'നീ നിര്‍ത്തി ഇറങ്ങടീ' എന്ന് ആക്രോശം, അടിക്കാന്‍ ഓങ്ങി; ശ്രീവല്ലഭ ക്ഷേത്രഉത്സവത്തില്‍ നര്‍ത്തകിക്ക് നേരെ ഗുണ്ടാ സ്റ്റൈല്‍ വിരട്ട്; ഒത്തുതീര്‍പ്പിന് രാഷ്ട്രീയക്കാര്‍ എത്തിയിട്ടും വഴങ്ങാതെ ഡോ. സംപ്രീത; 'പരസ്യമായി മാപ്പ് പറയണം'; ചെന്നൈയില്‍ നിന്നെത്തിയ കലാകാരിയോട് കാട്ടിയത് ക്രൂരത!
ചെന്നൈയില്‍ നിന്നെത്തിയ കലാകാരിയോട് കാട്ടിയത് ക്രൂരത!
തിരുവല്ല: ശ്രീവല്ലഭ ക്ഷേത്ര ഉത്സവത്തില്‍ നേരിട്ട അപമാനം തുറന്നു പറഞ്ഞു മോഹിനിയാട്ടം കലാകാരി ഡോ. സംപ്രീത കേശവന്‍. ഫെബ്രുവരി 26 ന് ക്ഷേത്ര ഉത്സവത്തിനു നടന്ന കലാപരിപാടിയുടെ ഭാഗമായിട്ടാണ് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ചെന്നൈയില്‍ നിന്നും സംപ്രീത എത്തിയത്. പ്രതീക്ഷിച്ച സ്വീകരണം അല്ല തനിക്കു ലഭിച്ചതെന്ന് സംപ്രീത പറഞ്ഞു. തനിക്കെതിരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ക്കെതിരെ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് വരുമെന്ന് ഉറപ്പായതോടെ ഒത്തുതീര്‍പ്പിനു സമീപിച്ചുവെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ 26 ന് വൈകിട്ട് 6.30 ന് എട്ടാം ഉത്സവത്തോടു അനുബന്ധിച്ചുള്ള കലാപരിപാടികളില്‍ മോഹിനിയാട്ടം അവതരിപ്പിയ്ക്കാന്‍ ചെന്നൈയില്‍ നിന്ന് വന്നതാണ് ഡോ. സംപ്രീത. ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തുന്ന പരിപാടിയില്‍ പ്രൊഫൈല്‍ അയച്ചു വിളിക്കപ്പെട്ട നര്‍ത്തകിയായിട്ടാണ് എത്തിയത്. വൈകിട്ട് 5.30-6.30 വരെയാണ് പരിപാടി അവതരിപ്പിക്കാന്‍ തന്ന സമയം. ഒരു രൂപ ഫണ്ട് ഇല്ല എന്ന സംഘാടകര്‍ അറിയിച്ചു. എങ്കിലും അമ്മയുടെ നാടായത് കൊണ്ട്, പ്രതിഫലം ഇല്ലാതെ നൃത്തം ചെയ്യാന്‍ തയാറായി.
5.15 മുതല്‍ വേദിയ്ക്ക് പിറകില്‍ ഇല്ലാത്ത അണിയറയില്‍, സംഘടകരുടെ സാന്നിധ്യം ഇല്ലാതെ, തിരുവാതിരയും ഭരതനാട്യവും കഴിയുന്നവരെ വിയര്‍ത്തു കുളിച്ചു കാത്തിരുന്നു. 6.20 നു വേദിയില്‍ കയറി ഒരിനം 29 മിനിറ്റ് 54 സെക്കന്റ് ചെയ്തു കഴിഞ്ഞു അടുത്തവര്‍ക്ക് വേണ്ടി അവസാനിപ്പിക്കാം എന്ന് കരുതി അതു പറയാനായി മൈക്ക് എടുക്കാന്‍ വന്നപ്പോഴാണ്, കാവുംഭാഗം തിരുവമ്പാടിയിലുള്ള ഒരാള്‍, കയറി വന്നത്. 'നീ നിര്‍ത്തി ഇറങ്ങടീ ' എന്ന് ആക്രോശിച്ചു. നിര്‍ത്താന്‍ തന്നെയാണ് ഉദ്ദേശം പക്ഷേ മാന്യമായി സംസാരിക്കണം എന്ന് മറുപടി പറഞ്ഞു. ഉടനെ അയാള്‍ എന്നെ നീ മാന്യത പഠിപ്പിക്കുന്നോടീ എന്നു പറഞ്ഞു കൊണ്ട് അടിക്കാന്‍ ഓങ്ങി. എന്നാല്‍ അടിക്ക് എന്ന് ഞാനും പറഞ്ഞു. അടുത്ത് നിന്നവര്‍ അയാളെ പിന്താങ്ങുന്ന മനസ്സോടെ അയാളെ പിടിച്ചു മാറ്റുകയും സ്റ്റേജിനു പിറകില്‍ കൊണ്ടുപോയി സംസാരിക്കുകയും ചെയ്തുകണ്ടു.
കണ്ടുകൊണ്ട് ഓടിവന്ന എന്റെ ചേച്ചിയും അമ്മാവനും ഭര്‍ത്താവും സുഹൃത്തുക്കളും അടക്കമുള്ളവര്‍ ചെന്നു സംസാരിച്ചതോടെ അയാള്‍ അവിടെ നിന്ന് മാറി. കുറെയേറെ ഭീഷണി മുഴക്കിയാണ് അയാള്‍ എന്നോടും തുടര്‍ന്ന് ചെന്നവരോടുമെല്ലാം സംസാരിച്ചത്. ദേവസ്വം ബോര്‍ഡ് അഥവാ ആ അമ്പലത്തിലെ അധികാരികള്‍ എല്ലാരും പൊടുന്നനെ അവിടെ അയാളുടെ പേരറിയാത്തവരായി മാറി. വിഷയം അറിയാത്ത മറ്റൊരു സ്ത്രീയോട് ചോദിച്ചപ്പോള്‍ ഇയാളുടെ പേര് രഘുനാഥന്‍ എന്നാണെന്നും കാവുംഭാഗം തിരുവമ്പാടി ഭാഗതുള്ളതാണെന്നും അറിഞ്ഞു .
തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. അപ്പോള്‍ തന്നെ സമൂഹ മാധ്യമത്തിലൂടെ അപമാനിക്കാന്‍ ശ്രമം നടന്നു. പോലീസ് ഉടന്‍ നടപടികളുമായി മുന്നോട്ടു വന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയും ഉണ്ടായില്ല. പോലീസ് നടപടിക്ക് മുതിര്‍ന്നതോടെ തന്നെ അസഭ്യം വിളിച്ചയാള്‍ ഒത്തുതീര്‍പ്പിനു ശ്രമം ആരംഭിച്ചു. ഇതിനായി ബിജെപി നേതാക്കള്‍ അടക്കം ബന്ധപ്പെട്ടു. സാമൂഹിക മാധ്യമം വഴി പരസ്യമായി മാപ്പു പറഞ്ഞാല്‍ ഒത്തുതീര്‍പ്പാകാം എന്നാണ് സംപ്രീത അറിയിച്ചിട്ടുള്ളത്. അതിനു തയാറാകാത്ത പക്ഷം നിയമനടപടി തുടരുമെന്നും അവര്‍ അറിയിച്ചു.
