ഊരാളുങ്കലിനെ രക്ഷിക്കാന്‍ ഓഡിറ്ററെ കുറ്റപ്പെടുത്തുന്ന സൈബര്‍ ക്യാപ്സ്യൂളുകള്‍ സജീവം; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നാല്‍ ഊരാളുങ്കലും ദേവസ്വം ബോര്‍ഡും ഒരുപോലെ പ്രതിക്കൂട്ടിലാകും; അന്വേഷണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ അണിയറയില്‍ കളികള്‍ സജീവം; ആഗോള അയ്യപ്പ സംഗമം വെട്ടിപ്പിന്റെ വേദിയായോ?

Update: 2026-02-15 02:18 GMT

പത്തനംതിട്ട: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന കോടികളുടെ അഴിമതിയില്‍ പിണറായി സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായി. ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഗുരുതരമായ പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെ, കടുത്ത അതൃപ്തിയിലായ ഓഡിറ്റര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി കണക്കുകള്‍ വെള്ളപൂശാന്‍ സജീവമായ ഒത്തുതീര്‍പ്പ് ശ്രമങ്ങളാണ് നടക്കുന്നത്. തനിക്ക് ദേവസ്വം ബോര്‍ഡ് നല്‍കിയ ഔദ്യോഗിക കണക്കുകള്‍ വച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഓഡിറ്റര്‍ ഉറപ്പിച്ചു പറയുമ്പോള്‍, പിശകുകള്‍ ഊരാളുങ്കലിന് കീഴിലെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റേതാണെന്ന് വരുത്തിതീര്‍ത്ത് രക്ഷപ്പെടാനാണ് സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും നീക്കം.

ടെന്‍ഡറില്ലാതെ പത്തു ശതമാനം അധിക തുകയ്ക്കാണ് ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്ക് കരാര്‍ നല്‍കിയത്. ഒന്നര മണിക്കൂര്‍ പരിപാടിക്ക് എട്ടു ലക്ഷം രൂപ നല്‍കിയതിലെ അസ്വാഭാവികത ഓഡിറ്റര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പേര് മാറിപ്പോയെന്ന വിചിത്ര വാദവുമായാണ് ബോര്‍ഡ് രംഗത്തെത്തിയത്. നന്ദഗോവിന്ദം ഭജന്‍സിന് പകരം ഇഷാന്‍ ദേവിനാണ് പണം നല്‍കിയതത്രേ. ജിഎസ്ടി ബില്ലുകള്‍ പോലുമില്ലാത്ത ഈ ഇടപാടുകള്‍ വഴി ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും ശരിവയ്ക്കുന്നു.

മുഖ്യമന്ത്രിക്ക് വേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടില്‍ വാങ്ങിയതിനെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ മറവില്‍ ന്യായീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിലും ദുരൂഹമാണ് 50 ലക്ഷം രൂപയുടെ ഉപഹാര കിറ്റ് വിതരണം. വെറും അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത പരിപാടിയില്‍ അയ്യായിരം പേര്‍ക്ക് കിറ്റ് നല്‍കിയെന്ന് കണക്കെഴുതിയത് വന്‍ കൊള്ളയാണ്. സൗജന്യമായി ലഭിച്ച അരവണയും അപ്പവും കിറ്റില്‍ വച്ച് ഓരോന്നിനും ആയിരം രൂപയോളം ഈടാക്കി ഭക്തരുടെ പണം നേതാക്കളുടെ ബിനാമികള്‍ തട്ടിയെടുത്തു. ബാക്കി വന്ന കിറ്റുകള്‍ തമിഴ്നാട്ടിലെ ആളൊഴിഞ്ഞ പറമ്പില്‍ തള്ളിയെന്ന ആക്ഷേപം അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു.

ശബരിമലയിലെ ഓരോ ചില്ലിക്കാശിലും ഓഡിറ്റ് വേണമെന്ന് വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഈ കൊള്ളയ്ക്ക് മുന്നില്‍ ഇനി സ്ത്രീ സുരക്ഷാ വാദമെന്നോ സുതാര്യതയെന്നോ ഉന്നയിക്കാന്‍ കഴിയില്ല. സ്‌പോണ്‍സര്‍ഷിപ്പ് തുകയായ രണ്ട് കോടി രൂപയുടെ കണക്കുകള്‍ പോലും അവ്യക്തമാണ്. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള ധൃതിയിലാണ് പിശകുകള്‍ ഉണ്ടായതെന്ന ബോര്‍ഡിന്റെ കുറ്റസമ്മതം അഴിമതി മറയ്ക്കാനുള്ള തന്ത്രം മാത്രമാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നാല്‍ ഊരാളുങ്കലും ദേവസ്വം ബോര്‍ഡും ഒരുപോലെ പ്രതിക്കൂട്ടിലാകും. വിജിലന്‍സ് കേസ് ഒഴിവാക്കാനാണ് നീക്കം. ഇതിനുള്ള അണിയറ നീക്കമാണ് നടക്കുന്നത്.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ഓഡിറ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും സര്‍ക്കാരിനും സിപിഎമ്മിനും വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ശബരിമലയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിച്ചു നില്‍ക്കുന്നതിനിടെ പുതിയ വിവാദം ഉയര്‍ന്നത് വന്‍ രാഷ്ട്രീയ നഷ്ടമുണ്ടാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ കാരണമായതെന്ന് സര്‍ക്കാര്‍ കരുതുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അതൃപ്തി അറിയിച്ചതായാണ് വിവരം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബോര്‍ഡ് രംഗത്തെത്തിയത്. പരിപാടിയുടെ കണക്കുകളില്‍ വ്യക്തത വരുത്താനും വിവാദം എങ്ങനെയെങ്കിലും തണുപ്പിക്കാനുമുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ മാസം 17-ന് ചേരുന്ന ബോര്‍ഡ് യോഗം വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.

Similar News