'ആരോഗ്യ മന്ത്രി ഏറ്റവും നല്ല നടിയായിട്ടാണ് ഇപ്പോള്‍ അറിയപ്പെടുന്നത്; അവരുടെ നാട്യത്തിന് അവാര്‍ഡ് നല്‍കേണ്ട സമയമാണിത്; 2018-ല്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് പോലും ഇതുവരെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല'; നഴ്‌സുമാരുടെ സമരത്തെ പിന്തുണച്ചു വീണ ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ചു രമേശ് ചെന്നിത്തല

'ആരോഗ്യ മന്ത്രി ഏറ്റവും നല്ല നടിയായിട്ടാണ് ഇപ്പോള്‍ അറിയപ്പെടുന്നത്; അവരുടെ നാട്യത്തിന് അവാര്‍ഡ് നല്‍കേണ്ട സമയമാണിത്

Update: 2026-03-04 08:56 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സുമാരുടെ ശമ്പള പരിഷ്‌കരണ വിഷയത്തില്‍ സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ മന്ത്രി ഏറ്റവും നല്ല നടിയായിട്ടാണ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നും, അവരുടെ നാട്യത്തിന് അവാര്‍ഡ് നല്‍കേണ്ട സമയമാണിതെന്നും അദ്ദേഹം പരിഹസിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന നഴ്‌സുമാരുടെ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018-ല്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് പോലും ഇതുവരെ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ട്രെയിനികള്‍ക്ക് 10,000 രൂപയും മറ്റുള്ളവര്‍ക്ക് 20,000 രൂപയും ശമ്പളം നല്‍കുമെന്ന വാഗ്ദാനം 2026 ആയിട്ടും നടപ്പിലായിട്ടില്ല. തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന കോടതി ഉത്തരവുകള്‍ നിലനില്‍ക്കെയാണ് ഈ അവഗണനയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളെല്ലാം അന്താരാഷ്ട്ര കുത്തക കമ്പനികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ബ്ലാക്ക് സ്റ്റോണ്‍ പോലുള്ള കമ്പനികള്‍ക്ക് വേണ്ടിയാണോ ഈ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. പാവപ്പെട്ട നഴ്സുമാര്‍ക്ക് ന്യായമായ ശമ്പളം നല്‍കാനുള്ള മാന്യത പോലും സര്‍ക്കാര്‍ കാണിക്കുന്നില്ല. മെച്ചപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളും ഇല്ലാത്തതിനാലാണ് നഴ്സുമാര്‍ കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


 



വരും കാലത്ത് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നഴ്സുമാര്‍ക്ക് മെച്ചപ്പെട്ട ശമ്പളവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് ചെന്നിത്തല വാഗ്ദാനം നല്‍കി. രാഷ്ട്രീയം മറന്ന് ഈ പോരാട്ടത്തില്‍ നഴ്സുമാരോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തില്‍ ആര് ഭരിക്കണം, എങ്ങനെ ഭരിക്കണം എന്ന് തീരുമാനിക്കാനുള്ള കരുത്ത് നഴ്സുമാര്‍ക്കുണ്ടെന്ന് പ്രതിഷേധ മാര്‍ച്ചില്‍ സംസാരിച്ച യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പ്രഖ്യാപിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ നഴ്സുമാരെ സഹായിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്. സാധാരണക്കാരന് വിലയുള്ള ഒരേയൊരു കാലഘട്ടം തിരഞ്ഞെടുപ്പ് സമയമാണെന്നും, ഈ ശക്തി ഭരണാധികാരികള്‍ തിരിച്ചറിയണമെന്നും ജാസ്മിന്‍ ഷാ ഓര്‍മ്മിപ്പിച്ചു. ആരോഗ്യമന്ത്രിയുടെ മണ്ഡലമായ പത്തനംതിട്ടയിലെ നഴ്സുമാരുടെ കരുത്ത് വരാനിരിക്കുന്ന ദിവസങ്ങളില്‍ മന്ത്രിക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

2016-ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രധാന പരാതി 2023ല്‍ ഹൈക്കോടതി മൂന്ന് മാസത്തിനുള്ളില്‍ ശമ്പളം പരിഷ്‌കരിക്കണമെന്ന് ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ അത് അവഗണിച്ചു സ്വകാര്യ ആശുപത്രികളില്‍ കോടികളുടെ നിക്ഷേപം വരുന്നുണ്ടെന്ന് പറയുന്ന സര്‍ക്കാര്‍, അവിടെ ജോലി ചെയ്യുന്ന നഴ്സുമാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകുന്നില്ലെന്ന് ജാസ്മിന്‍ ഷാ കുറ്റപ്പെടുത്തി.


 



അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കണം എന്നത് അടക്കമുള്ള ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. പതിനായിരക്കണക്കിന് നഴ്സുമാരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്. പണിമുടക്കിന്റെ ഭാഗമായി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് നഗരത്തെ പ്രക്ഷോഭക്കടലാക്കി മാറ്റി. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്. 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ഇന്നു ജോലി ബഹിഷ്‌കരിച്ച് തെരുവിലിറങ്ങിയത്.

മണിക്കൂറുകളോളം ജോലി ചെയ്തിട്ടും അര്‍ഹമായ വേതനം ലഭിക്കുന്നില്ലെന്നതാണ് നഴ്സുമാരുടെ പ്രധാന പരാതി. 'ഞങ്ങള്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു, എന്നാല്‍ അതിനനുസരിച്ചുള്ള ശമ്പളം മാനേജ്‌മെന്റുകള്‍ നല്‍കുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ നടന്ന സമരങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല,' സമരത്തിനെത്തിയ നഴ്സുമാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags:    

Similar News