണുകയോ ചെയ്തിട്ടില്ല. അപ്പോള്‍ പ്രശാന്തേട്ടാണ് പറയുന്നത് ഭൂമി ഒന്ന് ഒരുക്കിയിടണം. അദ്ദേഹം വരുന്നുണ്ട് എന്ന്. സാധാരണഗതിയില്‍ ഇങ്ങനെ ആരേലും വരുമ്പോള്‍ എന്നെ കൂടി വിളിക്കുന്നതാണ്.
എഡിഎം മൂന്നു പ്രാവശ്യം ഇവിടെ വന്നുവെന്നാണ് ഞാന്‍ അറിയുന്നത്. പക്ഷേ ഒരു പ്രാവശ്യം പോലും ഞാന്‍ കണ്ടിട്ടില്ല അദ്ദേഹത്തെ.'ഫാദര്‍ പോള്‍ എടത്തിനകത്ത് പറഞ്ഞു.
സെയന്റ് ജോസഫ്‌സ് പളളിയുടെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലമാണ് പ്രതിമാസം 40,000 രൂപയ്ക്ക് പാട്ടത്തിനെടുത്തത്. സെന്റിന് 1,000 രൂപയ്ക്ക് 20 വര്‍ഷത്തേക്കാണ് പള്ളിയുമായി കരാറുണ്ടാക്കിയത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ 20 ശതമാനം തുക അധികം നല്‍കണം. 2023 ഓഗസറ്റ് 13 നാണ് സ്ഥലത്തിനായി പളളിയെ സമീപിച്ചത്.
സെപ്റ്റംബര്‍ മൂന്നിന് ചേര്‍ന്ന പളളിക്കമ്മിറ്റി പൊതയോഗം ആവശ്യം അംഗീകരിച്ചു. 13 ന് തലശേരി രൂപത അംഗീകാരം നല്‍കി. 20 നാണ് കരാര്‍ ഒപ്പുവച്ചത്. നിര്‍മ്മാണം തുടങ്ങാത്തതിനാല്‍ പ്രശാന്തനില്‍ നിന്ന് പാട്ടതുക ഒന്നും കിട്ടിയില്ലെന്നാണ് ഫാദര്‍ പറയുന്നത്. പുതിയ പളളിയുടെ ആവശ്യത്തിനായി പണം ആവശ്യമുള്ളത് കൊണ്ടാണ് പള്ളി വക സ്ഥലം പെട്രോള്‍ പമ്പിന് പാട്ടത്തിന് കൊടുക്കാന്‍ തീരുമാനിച്ചത്.
എഡിഎം വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാത്ത ആളായിരുന്നു എന്നാണ് പ്രശാന്തന്‍ തന്നെ പള്ളി വികാരിയോട് പറഞ്ഞതെന്നിരിക്കെ, ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത് വ്യാജകഥയാണോ എന്നാണ് അന്വേഷിക്കേണ്ടത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയും ഈ ആരോപണം ഏറ്റുപിടിച്ചാണ് യാത്രയയപ്പ് യോഗത്തിനെത്തി നവീന്‍ ബാബുവിനെ പരസ്യമായി അപമാനിച്ചത്.