'ബൈസരണ്‍ നേരത്തെ തുറന്നത് സുരക്ഷാസേന അറിഞ്ഞില്ല; ജൂണ്‍ മാസത്തില്‍ തുറക്കേണ്ട താഴ്വര നേരത്തെ തുറന്നു'; സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ഉദ്യോഗസ്ഥന്‍ സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞെന്ന് പ്രതിപക്ഷം; ഭീകരതയെ നേരിടാന്‍ സര്‍ക്കാറിന് പിന്തുണ നല്‍കി സര്‍വകക്ഷി യോഗം; രാഹുല്‍ ഗാന്ധി നാളെ കാശ്മീരില്‍

'ബൈസരണ്‍ നേരത്തെ തുറന്നത് സുരക്ഷാസേന അറിഞ്ഞില്ല; ജൂണ്‍ മാസത്തില്‍ തുറക്കേണ്ട താഴ്വര നേരത്തെ തുറന്നു';

Update: 2025-04-24 16:55 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സര്‍വകക്ഷി യോഗത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്ന് പ്രതിപക്ഷം. ജൂണില്‍ തുറക്കേണ്ട ബൈസരണ്‍ താഴ്വര ഏപ്രില്‍ 20ന് തുറന്നത് സുരക്ഷാ സേന അറിഞ്ഞില്ലെന്നും ഇത് സുരക്ഷാസേനയുടെ അറിവോടെയല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്ന് സര്‍വകക്ഷിയോഗത്തിനുശേഷം ഹാരിസ് ബീരാന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.

സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷം യാഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ചും പ്രതിപക്ഷകക്ഷികള്‍ ചോദ്യമുയര്‍ത്തി. ബൈസരണ്‍ അമര്‍നാഥ് യാത്ര സമയത്താണ് സാധാരണയായി ബൈസരണ്‍ താഴ്വര തുറന്നുകൊടുക്കാറുള്ളതെന്നും ഏപ്രിലില്‍ തുറന്നത് സുരക്ഷ സേന അറിഞ്ഞില്ലെന്നുമാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചത്.

അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ രാജ്യത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും സേന അംഗബലം കുറവായതുകൊണ്ടാണോ ഈ മേഖലയില്‍ സേനയെ വിന്യസിക്കാത്ത എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ലെന്നും ഹാരിസ് ബീരാന്‍ എംപി പറഞ്ഞു.

ഇതുവരെയുള്ള നടപടികളെ കുറിച്ചാണ് സര്‍ക്കാര്‍ പറഞ്ഞതെന്നും തുടര്‍നടപടികളെ കുറിച്ച് ഉള്ള ചോദ്യങ്ങള്‍ക്ക് കേന്ദ്രത്തിനു ഉത്തരമില്ലെന്നും ഹാരിസ് ബീരാന്‍ എംപി ആരോപിച്ചു. പ്രത്യേക പാര്‍ലമെന്റ് സെഷന്‍ വിളിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പിന്നീട് നല്‍കുമെന്ന് അറിയിച്ചു. മതത്തിന്റെ പേരിലാണ് അവിടെ പ്രശ്‌നം സൃഷ്ടിച്ചത് എന്നുള്ള പ്രചരണത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് 45 മിനിറ്റ് കാല്‍നടയായി സഞ്ചരിക്കേണ്ടതുണ്ടെന്നും ഹെലികോപ്ടര്‍ എത്തിച്ചേരാന്‍ വൈകിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് എല്ലാ കക്ഷികളും അറിയിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീകരാക്രമണത്തെ എല്ലാ കക്ഷികളും അപലപിച്ചതായും ഭീകരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷകക്ഷികള്‍ സര്‍ക്കാരിനൊപ്പം നിലകൊള്ളുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, രാജ്യസഭ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കോണ്‍ഗ്രസ് അധ്യക്ഷന്‍  മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലിയായി രണ്ട് മിനിറ്റ് മൗനമാചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കും. അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കും. അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാം പട്ടണത്തിനടുത്തുള്ള പുല്‍മേട്ടില്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തതില്‍ വിനോദസഞ്ചാരികളടക്കം 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ കര്‍ശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാര്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.

പാകിസ്താന്‍ പൗരന്മാരുടെ സാര്‍ക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചു. ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കള്‍ക്ക് ഇന്ത്യ വിടാന്‍ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനില്‍നിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിന്‍വലിക്കും.

Tags:    

Similar News