രാഷ്ട്രീയ തിരക്കിനിടയിലും കവിത എഴുതാന്‍ സമയം കണ്ടെത്തുന്ന അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; അഡ്വ ഷീബാ രാകേഷിന്റെ 'ഭൗമ ഗീതം' പ്രകാശനത്തിന്; ജി സുധാകരന്റെ നാട്ടില്‍ നിന്നും മറ്റൊരു 'രാഷ്ട്രീയ' എഴുത്തുകാരി
അമ്പലപ്പുഴ : രാഷ്ട്രീയ തിരക്കിനിടയിലും കവിത എഴുതാന്‍ സമയം കണ്ടെത്തുന്ന കവിയാണ് സിപിഎം നേതാവ് ജി. സുധാകരന്‍. ഇപ്പോഴിതാ ജി സുധാകരന്റെ നാട്ടില്‍ നിന്നും രാഷ്ട്രീയക്കാരിയായ മറ്റൊരു കവയിത്രി കൂടി കവിതകളുമായി കടന്നുവരുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷാണ് കവിതകളിലൂടെ വിസ്മയിപ്പിക്കുന്നത്.
ഷീബയുടെ പുതിയ കവിതാ സമാഹാരം ഭൗമഗീതം ഈ മാസം അഞ്ചിന് പ്രകാശനം ചെയ്യും. കവി മുരുകന്‍ കാട്ടാക്കടയാണ് പറവൂരില്‍ നടക്കുന്ന ചടങ്ങില്‍ കവിതാ സമാഹാരം പ്രകാശനം ചെയ്യുന്നത്. 63 ലഘുകവിതകളുടെ സമഹാരമാണ് ഭൗമഗീതം എന്ന പുസ്തകം. സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ ആണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.
ഭാവനയുടെയും ചിന്തകളുടെയും ഭ്രമാത്മക വികാര സഞ്ചാരങ്ങളുടെയും പ്രകൃതി ബിംബങ്ങളുടെയും ത്യാഗത്തിന്റെയും സമര്‍പ്പണങ്ങളുടെയും ആലാപനങ്ങളാല്‍ സമൃദ്ധമാണ് ഭൗമഗീതം. കാവ്യ സംസ്‌കാരത്തിലേക്ക് ധീരമായി ചുവടുവെച്ച് നിര്‍ഭയമായി ഇറങ്ങുന്ന ഒരു നവഗായികയെ ഈ കൃതി വെളിച്ചത്തുകൊണ്ടുവരുന്നു. കവിതയും സംഗീതവും തിളങ്ങി നില്‍ക്കുന്ന ഒന്നാണ് ഭൗമഗീതം. ഭൂരിഭാഗം കവിതകളും ഗദ്യകവിതകളാണെങ്കിലും കുറേയെണ്ണം പദ്യപ്രധാനങ്ങളാണ്.
ഗദ്യകവിതകളിലെല്ലാം കവിതയും സംഗീതവും തുളുമ്പി നില്‍ക്കുന്നു. കവിതകളില്‍ പൊതുവേ സഞ്ചരിക്കുന്ന പ്രഥമവും പ്രധാനവുമായ ഭാവം പ്രണയമാണ്. പ്രപഞ്ചത്തിന്റെ ഓരോ പ്രതിഭാസത്തിലും പ്രണയം കണ്ടെത്തുന്നു ഈ കവിതകള്‍. ആത്മനിഷ്ഠത ഷീബയുടെ കവിതകളുടെ അടിത്തറയാണ്. ആത്മനിഷ്ഠതയില്‍ നിന്നും പ്രപഞ്ച സത്യങ്ങളുടെ പച്ച ജീവനുള്ള അനുഭവങ്ങളിലേക്ക് കടക്കാനും അവ ഇനി വരുന്ന കാവ്യാനുഭവങ്ങള്‍ സഞ്ചയിച്ച് കാവ്യപദത്തില്‍ ശക്തമാക്കാനും കവയിത്രിക്ക് അനന്യ സാധാരണമായ കഴിവുണ്ടെന്ന് തെളിയിക്കുന്നവയാണ് കവിതകള്‍.
പ്രാണന്‍, പ്രണയം, തണല്‍മരം, മഴ, വെയില്‍, കടല്‍, പ്രകൃതി എന്നിങ്ങനെ മധുരമലയാള ഭാഷയിലെ പദങ്ങളും പ്രയോഗങ്ങളും ഈ നവാഗത കവിതകളില്‍ വിന്യസിച്ചിരിക്കുന്നു. മനസ്സിനെ ആര്‍ദ്രമാക്കുന്ന ഒരു അനുഗൃഹീത കവിതാ സൃഷ്ടിയാണ് ഷീബാ രാകേഷിന്റെ ഭൗമഗീതം എന്ന് നിസ്സംശയം പറയാം. ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച്ച നാല് മണിക്ക് പറവൂര്‍ പബ്ലിക് ലൈബ്രറി ഹാളിലാണ് പുസ്തക പ്രകാശനം. ആലപ്പുഴ നാദം ബുക്സാണ് പ്രസാധകര്‍. പറവൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡോക്ടര്‍ എസ്. അജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജേശ്വരി, മുരുകന്‍ കാട്ടാക്കടയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ മാക്കിയില്‍ പുസ്താകവതരണം നിര്‍വഹിക്കും. പറവൂര്‍ പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.വി. രാകേഷ് സ്വാഗതം ആശംസിക്കും. ഗ്രന്ഥകര്‍ത്താവ് അഡ്വ. ഷീബാ രാകേഷ് മറുപടി പ്രസംഗം നടത്തും.