അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സൗദി വിരോധി എന്നും ജയിലില്‍ അടയ്ക്കണമെന്നും ആഹ്വാനം ചെയ്ത് കടുത്ത സൈബറാക്രമണം; റിയാദിലെ പരിപാടി ഉപേക്ഷിച്ചെങ്കിലും സാമൂഹിക പ്രതിബദ്ധത കൈവിടാതെ റിഫ; മൂന്നാമത് റിഫ പുരസ്‌കാരം ആലുവയില്‍ വച്ച് അഡ്വ. എ.ജയശങ്കറിന് സമ്മാനിച്ചു
മൂന്നാമത് റിഫ പുരസ്‌കാരം ആലുവയില്‍ വച്ച് അഡ്വ. എ.ജയശങ്കറിന് സമ്മാനിച്ചു
കൊച്ചി: സാമൂഹിക സാംസ്‌കാരിക രംഗത്ത് നടത്തുന്ന ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ച് മൂന്നാമത് റിഫ പുരസ്‌ക്കാരം അഡ്വ എ.ജയശങ്കറിന് സമ്മാനിച്ചു. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്ന റിഫ പുരസ്‌ക്കാരം ആലുവ പെരിയാര്‍ ഹോട്ടലില്‍ വച്ചാണ് സമ്മാനിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിന് റിയാദ് ഇന്ത്യന്‍ ഫ്രണ്ട്സ്ഷിപ് അസോസിയേഷന്‍ റിഫാ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സാമൂഹിക, സാംസ്‌കാരിക രംഗത്തെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ച് 50,000 രൂപയും പ്രശംസാ ഫലകവും അടങ്ങുന്ന പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.
അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഒരു വിഭാഗം മതമൗലികവാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ജയശങ്കര്‍ സൗദി വിരോധിയാണെന്ന് പറഞ്ഞു കൊണ്ടാണ് ഇക്കൂട്ടര്‍ രംഗത്തുവന്നത്. ജയശങ്കറിനെ ആക്രമിക്കണമെന്നും ജയിലില്‍ അടയ്ക്കണമെന്നും ആഹ്വാനങ്ങളുണ്ടായി. ഇതോടെയാണ് പരിപാടി ഉപേക്ഷിച്ചതായി സംഘാടകര്‍ ജയശങ്കറിനെ അറിയിച്ചത്. പിന്നീട് നാട്ടിലെത്തി അദ്ദേഹത്തിന് പുരസ്‌ക്കാരം സമ്മാനിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് അവാര്‍ഡ് ദാന ചടങ്ങ് ആലുവ പെരിയാര്‍ ഹോട്ടലില്‍ നടന്നത്.
സൗദിയിലെ നിയമങ്ങള്‍ ശക്തമായതിനാല്‍ ഏതെങ്കിലും രീതിയില്‍ കള്ള പരാതി കൊടുത്താല്‍ അത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് റിയാദില്‍ വച്ച് ചടങ്ങ് നടത്താന്‍ കഴിയാതിരുന്നതെന്ന് റിഫയുടെ പ്രസിഡന്റ് നിബു വര്‍ഗ്ഗീസ് വ്യക്തമാക്കി. അതേ സമയം അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അത് തനിക്ക് ലഭിക്കാന്‍ ഒട്ടും സാധ്യതയില്ലെന്ന് മുന്‍കൂട്ടി കണ്ടിരുന്നതായി അഡ്വ ജയശങ്കര്‍ ചടങ്ങില്‍ പറഞ്ഞു. കേരള ഹൈക്കോടതിയില്‍ നാല് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന ജയശങ്കര്‍ സാമൂഹിക വിമര്‍ശകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, ഗ്രന്ഥകര്‍ത്താവ്, നിരൂപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
26 വര്‍ഷമായി സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ - റിഫയുടെ സാമൂഹിക സാംസ്‌കാരിക പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ് അഡ്വ ജയശങ്കറിന് പുരസ്‌ക്കാരം നല്‍കി ആദരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവ്, സാമൂഹിക നിരീക്ഷകന്‍ എംഎന്‍ കാരശേരി എന്നിവര്‍ക്ക് റിഫ നേരത്തെ പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് പുല്ലുവില കൊടുക്കുന്ന ഒരുവിഭാഗം ആളുകള്‍ ഇപ്പോഴും മലയാളി സമൂഹത്തിലുണ്ട്. അത്തരക്കാര്‍ അസഹിഷ്ണുതയോടെ പെരുമാറുന്നതിന്റെ നേര്‍ ചിത്രം കൂടിയായിരുന്നു ഈ സൈബര്‍ ആക്രമണം.