128-ാം ബാച്ചിലെ 13 പേര്‍ സ്‌നേഹ വൈബിലേക്ക് എത്തിയത് വെറും ഒന്നര മാസം കൊണ്ട്; ആ കാറിലുണ്ടായിരുന്നത് അഞ്ചു കൊല്ലം അടിച്ചു തിമര്‍ത്ത് പഠനമികവ് കാട്ടുമെന്ന് ഏവരും കരുതിയ 11 പേരും; അഞ്ചു പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ പൊട്ടിക്കരയുന്ന സഹപാഠികള്‍; സങ്കട കടല്‍ കണ്ട് വിതുമ്പുന്ന മന്ത്രി വീണാ ജോര്‍ജ്; ആലപ്പുഴയിലെ ടിഡി മെഡിക്കല്‍ കോളേജില്‍ കണ്ണീര്‍ മാത്രം

Update: 2024-12-03 07:10 GMT

ആലപ്പുഴ: ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജ് എല്ലാ അര്‍ത്ഥത്തിലും നിശബ്ദതയിലാണ്. ആദ്യവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളില്‍ അഞ്ചു പേരാണ് കളര്‍കോട്ടെ അപകടത്തില്‍ മരിച്ചത്. ഇവരെല്ലാം ഒരുമിച്ച് പഠനം ആരംഭിച്ചിട്ട് ഒന്നരമാസം ആകുന്നേയുള്ളൂ. അതിനിടെ തന്നെ അവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ വൈബെത്തി. കളിയും ചിരിയും പഠനവുമായി കാമ്പസിനെ കീഴടക്കി. കോളേജിലെ 128 ബാച്ച് അടിച്ചു തമിര്‍ക്കുമെന്ന് ഏവരും കരുതി. ആ കൂട്ടത്തിലെ അഞ്ചു പേരാണ് കൊഴിഞ്ഞു പോകുന്നത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് ആറ് പേര്‍ ഇതേ ക്ലാസിലെ സഹപാഠികളും. ആ ക്ലാസിലെ ആര്‍ക്കും ദുഖം താങ്ങാനാകുന്നില്ല. അവര്‍ കൂട്ടുകാരെ ഓര്‍ത്ത് വിതുമ്പിക്കരയുകയാണ്. പൊതു ദര്‍ശനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും സങ്കടം സഹിക്കാന്‍ കഴിയാതെ വിങ്ങിപൊട്ടി.

കളര്‍കോട്ടെ അപകടവിവരമറിഞ്ഞതിന് പിന്നാലെ സഹപാഠികളും കോളേജിലെ മറ്റുവിദ്യാര്‍ഥികളും ആലപ്പുഴ വണ്ടാനം ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് കുതിച്ചെത്തി. കൂട്ടുകാരുടെ വിയോഗം അറിഞ്ഞ് പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയും മുഖംകുനിച്ചിരുന്ന് തേങ്ങുന്നവരുടെയും കാഴ്ചകള്‍ മെഡിക്കല്‍ കോളേജിലെ എല്ലാവരേയും സങ്കടത്തിലാക്കി. കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്വാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. മരണപ്പെട്ടവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 13 പേരുടെ സംഘമാണ് സിനിമയ്ക്ക് പോയത്. ഇതില്‍ 11 പേര്‍ ടവേരയില്‍ ആയിരുന്നു. രണ്ടു പേര്‍ ബൈക്കിലും.

ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് കഴിഞ്ഞദിവസം ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.

കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. കനത്ത മഴയില്‍ കാര്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നതായി മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ ബസിലേക്ക് വന്നിടിച്ചു കയറുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മഴയുണ്ടായിരുന്നതിനാലും, വാഹനത്തിലെ ഓവര്‍ ലോഡും കാരണം കാര്‍ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറി തെന്നാണ് നിഗമനം. സൂക്ഷ്മ ദര്‍ശനി സിനിമ കാണാനുള്ള തിയേറ്റര്‍ യാത്രയാണ് ദുരന്തമായി മാറിയത്. കാറിന്റെ മധ്യഭാഗമാണ് ബസില്‍ ഇടിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ 12 പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

രാത്രി 9.30 ഓടെ കളര്‍കോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം ഉണ്ടായത്. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്. ബസിലുണ്ടായ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ ആര്‍.ടി.ഒ എ.കെ ദിലു കാര്‍ ഓടിച്ച വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. കാര്‍ 14 വര്‍ഷം പഴക്കമുള്ളതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.അമിത വേഗത എടുക്കാന്‍ പറ്റിയ സ്ഥലമല്ലായിരുന്നു.

ഓവര്‍ലോഡ്, വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നും ആര്‍ടിഒ പറഞ്ഞു. കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിക്കുന്നതിന് കാരണമായി. ഇടിയുടെ ആഘാതം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു. പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. വാഹനത്തിലെ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവന്‍ ഉള്ളിലേക്ക് വരുകയും അതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും ആര്‍ടിഒ പറഞ്ഞു. തെറിച്ചുപോയിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നു. മഴ പെയ്തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി. ഡ്രൈവറുടെ പരിചയക്കുറവും കാരണമായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

റെന്റ് എ കാബ് സൗകര്യം കേരളത്തിലുണ്ട്. അത് നിയമപരമായിട്ടുള്ളതാണ്. എന്നാല്‍, ഇത് അങ്ങനെ അല്ല. സ്വകാര്യ വാഹനം വിട്ടുകൊടുത്തതാണ്. ഇന്‍ഷുറന്‍സ് ഉള്ള വണ്ടിയാണ്. 14 വര്‍ഷം പഴക്കമുള്ള വാഹനമായതിനാല്‍ തന്നെ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഈ വാഹനത്തില്‍ ഇല്ല. അതിനാല്‍ തന്നെ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വീല്‍ ലോക്കായി. അങ്ങനെ സംഭവിച്ചാല്‍ വാഹനം ചെരിയും. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകും. പഴയ വണ്ടിയായതിനാല്‍ തന്നെ അമിത വേഗതയ്ക്കുള്ള സാധ്യതയില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും. വണ്ടിയോടിച്ച വിദ്യാര്‍ത്ഥി പറയുന്നത് എന്തോ കണ്ട് വണ്ടി വെട്ടിച്ചെന്നാണ്. എന്നാല്‍, അത്തരമൊരു കാര്യം വ്യക്തമായിട്ടില്ല. റോഡില്‍ ആളുണ്ടായിരുന്നുവെന്ന് തോന്നിയപ്പോള്‍ വലത്തോട്ട് വെട്ടിതിരിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ഇക്കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് വന്നാലും ഇടത്തേക്ക് നീങ്ങാനുള്ള സമയം ഉണ്ടായിരുന്നു. റോഡില്‍ വെളിച്ചത്തിന്റെ പ്രശ്‌നവും ഉണ്ടായിരുന്നു.

മഴ നിന്നാലും മരത്തില്‍ നിന്ന് വെള്ളം വീഴുന്നുണ്ടായിരുന്നു. അതിനാല്‍ അവിടെ ജലപാളികള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നും ആര്‍ടിഒ പറഞ്ഞു. മഴയുടെ ബുദ്ധിമുട്ട് അപകടകാരണമായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നതെന്നും അപകട സാധ്യതയുള്ള സ്ഥലമെന്നും,സമഗ്രമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്എപി എ.സുനില്‍ രാജ് പറഞ്ഞു.

Tags:    

Similar News