സെക്രട്ടറിയേറ്റില്‍ എഐ ഭരിക്കുന്ന കാലം വരുന്നു! ഭരണകാര്യങ്ങളില്‍ സഹായിക്കാനായി നിര്‍മിത ബുദ്ധിയെ കൂട്ടുപിടിക്കാന്‍ സര്‍ക്കാറിന്റെ പച്ചക്കൊടി; എഐ ടൂളുകള്‍ പണം നല്‍കി വാങ്ങും; സാങ്കേിക വിദ്യ ഒരുക്കുക ഐടി മിഷന്‍; എഐ ഉപയോഗ രീതികള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്താന്‍ മീര്‍ മുഹമ്മദലിക്ക് ചുമതല
സെക്രട്ടറിയേറ്റില്‍ എഐ ഭരിക്കുന്ന കാലം വരുന്നു!
തിരുവനന്തപുരം: സംസ്ഥാനത്തെ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതും ഭരണ സ്തംഭനം ഉണ്ടാകുന്നതും പതിവ് പരിപാടിയായി മറിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധങ്ങളും സംസ്ഥാനത്ത് ഉടലെടുത്തിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് ഭരണനിര്‍വഹണത്തിനായി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഫയലുകള്‍ സൃഷ്ടിക്കുന്നതടക്കമുള്ള ഭരണകാര്യങ്ങളില്‍ സഹായിക്കാനായി നിര്‍മിത ബുദ്ധിയെ കൂട്ടുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രാരംഭ പഠനത്തിനായി നേരത്തേ രൂപീകരിച്ച കെഎഐ വെര്‍ച്വല്‍ ടാസ്‌ക് ഫോഴ്‌സ് പച്ചക്കൊടി കാട്ടിയതോടെയാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ (എഐ) ഭരണപ്രക്രിയയുടെ ഭാഗമാക്കാനുള്ള തീരുമാനമെന്ന് മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്തു.
സര്‍ക്കാരിന്റെ വിവരങ്ങള്‍ (ഡേറ്റ) ചോരാതിരിക്കാന്‍ കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമായ എഐ ടൂളുകള്‍ പണം നല്‍കി വാങ്ങിയാകും ഉപയോഗിക്കുക. ഭരണരംഗത്ത് 150 എഐ ഉപയോഗങ്ങള്‍ ഫലപ്രദമാണെന്നു വിവിധ ശില്‍പശാലകളിലൂടെ ടാസ്‌ക്‌ഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. 20 വിവിധ ആപ്ലിക്കേഷനുകള്‍ ഇവയ്ക്കായി ഉപയോഗിക്കേണ്ടി വരും.
വന്‍കിട സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന എന്റര്‍പ്രൈസ് സബ്‌സ്‌ക്രിപ്ഷനിലൂടെ എഐ ടൂളുകള്‍ വാങ്ങാനാണു ധാരണ. ഇതിനായി ഐടി മിഷന്‍ ധനവകുപ്പിനു നിര്‍ദേശം സമര്‍പ്പിക്കും. ആദ്യഘട്ടത്തില്‍ എല്ലാ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും വിവിധ വകുപ്പുകളിലെ തിരഞ്ഞെടുത്ത മറ്റ് ഉദ്യോഗസ്ഥര്‍ക്കും എഐ ഉപയോഗിക്കാം. ഇവരുടെ വിലയിരുത്തല്‍കൂടി ലഭിച്ചശേഷം എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൈമാറും.
എഐ ഉപയോഗിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി കേരള ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വെര്‍ച്വല്‍ കേഡറും രൂപീകരിക്കും. ഐടി മിഷനാണ് എല്ലാ സാങ്കേതിക സൗകര്യങ്ങളും ഒരുക്കുക. എഐയുടെ ഉപയോഗരീതികള്‍ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദധാരിയും ഊര്‍ജ സെക്രട്ടറിയുമായ മീര്‍ മുഹമ്മദലിയെ ചുമതലപ്പെടുത്തി.
എഐ ഉപയോഗിച്ച് ഫയലുകളും മറ്റു രേഖകളും തയാറാക്കുമ്പോള്‍ സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിക്കുന്ന ചില വിവരങ്ങള്‍ പുറത്തേക്കു പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍, എഐ മോഡലുകളുടെ പരിശീലനത്തിനായി സര്‍ക്കാര്‍ ഡേറ്റ ഉപയോഗിക്കരുതെന്ന കര്‍ശന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാകണം സബ്‌സ്‌ക്രിപ്ഷനെന്ന് ഐടി മിഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയ എഐ ടൂളുകള്‍ വ്യാപകമാക്കുന്നതിനെതിരെ എതിര്‍പ്പുയരാനും സാധ്യത കൂടുതലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത് അടുത്തിടെയാണ്.
അംഗീകൃത എഐ ടൂളുകളേ ഉപയോഗിക്കാവൂ. എഐ ടൂളുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കണം. അംഗീകൃത എഐ ടൂളുകളുടെ കാര്യത്തലില്‍ അപാകം ശ്രദ്ധയില്‍പ്പെട്ടാല്‍ ഹൈക്കോടതിയുടെ ഐടി വിഭാഗത്തെ അറിയിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഏതെല്ലാം എഐ ടൂളുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവുകള്‍ എഴുതാനും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുമൊക്കെ എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്. എഐ ടൂളുകള്‍ ഉപയോഗിക്കുന്ന എല്ലാ ഘട്ടത്തിലും മേല്‍നോട്ടമുണ്ടാകണം. എഐ ടൂളുകള്‍ ഉപയോഗിക്കുമ്പോഴും തെറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതവേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എഐ ടൂളുകള്‍ പലകാര്യങ്ങളിലും സഹായകരമാണെങ്കിലും നിയന്ത്രണമില്ലാത്ത ഉപയോഗം സ്വകാര്യതയെയും ഡേറ്റയുടെ സുരക്ഷയെയുമൊക്കെ ബാധിക്കും എന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമാനമായ വിധത്തില്‍ എഐയുടെ ഉപയോഗം സംസ്ഥാനത്തെ ഭരണകാര്യത്തിലേക്ക് എത്തുമ്പോല്‍ എന്തു സംഭവിക്കുമെനന് കണ്ടറിയേണ്ടി വരും.