മരണത്തിലും ഒരുമിച്ച്..; വാഹനാപകടത്തിൽ പൊലിഞ്ഞ വിദ്യാർത്ഥികളുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ചടങ്ങുകൾ വിവിധയിടങ്ങളിലായി നടക്കും; വിലപിച്ച് നാട്; കരഞ്ഞ് തളർന്ന് ഉറ്റവർ; അവസാനമായി വിട പറഞ്ഞ് അധ്യാപകരും കൂട്ടുകാരും; എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ പകച്ച് നാട്ടുകാർ; വിധി പ്രതീക്ഷകളെ തകിടം മറിക്കുമ്പോൾ..!
ആലപ്പുഴ: ഇന്നലെ രാത്രിയാണ് നാടിനെ ഞെട്ടിച്ച് ദാരുണ സംഭവം നടന്നത്. വിധിയൊരു അപകടമായി എത്തി. അഞ്ച് വിദ്യാർത്ഥികളുടെ ജീവനാണ് പൊലിഞ്ഞത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്ത് എടുത്തത്. കാറില്‍ പതിനൊന്ന് പേരുണ്ടായിരുന്നു. കാര്‍ ഓടിച്ചിരുന്നത് പരുക്കേറ്റ് ചികില്‍സയിലുള്ള ഗൗരീശങ്കര്‍ ആയിരുന്നു. രണ്ട് വിദ്യാര്‍ഥികള്‍ ബൈക്കില്‍ ഇവരുടെ പിന്നാലെ ഉണ്ടായിരിന്നു.
ഇപ്പോൾ, സംസ്കാര ചടങ്ങുകൾ വിവിധയിടങ്ങളിലായി നടക്കുമെന്ന് അറിയിച്ചു. നാടിനെയെല്ലാം കണ്ണീരാഴ്ത്തിയാണ് ആ അഞ്ചുപേർ മടങ്ങുന്നത്. പാലക്കാട് സ്വദേശി ശ്രീദീപിൻ്റെ സംസ്കാര ചടങ്ങുകൾ ശേഖരിപുരം ചന്ദ്രനഗർ ശ്മശാനത്തിൽ വൈകിട്ട് 6 മണിയോടെ നടക്കും. മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ്റെ സംസ്കാരം കോട്ടയം പാലയിലെ കുടുംബ വീട്ടിലും മുഹമ്മദ് അബ്ദുൽ ജബ്ബാറിൻ്റെ സംസ്കാരം കണ്ണൂരിൽ രാത്രി 9 മണിക്ക് മാട്ടൂൽ വേദാമ്പർ ജുമാ മസ്ജിദ് ഖബർ സ്ഥാനിലും നടക്കും.
ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിൻ്റെ സംസ്കാര ചടങ്ങുകൾ എറണാകുളം ടൗൺ ജുമാ മസ്ജിദിൽ വൈകിട്ട് നടന്നു. അതേസമയം, കോട്ടയം സ്വദേശി ആയുഷ് ഷാജിയുടെ സംസ്കാരം കാവാലത്ത് നാളെ നടത്തുമെന്ന് അറിയിച്ചു. ഇൻഡോറിലുള്ള മാതാപിതാക്കൾ എത്തിയാൽ മാത്രമേ സംസ്കാരം നടക്കൂ.
ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് മരിച്ച 5 മെഡിക്കൽ വിദ്യാർത്ഥികളുടേയും പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ നടന്നു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. പൊതുദർശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാർഥിയുടെ കബറടക്കം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ 3 മണിയോടെ നടന്നു.
ഇതിനിടെ, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് വ്യക്തമാക്കി. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായതെന്നും അപകടത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.