രാജകുമാരന്‍ പ്രണയിച്ചത് അമേരിക്കന്‍ ചാര സുന്ദരിയെ; യുഎസ് പൗരത്വം ഉപേക്ഷിച്ച് രാജ്ഞിയായ അവര്‍ കുത്തിവെച്ചത് ഇന്ത്യാവിരുദ്ധത; വേറിട്ട് പോവുമെന്ന് കരുതിയ സിക്കിമിനെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഇന്ത്യക്കൊപ്പം ചേര്‍ത്തു; അജിത്ത് ഡോവലിന്റെ അപസര്‍പ്പക ദൗത്യത്തിലെ ഒരു അറിയാക്കഥ!

അജിത്ത് ഡോവലിന്റെ അപസര്‍പ്പക ദൗത്യത്തിലെ ഒരു അറിയാക്കഥ!

Update: 2025-08-26 16:45 GMT

പസര്‍പ്പക നോവലുകളെ വെല്ലുന്നതാണ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതം. ഇന്ത്യയുടെ ജെയിംസ് ബോണ്ട് എന്നറിയപ്പെടുന്ന അജിത്ത് വേഷം മാറി ഏഴുവര്‍ഷം പാക്കിസ്ഥാനില്‍ താമസിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയതും, സുവര്‍ണ്ണ ക്ഷേത്രത്തില്‍ ബോംബ് വെക്കാനുള്ള പദ്ധതി തകര്‍ത്തതും, കാണ്ഡഹാറിലെ വിമാന റാഞ്ചലില്‍ ഭീകരരുമായി വിലപേശി ബന്ദികളെ മോചിപ്പിച്ചതും, ഉറിയിലെ സര്‍ജിക്കല്‍ സ്ട്രൈക്കിന് നേതൃത്വം നല്‍കിയതുമടക്കമുള്ള എത്രയോ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പറയാനുണ്ട്.

റാംബോ- ജെയിസ് ബോണ്ട് സിനിമകളില്‍ കാണുന്നപോലെ അതിസാഹസികമായിരുന്നു, അജിത്കുമാര്‍ ഡോവല്‍ എന്ന, കേരള കേഡര്‍ ഐപിഎസ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങി, പിന്നീട് കേന്ദ്ര ഇന്റലിജന്‍സിലേക്ക് മാറിയ ഈ ഇന്ത്യന്‍ സൂപ്പര്‍ കോപ്പിന്റെ ജീവിതം. ഏഴുവര്‍ഷം ഒരു മുസ്ലീമിന്റെ വേഷത്തില്‍ ഇന്ത്യന്‍ ചാരനായി പാക്കിസ്ഥാനില്‍ കഴിഞ്ഞതാണ് അതില്‍ എറ്റവും പ്രധാനം. ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവര്‍ത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജന്‍സ് മേധാവിയാണ് ഇദ്ദേഹം. ഈ ഏഴുവര്‍ഷംകൊണ്ട് ചില ആണവ പദ്ധതികള്‍ അടക്കം പാകിസ്ഥാന്റെ പല രഹസ്യങ്ങളും ഡോവല്‍ ചോര്‍ത്തിയെന്നാണ് പറയുന്നത്.

പക്ഷേ ഈയിടെ പുറത്തിറങ്ങിയ ഡി ദേവദത്തിന്റെ 'അജിത് ഡോവല്‍: ഓണ്‍ എ മിഷന്‍' എന്ന പുസ്തകത്തില്‍ ഇതുവരെ നാം കേള്‍ക്കാത്ത സിക്കിമിലെ അജിത്ത് ഡോവലിന്റെ മിഷനെക്കുറിച്ചാണ് പറയുന്നത്. ഒരുവേള വിഘടിച്ച് പോവുമായിരുന്ന സിക്കിമിനെ, ഒരു അമേരിക്കന്‍ ചാര രാജ്ഞിയെ കബളിപ്പിച്ചുകൊണ്ട് ഡോവല്‍ ഭാരതത്തോട് ചേര്‍ത്തുനിര്‍ത്തിയ കഥയാണ് പുസ്തകം പറയുന്നത്.

ഡോവലിന്റെ ആദ്യകാലത്തെ എറ്റവും പ്രധാന ദൗത്യം നടന്നത്, പാകിസ്ഥാനിലോ ചൈനയിലോ അല്ല, മറിച്ച് ഹിമാലയന്‍ രാജ്യമായ സിക്കിമിലാണ് നടന്നത്. ചരിത്രത്തിലെ ഏറ്റവും നാടകീയമായ സംഭവങ്ങളിലൊന്നാണ് സിക്കിം ഇന്ത്യയുടെ ഭാഗമായത്. ഒരു രാജകുമാരന്റെ പ്രണയം, ഒരു അമേരിക്കന്‍ സുന്ദരിയുടെ ചാരവൃത്തി... അങ്ങനെ ഒരുപാട് കാര്യങ്ങള്‍. അതിനെയെല്ലാം അതിജീവിച്ചാണ് ഡോവല്‍ സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയത്.

രാജകുമാരന്റെ പ്രണയം

1642 മുതല്‍ ചോഗ്യാല്‍ രാജവംശം ഭരിച്ചിരുന്ന ഒരു ഹിമാലയന്‍ സാമ്രാജ്യമായിരുന്നു സിക്കിം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സിക്കിം ഒരു സംരക്ഷിത പ്രദേശമായി നിലനിര്‍ത്തി. അതായത് പ്രതിരോധവും വിദേശകാര്യങ്ങളും കൈകാര്യം ചെയ്തത് ഡല്‍ഹിയാണ്. അതേസമയം ചോഗ്യാല്‍ രാജവംശം ആഭ്യന്തര കാര്യങ്ങള്‍ കൈകാര്യം ചെയ്തു. അത് വലിയ കുഴപ്പമില്ലാതെ പോവുകയായിരുന്നു. 1965-ല്‍ സര്‍ താഷി നംഗ്യാലിന്റെ മരണശേഷം മകന്‍ പാല്‍ഡന്‍ തോണ്ടപ്പ് നംഗ്യാല്‍ സിക്കിമിന്റെ ഭരണാധികാരിയായതോടെ ക്രമീകരണം മാറാന്‍ തുടങ്ങി. പാല്‍ഡന്‍ ഇന്ത്യയില്‍ പഠിച്ചിരുന്ന, വിദ്യാഭ്യാസമുള്ള രാജകുമാരനായിരുന്നു.

1963-ല്‍ അദ്ദേഹം ഒരു അമേരിക്കന്‍ യുവതിയായ ഹോപ് കുക്കുമായി പ്രണയത്തിലായി. പക്ഷേ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെട്ടിരുന്ന, ചാര സുന്ദരി എന്നൊക്കെ വിശേഷിപ്പിക്കാന്‍ കഴിയുന്ന വനിതയായിരുന്നു അവര്‍. ഇക്കാര്യം പാല്‍ഡണ്‍

തോണ്ടപ്പിന് അറിയുമായിരുന്നില്ല. ഹോപ് കുക്ക്, പാല്‍ഡനെ വിവാഹം കഴിക്കാന്‍ യുഎസ് പൗരത്വം ഉപേക്ഷിച്ചു. അങ്ങനെ അവര്‍ സിക്കിമിന്റെ രാജ്ഞിയായി. പതുക്കെപതുക്കെ സിക്കിമിന്റെ നയപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടാന്‍ തുടങ്ങി. ഹോപ് കുക്ക് പ്രവര്‍ത്തിച്ചത് അമേരിക്കക്ക് വേണ്ടിയായിരുന്നു. അവര്‍ ഇന്ത്യക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയും ഗാങ്‌ടോക്കിലെ രാഷ്ട്രീയത്തില്‍ അമേരിക്കയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഇവര്‍ വിദേശ പത്രപ്രവര്‍ത്തകരെ ഇന്ത്യക്കെതിരെ തിരിച്ചു. സിക്കിമിനെ ഇന്ത്യന്‍ സമ്മര്‍ദ്ദത്തെ ചെറുക്കുന്ന ഒരു രാഷ്ട്രമായി ചിത്രീകരിക്കുന്ന അഭിമുഖങ്ങള്‍ നല്‍കി. സ്വാതന്ത്ര്യം നേടാന്‍ ഭര്‍ത്താവിനെ നിരന്തരം ബ്രെയിന്‍ വാഷ് ചെയ്തു. തലയണമന്ത്രങ്ങള്‍ ഭരണത്തില്‍ സ്വാധീനിക്കാന്‍ തുടങ്ങി. രാജാവ് റാണിയുടെ കൈയിലെ പാവയാണെന്ന് കൊട്ടാര ഗോസിപ്പുകള്‍ ഉയര്‍ന്നു.

ചാര സുന്ദരി നാടുവിടുന്നു

1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ഇന്ത്യക്കെതിരെ അമേരിക്ക നിലപാടെടുത്തതോടെ സിക്കിമിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇന്ത്യാ വിരുദ്ധ വികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമായി വളര്‍ന്നു. ചൈനക്കെതിരെ ഒരു ബഫര്‍ സോണായി പ്രവര്‍ത്തിക്കുന്ന സിക്കിം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും തന്ത്രപ്രധാനമായിരുന്നു.

ഈ അപകടം മനസ്സിലാക്കിയ ഇന്ത്യ, അന്ന് യുവ ഇന്റലിജന്‍സ് ഓഫീസറായിരുന്ന അജിത് ഡോവലിനെ സിക്കിമിലേക്ക് അയച്ചു. പതിവുപോലെ, ശബ്ദകോലാഹലങ്ങളോ ശ്രദ്ധ പിടിച്ചുപറ്റുന്ന നീക്കങ്ങളോ നടത്താതെ, ഡോവല്‍ നിഴലില്‍ നിന്നുകൊണ്ട് ദൗത്യം ആരംഭിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജവാഴ്ചക്കെതിരെ സിക്കിമില്‍ വലിയ പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് അവിടം മുഴുവന്‍ സഞ്ചരിച്ച ഡോവലിന് മനസ്സിലായി. അദ്ദേഹം തദ്ദേശവാസികള്‍ക്കിടയില്‍ ഇടപഴകി. രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചു. രാജവാഴ്ചയ്‌ക്കെതിരായ പൊതുജനങ്ങളുടെ കോപം മനസ്സിലാക്കി. ഡല്‍ഹിയുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി. സിക്കിം ജനത, പ്രത്യേകിച്ച് ഭൂരിപക്ഷം വരുന്ന നേപ്പാളി ജനത, പാല്‍ഡന്‍ ചോഗ്യാലിനോടും അദ്ദേഹത്തിന്റെ അമേരിക്കന്‍ രാജ്ഞിയോടും കടുത്ത നീരസത്തിലാണെന്ന് ഡോവലിന് മനസ്സിലായി. അത് അദ്ദേഹം ഡല്‍ഹിയെ അറിയിച്ചു.

ഡോവല്‍ താഴെത്തട്ടിലുള്ള നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. സിക്കിം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി. ഇന്ത്യന്‍ യൂണിയനില്‍ പൂര്‍ണ്ണമായി ലയിച്ചാലുള്ള സാമ്പത്തിക- സൈനിക നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി. ചൈനയില്‍ നിന്നുള്ള ഭീഷണിയില്‍നിന്ന് പൂര്‍ണ്ണ സംരക്ഷണം വാഗ്ദാനം ചെയ്തു. ഇതോടെ പ്രാദേശിക രാഷ്ട്രീയക്കാര്‍ സാധാരണക്കാരുടെ ശബ്ദം ഏറ്റെടുത്ത്. 'സിക്കിമിനെ ഇന്ത്യയുമായി ലയിപ്പിക്കുക' എന്ന അവരുടെ ആവശ്യം ശക്തമാക്കി. അതിനായി അജിത്ത് നിരന്തരം പ്രവര്‍ത്തിച്ചു. അദ്ദേഹം ഗ്രാസ്റൂട്ടിലെ നേതാക്കളെ നിരന്തം കണ്ട് ഇന്ത്യ എന്ന വികാരം കത്തിച്ചു.

ഡോവലിന്റെ തന്ത്രപരമായ നീക്കങ്ങള്‍ ഫലം കണ്ടു. 1973 ആയപ്പോഴേക്കും സിക്കിമില്‍ രാജവാഴ്ചക്കെതിരെ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ജനാധിപത്യം ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, ഹോപ്പ് കുക്ക് സിക്കിം വിട്ട് ന്യൂയോര്‍ക്കിലേക്ക് പോയി. പിന്നെ ഒരിക്കലും തിരിച്ചുവന്നില്ല.

രണ്ട് വര്‍ഷത്തിന് ശേഷം, 1975 ല്‍, രാജവാഴ്ച നിര്‍ത്തലാക്കാനും ഇന്ത്യയുമായി ലയിപ്പിക്കാനും സിക്കിം അസംബ്ലി വന്‍ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തു. 97 ശതമാനത്തിലധികം പേരും സംയോജനത്തെ പിന്തുണച്ചു. ഡല്‍ഹിയും അതിവേഗം പ്രതികരിച്ച് ഭരണഘടനയുടെ 35-ാം ഭേദഗതി പാസാക്കി. അങ്ങനെ സിക്കിം ഇന്ത്യയുടെ 22-ാമത്തെ സംസ്ഥാനമായി. സിക്കിം ഇന്ത്യയുടെ ഭാഗമാക്കിയതോടെ ഹോപ് കുക്കിന്റെ പ്രേമവും അവസാനിച്ചു.

അവര്‍ പാല്‍ഡന്‍ തോണ്ടപ്പ് നംഗ്യാലിനെ ഡിവോഴ്സ് ചെയ്തു. പക്ഷേ യുഎസ് പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡ് അവരുടെ അമേരിക്കന്‍ പൗരത്വം പുനഃസ്ഥാപിച്ചു. ഇത് പരാജയപ്പെട്ട ഒരു ദൗത്യത്തിന് ശേഷം ചാരസുന്ദരിയെ തിരികെ വിളിക്കുന്നതുപോലെയായിരുന്നു എന്ന് പുസ്തകം വിലയിരുത്തുന്നു.

Tags:    

Similar News