ലോക്കിങ് സംവിധാനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല; ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് എയര്‍ ഇന്ത്യ; ഡിജിസിഎയുടെ നിര്‍ദേശ പ്രകാരമുള്ള മുന്‍കരുതല്‍ പരിശോധനയില്‍ അമേരിക്കന്‍ വ്യോമയാന കമ്പനിക്ക് അനുകൂലമായി റിപ്പോര്‍ട്ട്; അഹമ്മദാബാദ് വിമാനാപകടം വീണ്ടും ചര്‍ച്ചയില്‍

ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് എയര്‍ ഇന്ത്യ

Update: 2025-07-22 10:01 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശപ്രകാരം കൈവശമുള്ള ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളില്‍ നടത്തിയ മുന്‍കരുതല്‍ പരിശോധനയില്‍ അമേരിക്കന്‍ വ്യോമയാന കമ്പനിക്ക് അനുകൂലമായി റിപ്പോര്‍ട്ട്. ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ (FCS) ലോക്കിംഗ് സംവിധാനങ്ങളില്‍ നടത്തിയ മുന്‍കരുതല്‍ പരിശോധനയില്‍ ഒരു വിമാനത്തിലും യാതൊരു സാങ്കേതിക പ്രശ്‌നങ്ങളും കണ്ടെത്താനായില്ലെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകള്‍ക്ക് തകരാറില്ലെന്നാണ് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചത്. അഹമ്മദബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്‍കരുതല്‍ പരിശോധന. എയര്‍ ഇന്ത്യയും എയര്‍ലൈനിന്റെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഡിജിസിഎ നിര്‍ദേശം പാലിച്ചതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

'കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനിയില്‍ ലോക്കിങ് സംവിധാനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. ജൂലൈ 12 ന് എയര്‍ ഇന്ത്യ സ്വമേധയാ പരിശോധനകള്‍ ആരംഭിക്കുകയും ഡിജിസിഎ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ അവ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇക്കാര്യം റെഗുലേറ്ററെ അറിയിച്ചിട്ടുണ്ട്,' പ്രസ്താവനയില്‍ പറയുന്നു.

ജൂലൈ 21-നകം എല്ലാ ബോയിങ് വിമാനങ്ങളിലെയും പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണണമെന്നായിരുന്നു ഡിജിസിഎ നിര്‍ദേശം. അഹമ്മദാബാദ് വിമാനാപകടത്തിലെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഡിജിസിഎ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂണ്‍ 12-ന് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണതാണ് ഇത്തരമൊരു പരിശോധനയ്ക്ക് വഴിയൊരുക്കിയത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ AI 171 വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകരുകയും, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും വിമാനം തകര്‍ന്നുവീണ കെട്ടിടത്തിലുണ്ടായിരുന്ന ഏതാനും പേരും മരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (AAIB) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതാണ് അപകടത്തിന് കാരണമായത്. ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ 'RUN' എന്നതില്‍ നിന്ന് 'CUTOFF' സ്ഥാനത്തേക്ക് മാറിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഈ റിപ്പോര്‍ട്ടിന് പിന്നാലെ, വിദേശത്തുള്ള ചില ബോയിംഗ് വിമാന ഓപ്പറേറ്റര്‍മാരും സ്വമേധയാ പരിശോധനകള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബോയിംഗ് വാണിജ്യ വിമാനങ്ങളില്‍ സമാനമായ പരിശോധനകള്‍ക്ക് ഉത്തരവിട്ടത്. നിലവില്‍ ലോകമെമ്പാടും ഏകദേശം 1,100 ബോയിംഗ് 787 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

അതേസമയം വിമാനാപകടത്തില്‍ നിര്‍ണായക സൂചനകള്‍ തിരയുകയാണ് അന്വേഷണ സംഘം. വിമാനം പറന്നുയര്‍ന്ന് 26 സെക്കന്റിനുള്ളില്‍ ദുരന്തത്തിന് കാരണമായ എന്ത് പിഴവായിരിക്കും സംഭവിച്ചിട്ടുണ്ടാകുക എന്നാണ് പരിശോധന നടത്തുന്നത്. ഇതിനായി വിമാനത്തിന്റെ അവിശഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

വിമാനത്തിന്റെ പിന്‍ഭാഗത്തെ അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചില യന്ത്രഭാഗങ്ങള്‍ കത്തിയിരുന്നതായി കണ്ടെത്തി. ഇത് വൈദ്യുതി തകരാര്‍ മൂലമാണോ എന്നാണ് സംശയിക്കുന്നത്. എന്നാല്‍, തീപിടിച്ചത് പിന്‍ഭാഗത്തെ ഏതാനും ഭാഗങ്ങളില്‍ മാത്രമാണ്. വിമാനം തകരുന്നതിന് തൊട്ടുമുമ്പുണ്ടായ തീപിടുത്തമാണോ എന്നാണ് പരിശോധിക്കുന്നത്.

അപകടത്തിനു ശേഷമുണ്ടായ സ്ഫോടനത്തിലും ഇന്ധന തീപിടിത്തത്തിലും വിമാനത്തിന്റെ മറ്റ് ഭാഗങ്ങള്‍ കരിഞ്ഞുപോയെങ്കിലും, വാല്‍ഭാഗം വേര്‍പെടുകയും കാര്യമായ കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. വാലറ്റത്തുള്ള യന്ത്രഭാഗങ്ങള്‍ അപകട സ്ഥലത്തു നിന്ന് കണ്ടെത്തി സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്. പറന്നുയരുന്ന സമയത്ത് വൈദ്യുത വിതരണത്തില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ സൂക്ഷമമായി പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News