അബ്ദുല്‍ റഹീം തന്റെ കീഴില്‍ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോണ്‍സര്‍ പരാതി നല്‍കിയത് ഊരാക്കുടുക്ക്; സാമ്പത്തിക ബാധ്യതകളും 'ഇഖാമ' പുതുക്കാത്തതും സ്‌പോണ്‍സറുമായുള്ള തര്‍ക്കങ്ങളും വെല്ലുവിളി; എല്ലാം തകര്‍ന്ന റഹീം; അഫാന്റെ അച്ഛന് സൗദിയില്‍ നിന്ന് ഉടന്‍ മടക്കം അസാധ്യം
ദമാം: വെഞ്ഞാറമൂടിലെ കൂട്ടക്കൊലയിലെ പ്രതിയായ അഫാന്റെ പിതാവ് അബ്ദുല്‍ റഹീം ഉടന്‍ നാട്ടിലെത്തില്ല. 25 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന റഹിം ഇപ്പോഴുള്ളത് ദമാമിലാണ്. ഏഴുവര്‍ഷമായി നാട്ടില്‍ വരാറില്ല. സാമ്പത്തിക ബാധ്യതകളും 'ഇഖാമ' പുതുക്കാത്തതും സ്‌പോണ്‍സറുമായുള്ള തര്‍ക്കങ്ങളും കാരണം ദമാമില്‍ കുടുങ്ങിക്കിടക്കുകയാണ് ഈ പ്രവാസി. കോവിഡ് കാലത്താണ് പ്രശ്‌നം തുടങ്ങുന്നത്. അതിവേഗം റഹീമിന് നാട്ടിലേക്ക് മടങ്ങുക അസാധ്യമാണ്. ഇതിനിടെയിലും മലയാളി സംഘടനകള്‍ പ്രതീക്ഷയോട് റഹീമിനെ വീട്ടിലേക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ നീക്കുകയാണ്.
അബ്ദുല്‍ റഹീം തന്റെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോണ്‍സര്‍ പരാതി നല്‍കിയതിനാല്‍ നിയമക്കുരുക്കിലുമായി. ഇതോടെ നാട്ടിലേക്കെത്താനുള്ള വാതിലുകള്‍ അടഞ്ഞിരിക്കുകയാണ്. 25 വര്‍ഷമായി റിയാദിലായിരുന്നു അബ്ദുല്‍ റഹീം. ഷിഫയിലെ മഅ്‌റളിനടുത്ത് വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കട നടത്തിവരികയായിരുന്നു. കോവിഡ് കാലത്ത് കട നഷ്ടത്തിലായതോടെ സാമ്പത്തികബാധ്യതയേറി. ഒന്നരമാസം മുമ്പ് ദമാമിലേക്കെത്തി. സ്‌പോണ്‍സറുടെ പരാതിയില്‍ നിന്നും നിയമപരമായി രക്ഷപ്പെടാനായിരുന്നു ഇത്. അതിനിടെയാണ് മകന്റെ ക്രൂരത എത്തിയത്. പെറ്റമ്മയേയും ഇളയമകനേയും സഹോദരനേയും സഹോദരി ഭാര്യയേയും അടക്കമുള്ള ഉറ്റവരെ റഹിമിന് നഷ്ടമായി. ഭാര്യ ആക്രമത്തെ അതിജീവിച്ച് ആശുപത്രിയിലുമാണ്.
സാമ്പത്തികദുരിതത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജീവിതം തകര്‍ക്കുന്ന വാര്‍ത്തയറിഞ്ഞ അബ്ദുറഹീം തകര്‍ന്നിരിക്കുകയാണെന്ന് ദമാമിലെ സുഹൃത്തുക്കള്‍ പറയുന്നു. നാട്ടിലേക്ക് വരാന്‍ ശ്രമം നടത്തുന്നതായും വീസ കാലാവധി തീര്‍ന്നതിനാലാണ് വരാന്‍ കഴിയാത്തതെന്നും റഹിം പറഞ്ഞു. ദമാമില്‍ ജോലി ചെയ്യുന്ന റഹിമിനു നിയമക്കുരുക്കില്‍പെട്ടതിനാല്‍ നാട്ടിലെത്താന്‍ കഴിയുന്നില്ല. പിതാവിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ബന്ധുക്കളെ സമീപിച്ചിട്ടു സഹായിക്കാത്തതുകൊണ്ടാണു കൂട്ടക്കൊല നടത്തിയതെന്നായിരുന്നു അഫാന്റെ മൊഴി.
'തിങ്കളാഴ്ച വൈകിട്ടു നാലോടെ സഹോദരി വിളിച്ച് ഉമ്മയുടെ മരണവിവരം പറഞ്ഞു. കൊലപാതകമെന്ന കാര്യം അപ്പോള്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഗള്‍ഫിലുള്ള ഒരു സുഹൃത്ത് വിളിച്ചു ഭാര്യയ്ക്കും മകനും എന്തോ അപകടം സംഭവിച്ചെന്നു പറഞ്ഞു. തുടര്‍ന്നു നാട്ടില്‍ ബന്ധുക്കളെ വിളിച്ചപ്പോഴാണു കാര്യങ്ങളറിഞ്ഞത്, അഫാനെ പറ്റി ആര്‍ക്കും മോശം അഭിപ്രായമില്ലായിരുന്നു. മാനസികമായ പ്രശ്‌നങ്ങളോ, അമിതദേഷ്യമോ ഉണ്ടായിരുന്നില്ല. വലിയ ഒച്ചയും ബഹളവുമില്ലാത്ത ഒരാള്‍. അവന്‍ ലഹരി ഉപയോഗിച്ചെന്നൊക്കെയാണ് ഇപ്പോള്‍ നാട്ടില്‍നിന്നു കേള്‍ക്കുന്നത്. എന്റെ അറിവില്‍ ലഹരി ഉപയോഗിച്ചിട്ടില്ല. അവന് എന്തോ സംഭവിച്ചു. എന്താണെന്ന് എനിക്കറിയില്ല' റഹീം പറയുന്നു.
കോവിഡ് കാലത്തോടെയാണ് അബ്ദുല്‍ റഹീമിന്റെ കഷ്ട്ട കാലത്തിനു തുടക്കമാകുന്നത്. ഇരുപത്തി അഞ്ചു വര്‍ഷത്തെ സൗദി പ്രവാസത്തിനിടയില്‍ കുടുതലും തലസ്ഥാനമായ റിയാദിലായിരുന്നു അബ്ദുല്‍ റഹീം. പ്രതിസന്ധിയെ തുടര്‍ന്ന് ഭാര്യയേയും മക്കളേയും സന്ദര്‍ശകവിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. തന്റെ മകന്‍ അഫാന്‍ ഇങ്ങിനെ ചെയ്യുമെന്ന് അബ്ദുല്‍ റഹീമിനു വിശ്വസിക്കാനാകുന്നില്ല. രണ്ട് ദിവസം മുന്‍പ് നാട്ടിലേക്കു വിളിച്ചപ്പോള്‍ പ്രശ്‌നങ്ങളുള്ളതായി സൂചനയൊന്നും ലഭിച്ചില്ലെന്നും അബ്ദുല്‍ റഹീം പറഞ്ഞു. ആറ് മാസത്തെ സന്ദര്‍ശക വിസയിലായിരുന്നു അഫാനടക്കം കുടുംബം സൗദിയില്‍ വന്നിരുന്നത്. സന്തോഷത്തോടെയാണ് തിരിച്ചു പോയതും.
തന്റെ കട ബാധ്യതകള്‍ വീടും പുരയിടവും വിറ്റ് തീര്‍ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കയായിരുന്നു. അത്തരം വിഷയങ്ങളിലും കുടുംബത്തിലെ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്നും റഹീം പറയുന്നു.