വോട്ടര്‍മാര്‍ 2024ല്‍ ഏറ്റവും കൂടിയത് തൃശ്ശൂരില്‍; പുതുതായി ചേര്‍ത്തത് 1,46,673 വോട്ടുകള്‍; സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍; കള്ളവോട്ട് ആരോപണം കൊഴുക്കുമ്പോഴും മൗനംതുടര്‍ന്ന് സുരേഷ് ഗോപി; വ്യാജ വോട്ട് പരാതിയില്‍ അന്വേഷണം; തൃശൂര്‍ എസിപിക്ക് അന്വേഷണ ചുമതല
സഹോദരന്‍ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട്, കൊല്ലത്തും തൃശ്ശൂരും വോട്ടുകള്‍
തൃശൂര്‍: തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിനിടെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അന്വേഷണം. കോണ്‍ഗ്രസ് നേതാക്കളുടെ പരാതി ഫയലില്‍ സ്വീകരിച്ചതായി തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ എസിപിക്ക് അന്വേഷണ ചുമതല നല്‍കി. വിഷയത്തില്‍ നിയമപദേശം അടക്കം തേടുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അതേ സമയം സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന വിവരം പുറത്തുവന്നു.
സുരേഷ് ഗോപിക്കെതിരെ കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ടിഎന്‍ പ്രതാപന്‍ ആണ് പരാതി നല്‍കിയത്. സുരേഷ് ഗോപി 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്നു തൊട്ടു മുന്‍പായിട്ടാണ് 115 -ാം നമ്പര്‍ ബൂത്തില്‍ ഏറ്റവും അവസാനമായി വോട്ട് ചേര്‍ത്തത്. വോട്ട് ചേര്‍ക്കുമ്പോള്‍ സ്ഥിര താമസക്കാരനണെന്ന രേഖയും സത്യ പ്രസ്താവനയും നല്‍കിയിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപന്‍ പൊലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉള്‍പ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയാണ് തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ട് ചേര്‍ത്തതെന്ന് പരാതിയില്‍ പറയുന്നു.
തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ 115 -ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചേര്‍ത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറില്‍ സ്ഥിര താമസക്കാരനാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം ഡിവിഷനില്‍ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകള്‍ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേ പടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണ്. ശാസ്തമംഗലം ഡിവിഷനില്‍ സ്ഥിര താമക്കാരനായ സുരേഷ് ഗോപി തൃശൂരില്‍ നല്‍കിയ സത്യ പ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തൃശൂരില്‍ സുരേഷ് ഗോപി നടത്തിയത് അസത്യ പ്രസ്താവനയാണ്. ഇതേ മാര്‍ഗ്ഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുള്‍പ്പെടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തില്‍ ചേര്‍ത്തത്.
സഹോദരന് ഇരട്ടവോട്ട്
സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്ത് സുഭാഷ് ഗോപിക്കും ഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്. വോട്ടര്‍പട്ടികയില്‍ 1116-ാമത്തെ ക്രമനമ്പറിലാണ് സുഭാഷിന്റെ പേരുള്ളത്. അതേസമയം, കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സുഭാഷ്ഗോപിക്കും ഭാര്യയ്ക്കും തൃശ്ശൂരിലും വോട്ടുണ്ടായിരുന്നു.
അതിനിടെ, തൃശ്ശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് സംബന്ധിച്ച് വ്യാപക പരാതി ഉയരുന്നതിനിടെ എംപിയായ സുരേഷ് ഗോപി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച ഡല്‍ഹിയില്‍വെച്ച് അദ്ദേഹത്തിന്റെ പ്രതികരണം തേടിയെങ്കിലും ഒന്നും മിണ്ടാതെ അദ്ദേഹം വാഹനത്തില്‍ കയറിപോവുകയായിരുന്നു.
വോട്ട് ക്രമക്കേടില്‍ ബിജെപിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുകയാണ്. ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ വേലൂര്‍ പഞ്ചായത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറും പൂങ്കുന്നത്ത ക്യാപ്പിറ്റല്‍ വില്ലേജ് ഫ്‌ലാറ്റില്‍ ചേര്‍ക്കപ്പെട്ടു എന്നാണ് വിവരം. അതിനിടെ, മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി ഉണ്ണികൃഷ്ണന്‍ തൃശ്ശൂരില്‍ വോട്ട് ചെയ്തു എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. ഒന്നര കൊല്ലമായി തൃശ്ശൂരില്‍ താമസിച്ച സംഘടന ചുമതല നിര്‍വഹിക്കുന്നത് കൊണ്ടാണ് തൃശ്ശൂരിലെ പട്ടികയില്‍ വോട്ട് ചേര്‍ത്തതെന്ന് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. അതിനിടെ സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി
ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ തൃശൂരില്‍
2024-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംപിടിച്ചത് തൃശൂരിലാണെന്ന് കണക്കുകള്‍. 1,46,673 വോട്ടര്‍മാരാണ് 2019-നെക്കാള്‍ കൂടുതലായി തൃശ്ശൂരിലെ വോട്ടര്‍പട്ടികയില്‍ ഇടംനേടിയത്. തൃശൂരില്‍ കന്നിവോട്ടര്‍മാരായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പുതുതായി ചേര്‍ക്കപ്പെട്ടത് 34,000 ത്തോളം വോട്ടുകള്‍ മാത്രമാണ്. അതിന് മുമ്പ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഏകദേശം ഇത്രത്തോളം തന്നെ കന്നിവോട്ടര്‍മാര്‍ പട്ടികയില്‍ അന്നും ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
2019-നെക്കാള്‍ 2024ല്‍ സംസ്ഥാനത്ത് ആകെ കൂടിയത് 16,02,172 വോട്ടര്‍മാരാണ്. തൃശ്ശൂരിന് പുറമേ വടകര(1,35,866) വയനാട്(1,04,793) കോഴിക്കോട്(1,14,484) മലപ്പുറം(1,10,170) പൊന്നാനി(1,14,457) മണ്ഡലങ്ങളിലും ഒരുലക്ഷത്തിന് മുകളില്‍ വോട്ടര്‍മാര്‍കൂടി. മാവേലിക്കര മണ്ഡലത്തിലാണ് 2024-ല്‍ ഏറ്റവും കുറച്ച് വോട്ടര്‍മാരെ പുതുതായി പട്ടികയില്‍ ചേര്‍ത്തത്. 2019-നെക്കാള്‍ 31057 വോട്ടര്‍മാരുടെ വര്‍ധന മാത്രമാണ് മാവേലിക്കരയില്‍ 2024-ല്‍ ഉണ്ടായത്.