കുമാരനാശാനെ ഈഴവ കവിയായി ചാപ്പ കുത്തുന്നു; ആശാന്‍ കവിതകള്‍ മലയാളി പഠിക്കുവാന്‍ കാരണം മുന്‍ വിദ്യാഭ്യാസ മന്ത്രി മുണ്ടശ്ശേരിയെന്ന് വികലവാദം; പട്ടം താണുപിള്ളയെ അധിക്ഷേപിക്കല്‍; കെ വി മോഹന്‍കുമാറിന്റെ പ്രഭാഷണത്തില്‍ തിളച്ചുമറിയുന്നത് ജാതിബോധമെന്ന വിമര്‍ശനവുമായി അഡ്വ.കെ.വിനോദ് സെന്‍

കെ വി മോഹന്‍കുമാറിന്റെ പ്രഭാഷണത്തില്‍ തിളച്ചുമറിയുന്നത് ജാതിബോധമെന്ന വിമര്‍ശനവുമായി അഡ്വ.കെ.വിനോദ് സെന്‍

Update: 2025-10-29 15:32 GMT

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ വി മോഹന്‍കുമാര്‍ കുമാരനാശാനെ കുറിച്ച് നടത്തിയ പ്രഭാഷണത്തിലെ ഉള്ളടക്കത്തിന് എതിരെ വിമര്‍ശനം. കെപിസിസി വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാനും, തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.കെ.വിനോദ് സെന്‍ ആണ് വിമര്‍ശനം ഉന്നയിക്കുന്നത്.

കുമാരനാശാനെ ഈഴവര്‍ മാത്രം വായിക്കുന്ന കവിയായി കെ വി മോഹന്‍ കുമാര്‍ ചാപ്പ കുത്തുന്നുവെന്നും ജാതിബോധം തിളച്ചുമറിയുകയാണെന്നുമാണ് അഡ്വ.കെ.വിനോദ് സെന്നിന്റെ മുഖ്യ വിമര്‍ശനം.

ആശാന്‍ കവിതകള്‍ മലയാളി പഠിക്കുവാന്‍ കാരണം ഐക്യകേരള രൂപീകരണത്തിന് ശേഷം കേവലം രണ്ട് വര്‍ഷക്കാലം വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മുണ്ടശ്ശേരിയെന്ന വാദത്തെയും വിനോദ് സെന്‍ ഖണ്ഡിക്കുന്നു. എഴുത്തുകാരന്റെ അഭിപ്രായപ്രകാരമുള്ള മുണ്ടശ്ശേരിയുടെ ആശാന്‍ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കുറിച്ചു.

കുമാരനാശാനെ അധിക്ഷേപിച്ച അതേ നാവ് കൊണ്ട് കെ വി മോഹന്‍കുമാര്‍ മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയെയും അധിക്ഷേപിക്കുന്നുവെന്നാണ് മൂന്നാമത്തെ ആരോപണം. 'കേരള ലളിതകലാ അക്കാഡമിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട നിയമസഭാ ചര്‍ച്ചകളില്‍ പട്ടം താണുപിള്ള ഉയര്‍ത്തിയ വിയോജിപ്പിനെ ദ്വന്ദ്വ സമാസപ്രയോഗത്തിലൂടെ മുണ്ടശ്ശേരി മറികടന്നു എന്നാണ് പ്രതിഭാധനനായ പ്രഭാഷകന്‍ പറയുന്നത്. അക്കാഡമിയുടെ മഹത്വമറിയാത്ത മലയാളവ്യാകരണമറിയാത്ത മന്ദബുദ്ധിയായ രാഷ്ട്രീയക്കാരനായി പട്ടത്തെയും അറിവും വിവേകവുമുള്ള മന്ത്രിയായി മുണ്ടശ്ശേരിയെയും കൗശലപൂര്‍വ്വം അവതരിപ്പിക്കുകയാണ് അടുത്തൂണ്‍ പറ്റിയ ഐ.എ. എസ്സുകാരന്‍.'

'സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വാഴ്ത്തുപാട്ടുകാരായി നികേഷ് കുമാറിനാല്‍ നിയോഗിക്കപ്പെട്ട കൂലി പടയാളികളില്‍. ഒരാള്‍ ആണോ മോഹന്‍ കുമാര്‍ എന്ന സംശയവും ബലപ്പെടുകയാണ്. പുതിയ പദവികള്‍ക്കായി പുതിയ ചരിത്രം രചിക്കുന്ന സാറിനിനിയും പദവികള്‍ ലഭ്യമാകട്ടെ എന്ന് മാത്രമാണ് ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥന.'- അഡ്വ.കെ.വിനോദ് സെന്‍ കുറിച്ചു.

അഡ്വ.കെ.വിനോദ് സെന്‍ കുറിപ്പിന്റെ പൂര്‍ണരൂപം:

സാറിനിനിയും പദവികള്‍ ലഭ്യമാകട്ടെ...

ഇങ്ങനെയല്ല കെ.വി. മോഹന്‍ കുമാറിന്റെ പണ്ഡിതോചിത പ്രഭാഷണത്തെക്കുറിച്ചുള്ള കുറിപ്പിന് തലവാചകം എഴുതേണ്ടത്. അല്‍പ്പന് പദവികള്‍ വന്നാല്‍ അബദ്ധങ്ങള്‍ പതിവാകും എന്നാണ്. അത്രമേല്‍ വങ്കത്തരമാണ് ബിജുമോഹന്‍ സംപ്രേഷണം ചെയ്ത കെവി.മോഹന്‍കുമാറിന്റെ കുമാരനാശാനെക്കുറിച്ചുള്ള പ്രഭാഷണത്തില്‍ അദ്ദേഹം നടത്തിയത്.

തുടക്കത്തില്‍ തന്നെ കുമാരനാശാനെ ഈഴവരാല്‍ മാത്രം വായിക്കപ്പെടുന്ന കവിയായി മുന്‍ ഐ എ എസ്സുകാരന്‍ കൂടിയായ എഴുത്തുകാരന്‍ ചാപ്പകുത്തുകയാണ്. ഇപ്പോഴും എപ്പോഴും ഇവരുടെയൊക്കെ ഉളളില്‍ ജാതി ബോധം തിളച്ചുമറിയുകയാണ്. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ... എന്നെഴുതിയ കുമാരനാശാനെയാണ് നോവലിസ്റ്റ് ഈഴവര്‍ മാത്രം വായിച്ചിരുന്ന കവിയായി വിശേഷിപ്പിച്ചത്. പുരോഗമന നവോത്ഥാന വാദികളുടെ ഉള്ളില്‍ ജാതി മാത്രമാണ് അവശേഷിക്കുന്നതെന്ന് നോവലിസ്റ്റ് വാക്കുകളിലൂടെ വ്യക്തമാക്കുന്നു.

ഏത് ബോധത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് അക്കാലത്തു ഈഴവര്‍ക്കിടയില്‍ മാത്രമാണ് കുമാരനാശാന്‍ അറിയപ്പെട്ടിരുന്നത് എന്ന് മോഹന്‍ കുമാര്‍ പറയുന്നത്. ആശാന്‍ എപ്പോഴെങ്കിലും അപ്രകാരം സങ്കടം പറഞ്ഞിട്ടുണ്ടോ? അതോ ഈഴവര്‍ മാത്രം തന്റെ കവിതകള്‍ വായിച്ചാല്‍ മതി എന്ന് അദ്ദേഹം അക്കാലത്ത് കല്‍പ്പിച്ചിരുന്നോ? അപ്രശസ്തനായ, ഈഴവരാല്‍ മാത്രം വായിക്കപ്പെട്ടിരുന്ന കവിയായി ആശയ ഗംഭീരനായ ആശാനെ നിഷ്‌കളങ്കമായി അവതരിപ്പിക്കാന്‍ ജാതിവാദിയായ നോവലിസ്റ്റിനെ പ്രേരിപ്പിച്ച ചിന്തയെന്താണെന്നു ഐ എ എസ് പ്രഭൃതി തന്നെ വ്യക്തമാക്കണം.

പത്രപ്രവര്‍ത്തകനായിരുന്ന നോവലെഴുത്തുകാരന്റെ അടുത്ത വാദം അബദ്ധജഡിലവും അതിശയോക്തിപരവുമാണ്. ആശാന്‍ കവിതകള്‍ മലയാളി പഠിക്കുവാന്‍ കാരണം ഐക്യകേരള രൂപീകരണത്തിന് ശേഷം കേവലം രണ്ട് വര്‍ഷക്കാലം വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മുണ്ടശ്ശേരിയെന്നാണ് പണ്ഡിതന്റെ വാദമുഖം. ഗ്‌ളോറി എന്ന ഗര്‍ഭിണിയെ അടക്കം വെടി വച്ച് കൊന്നതിന്റെ പാപക്കറ പതിഞ്ഞ ഭരണകൂട ഭീകരതയാണ് കേരളത്തിന്റെ സ്രഷ്ടാക്കള്‍ എന്ന പരമ്പരാഗത സി പി എം വാദവുമായി കൂട്ടിച്ചേര്‍ത്തു വേണം പ്രഭാഷകന്റെ വാദത്തെ വിലയിരുത്തുവാന്‍.

എന്ത് നന്‍മ എവിടെ നടന്നാലും 'അതും ഞമ്മളാ'' എന്ന് കടുപ്പിച്ച് പറയുന്ന എട്ടുകാലി മമ്മൂത്ത് സിന്‍ഡ്രോം പിടികൂടിയിട്ടുള്ളവരെല്ലാം ഉയര്‍ത്തുന്ന വാദത്തിന്റെ തുടര്‍ച്ചയുമാണ് മോഹന്‍ കുമാറും പ്രകടിപ്പിച്ചിരിക്കുന്നത്. ഇത് കേട്ടാല്‍ തോന്നുക മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായതിന് ശേഷമാണ് തിരുവിതാംകൂറും തിരുകൊച്ചിയും മലബാറും ഉള്‍പ്പെട്ട ഭൂപ്രദേശങ്ങളില്‍ പള്ളിക്കൂടവും പാഠപുസ്തകവും ഉണ്ടായതെന്ന്.

കേരള രൂപീകരണത്തിന് മുന്നേയുള്ള പാഠപുസ്തകങ്ങളില്‍ കുമാരനാശാന്റെ കവിതകള്‍ക്ക് വിലക്കുള്ളതായി നമുക്കാര്‍ക്കുമറിയില്ല. കേരള ചരിത്രത്തില്‍ ആദ്യമായി മുണ്ടശ്ശേരിക്കാലത്താണ് ആശാന്‍ കവിതകള്‍ പഠിപ്പിച്ചു തുടങ്ങിയതെന്ന വിചിത്ര ചിന്തയാണ് വയലാര്‍ അവാര്‍ഡ് ജേതാവ് മുന്നോട്ട് വയ്ക്കുന്നത്. മോഹന്‍ കുമാറിന്റെ ഭാഷ്യത്തില്‍ അപ്രശസ്തമായിരുന്ന ആശാന്‍ കവിതകള്‍ക്ക് ശാപമോക്ഷം നല്‍കി പ്രശസ്തമാക്കിയത് വിദ്യാഭ്യാസമന്ത്രി ആയിരുന്ന മുണ്ടശ്ശേരിയാണ്.

പക്ഷെ മുണ്ടശ്ശേരി രണ്ട് വര്‍ഷം മാത്രമാണ് മന്ത്രി ആയിരുന്നത്. അദ്ദേഹം മന്ത്രി ആകുന്നതിന് മുന്നും പിന്നുമായി കൂടുതല്‍ കാലം കേരളം ഭരിച്ചവരാരും ആശാന്‍ കവിതകളെ തഴഞ്ഞിട്ടില്ല. രാജഭരണ കാലത്തും ജനാധിപത്യകാലത്തും ആശാന്‍ കവിതകള്‍ പാഠപുസ്തകങ്ങളിലുണ്ട്. അത് ഒരു മുണ്ടശേരിയുടെയും ഉത്കൃഷ്ട കണ്ടെത്തല്‍ ആയല്ല. മലയാള കവിതയിലെ സൂര്യ തേജസ്സായ ആശാന്‍ കവിതകളെ പഠിക്കാതെ പഠനം പൂര്‍ണ്ണമാകില്ല എന്നതിനാലാണ്.

എഴുത്തുകാരന്റെ അഭിപ്രായപ്രകാരമുള്ള മുണ്ടശ്ശേരിയുടെ ആശാന്‍ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണ്. മന്ത്രിയല്ല പാഠപുസ്തകത്തിലെ കഥയും കവിതയും ലേഖനവും തീരുമാനിക്കുന്നത്. അതത് കാലത്തെ പാഠപുസ്തക സമിതിയാണ് പുസ്തകത്തിലെ ഉള്ളടക്കം തീരുമാനിക്കുന്നത്. ഞങ്ങളുടെ പരിമിതമായ അറിവില്‍ മന്ത്രിമാര്‍ പാഠപുസ്തക സമിതിയില്‍ പങ്കെടുക്കാറില്ല.

അന്‍പത്തിയേഴിലെ മന്ത്രിസഭാ കാലത്ത് മുണ്ടശ്ശേരി മന്ത്രി നേരിട്ട് ഉള്ളടക്കം തീരുമാനിച്ചതിന് എന്തെങ്കിലും തെളിവുണ്ടോ? വായില്‍ തോന്നുന്നതെല്ലാം ചരിത്രമാണെന്ന രീതിയില്‍ അവതരിപ്പിച്ച് സ്ഥാപിച്ചെടുക്കുന്നതിന് ദിവസക്കൂലിയും മാസക്കൂലിയുമല്ലെന്നും പദവിക്കൂലിയാണെന്നും മാലോകര്‍ക്കെല്ലാമറിയാം. കുമാരനാശാനെ അധിക്ഷേപിച്ച അതേ നാവ് കൊണ്ട് മുന്‍ ഐ എ എസ്സുകാരന്‍ അടുത്തതായി അധിക്ഷേപിക്കുന്നത് മഹാനായ മുഖ്യമന്ത്രി പട്ടം താണുപിള്ളയെയാണ്.

കേരള ലളിതകലാ അക്കാഡമിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട നിയമസഭാ ചര്‍ച്ചകളില്‍ പട്ടം താണുപിള്ള ഉയര്‍ത്തിയ വിയോജിപ്പിനെ ദ്വന്ദ്വ സമാസപ്രയോഗത്തിലൂടെ മുണ്ടശ്ശേരി മറികടന്നു എന്നാണ് പ്രതിഭാധനനായ പ്രഭാഷകന്‍ പറയുന്നത്. അക്കാഡമിയുടെ മഹത്വമറിയാത്ത മലയാളവ്യാകരണമറിയാത്ത മന്ദബുദ്ധിയായ രാഷ്ട്രീയക്കാരനായി പട്ടത്തെയും അറിവും വിവേകവുമുള്ള മന്ത്രിയായി മുണ്ടശ്ശേരിയെയും കൗശലപൂര്‍വ്വം അവതരിപ്പിക്കുകയാണ് അടുത്തൂണ്‍ പറ്റിയ ഐ.എ. എസ്സുകാരന്‍.

നിയമ ബിരുദധാരിയും അധ്യാപകനും അറിയപ്പെടുന്ന അഭിഭാഷകനും ഭരണഘടനാ സമിതി അംഗവും ഗവര്‍ണറും മുഖ്യമന്ത്രിയും ആയിരുന്ന പട്ടത്തെയാണ് ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ പദവികളും ഐഎഎസ് പട്ടവും ലഭിച്ച മോഹന്‍ കുമാര്‍ അധിക്ഷേപിക്കുന്നത്.മുണ്ടശ്ശേരിയെ മഹാനാക്കുന്നതിന് എന്തിനാണ് മഹാകവിയെയും മുന്‍മുഖ്യമന്ത്രിയെയും അകാരണമായി ഇകഴ്ത്തുന്നതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.

ഏറ്റവും കൗതുകകരമായ വസ്തുത മുണ്ടശ്ശേരിയുടെ കാലത്തെ പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോ ആയിരുന്നു എന്നതാണ്.

ഇത്തരത്തില്‍ അബദ്ധ ജഡിലമായ അധരവ്യായാമം ഇദ്ദേഹം നടത്തിയത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വാഴ്ത്തുപാട്ടുകാരായി നികേഷ് കുമാറിനാല്‍ നിയോഗിക്കപ്പെട്ട കൂലി പടയാളികളില്‍. ഒരാള്‍ ആണോ മോഹന്‍ കുമാര്‍ എന്ന സംശയവും ബലപ്പെടുകയാണ്.

പുതിയ പദവികള്‍ക്കായി പുതിയ ചരിത്രം രചിക്കുന്ന സാറിനിനിയും പദവികള്‍ ലഭ്യമാകട്ടെ എന്ന് മാത്രമാണ് ഞങ്ങളുടെയൊക്കെ പ്രാര്‍ത്ഥന. കഴിയുമെങ്കില്‍ ജാതി പറച്ചില്‍ നിര്‍ത്തൂ. നിങ്ങള്‍ക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ ആകാത്തത്രയും ഉയരത്തില്‍ കാവ്യശോഭയുടെ പൂര്‍ണതയില്‍ വിരാജിക്കുന്ന ആശാനെതിരെയുള്ള അവഹേളനം അവസാനിപ്പിക്കൂ...

വിനോദ് സെന്‍

Full View

പത്രപ്രവര്‍ത്തകനായിട്ടാണ് കെ വി മോഹന്‍കുമാറിന്റെ ഔദ്യാഗികജീവിതത്തിനു തുടക്കം. തുടര്‍ന്ന് സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. ശാദ്ധശേഷം, ഹേ രാമാ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, ഉഷ്ണരാശി, പ്രണയത്തിന്റെ മൂന്നാംകണ്ണ് എടയാക്കുടി പ്രണയരേഖകള്‍ (നോവലുകള്‍), ഭൂമിയുടെ അനുപാതം, ക്നാവല്ലയിലെ കുതിരകള്‍, അളിവേണി എന്തു ചെയ്വൂ, അകം കാഴ്ചകള്‍ (കഥകള്‍), അലിഗയിലെ കലാപം (നോവലെറ്റുകള്‍), അപ്പൂപ്പന്‍മരവും ആകാശപ്പൂക്കളും (ബാലസാഹിത്യം), ജീവന്റെ അവസാനത്തെ ഇല (സ്മരണ) തുടങ്ങിയവയാണ് കൃതികള്‍.

Tags:    

Similar News