'15 ലക്ഷത്തിന് തീരേണ്ട വീട് ഒന്നിന് 25 ലക്ഷത്തിന് ഊരാളുങ്കലിന് ടെണ്ടര്‍ വിളിക്കാതെ നല്‍കി; തോട്ടഭൂമി കോടികള്‍ പ്രതിഫലം നല്‍കി ഏറ്റെടുത്തത് അഴിമതി; ടൗണ്‍ഷിപ്പ് ആധുനികതട്ടിപ്പിന്റെ പുത്തന്‍ വെള്ളാന; ഒരു കോടി രൂപ വീതം നല്‍കിയാല്‍ പോലും ഇരകള്‍ എന്നേ രക്ഷപ്പെട്ടേനെ'; ആരോപണവുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി
'15 ലക്ഷത്തിന് തീരേണ്ട വീട് ഒന്നിന് 25 ലക്ഷത്തിന് ഊരാളുങ്കലിന് ടെണ്ടര്‍ വിളിക്കാതെ നല്‍കി
കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന ടൗണ്‍ഷിപ്പില്‍ വിമര്‍ശനവുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി. വീട് നിര്‍മാണകരാറിലെ സുതാര്യത ഇല്ലായ്മ അടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം കടുക്കുന്നത്. ടൗണ്‍ഷിപ്പ് പദ്ധതി ആധുനികതട്ടിപ്പിന്റെ പുത്തന്‍ വെള്ളാനയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
ഒരു വര്‍ഷമായിട്ടും മാതൃകാ വീടിന്റെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. ഏറ്റവും മുന്തിയ നിര്‍മാണ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചാലും 15 ലക്ഷം രൂപയ്ക്ക് അനായാസം തീരേണ്ട വീട് ഒന്നിന് 25 ലക്ഷത്തിന് ഊരാളുങ്കലിന് ടെണ്ടര്‍ വിളിക്കാതെയാണ് നല്‍കിയത്. സര്‍ക്കാറിന് പൂര്‍ണ ഉടമസ്ഥതയുള്ളതെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും വിധിയെഴുതിയ തോട്ടഭൂമി കോടികള്‍ പ്രതിഫലം നല്‍കി ഏറ്റെടുത്തത് അഴിമതിയല്ലാതെ മറ്റെന്താണ്? പ്രതിപക്ഷ നേതാവ് ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ ഭീമമായ തുകയില്‍ 200 കോടി നീക്കി വെച്ചത് മുണ്ടക്കൈ-ചൂരല്‍ മല പ്രദശത്തേ റോഡ് നിര്‍മാണത്തിനും ചൂരല്‍മല ടൗണ്‍ പുനരുജ്ജീവനത്തിനുമാണ്. ദുരന്തശേഷം മനുഷ്യരൊന്നും കാര്യമായി അധിവസിക്കാത്തതോ ഒഴിഞ്ഞു പോകാന്‍ മുറവിളികൂട്ടുന്നതോ ആയ പ്രദേശത്തുകൂടെ റോഡുകള്‍ നിര്‍മിക്കാന്‍ ഊരാളുങ്കലിന്ന് ടെണ്ടറില്ലാതെ കരാര്‍ കൊടുത്തത് റിസോര്‍ട്ടുകാരെയും ഊരാളുങ്കലിനെയും ഒന്നിച്ചു സഹായിക്കാനുള്ള ദുഷ്ടലാക്കിലാണ്.
വലിയ മറ്റൊരു തുക മാറ്റി വെച്ചത് പുന്നപ്പുഴ പുനരുജ്ജീവനം എന്ന പേരിലാണ്. അതി ഭയാനകയായ മണ്ണിടിച്ചിലിന് ശേഷം ലക്ഷക്കണക്കിന് ടണ്‍ മണ്ണും പാറയും മറ്റവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള മണ്ടന്‍ തീരുമാനത്തെ പ്രതിപക്ഷകക്ഷികളോ സ്ഥലം എം.എല്‍.എയോ എം.പിയോ ചോദ്യം ചെയ്യാത്തത് അര്‍ഥഗര്‍ഭമാണ്. പതിനായിരക്കണക്കിന് ഘന മീറ്റര്‍ പാറയിലാണ് ഇവരുടെ കണ്ണ്. ദുരന്തഭൂമിയിലേയും പടവെട്ടിക്കുന്നിലെയും റാട്ടപ്പാടിയിലെയും മുണ്ടക്കെ പാടിയിലെയും മറ്റും ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെക്കുറിച്ച് ആര്‍ക്കും ഒരു വേവലാതിയുമില്ല. ലോകത്തിന്റെ നാനാഭാഗത്തുനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊഴുകിയ 800 ഓളം കോടിയുടെ മുക്കാല്‍ പങ്കും അഴിമതിയില്‍ പുന്നപ്പുഴയിലൂടെ ഒലിച്ചു പോയി. ദുരിത ബാധിതരായവര്‍ക്ക് ഒരു കോടി രൂപ വെച്ച് പണമായി നല്‍കിയാല്‍ പോലും ഇരകള്‍ എന്നേ രക്ഷപ്പെട്ടേനെ. അവര്‍ ജീവിതം കരുപ്പിടിപ്പിച്ചേനെ.
ഞൊടിയിട കൊണ്ട് ഒരു ജനപഥം ഉന്മൂലനം ചെയ്യപ്പെട്ട, ലോകം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലിലൊന്നായ മുണ്ടക്കൈക്കു ശേഷവും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും വികസന ജ്വരം മൂര്‍ച്ഛിച്ച സംഘടിത ലോബികളും പരിസ്ഥിതി ധ്വംസനത്തില്‍ നിന്നും അണുവിട പിന്‍വാങ്ങിയിട്ടില്ലെന്നത് അമ്പരിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. പശ്ചിമഘട്ട മലനിരകള്‍ക്കു നേരെയുള്ള അതിക്രമം പതിന്മടങ്ങ് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ദുരന്തം കഴിഞ്ഞിട്ട് ഒരു വര്‍ഷമായെങ്കിലും 'ലോകോത്തര പുനരധിവാസം' എന്ന് ഉദ്‌ഘോഷിക്കപ്പെട്ട ഇരകളുടെ പുനരധിവാസം മറ്റൊരു ദുരന്തമായി നാടിനെ വേട്ടയാടുകയാണിപ്പോഴും.
ദുരന്ത ശേഷം സര്‍ക്കാര്‍ തിരക്കിട്ട് നിയമിച്ച ജോണ്‍ മത്തായി കമ്മിറ്റി അപഹാസ്യവും അസംബന്ധവുമായ ശിപാര്‍ശകളാണ് സമര്‍പ്പിച്ചത്. ദുരന്തത്തെക്കുറിച്ച് വസ്തുനിഷ്ടമായും ആഴത്തിലുള്ളതുമായ പഠനം ജോണ്‍ മത്തായി നടത്തിയില്ല. നിയമവിരുദ്ധ റിസോര്‍ട്ടുകള്‍, കരിങ്കല്‍ ക്വാറികള്‍, വനനാശം എന്നിവയ്‌ക്കൊന്നും ഉരുള്‍പൊട്ടലില്‍ ഒരു പങ്കുമില്ലെന്നും അതിതീവ്ര മഴയാണ് ഏക കാരണമെന്നും സ്ഥാപിക്കലായിരുന്നു അയാളുടെ മുഖ്യ ദൗത്യം. കമ്മറ്റി നിശ്ചയിച്ച ഗോ സോണും നോ ഗോ സോണും അശാസ്ത്രീയവും ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായിരുന്നു. സുരക്ഷിതമെന്ന് കമ്മിറ്റി വിലയിരുത്തിയ പ്രദേശങ്ങള്‍ അതിതീവ്ര അപകടകരമായ അരക്ഷിത പ്രദേശങ്ങളാണെന്ന് ഈ മഴക്കാലം തെളിയിച്ചിട്ടുണ്ട്.
ദുരന്തം എല്ലാവരും ആഘോഷിക്കുകയായിരുന്നു. ദുരന്ത ശേഷം വയനാട്ടിലും കേരളത്തിനകത്തും പുറത്തും നടന്ന വ്യാപകമായ പണപ്പിരിവ് നല്ലൊരു കൊയ്തായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരുടെ പിരിവിന്റെ ചീഞ്ഞളിഞ്ഞ വാര്‍ത്തകള്‍ കേരള സമൂഹത്തില്‍ ദുര്‍ഗന്ധം വമിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ദുരന്തത്തെ തുടര്‍ന്ന് വയനാട്ടിലെ ടൂറിസത്തിന് ചെറിയ ഇടിവുണ്ടായപ്പോള്‍ ഭരണ-പ്രതി പക്ഷനേതാക്കള്‍ക്ക് വയറ്റിളക്കമുണ്ടായി. ഒരു മാസത്തിനകം മന്ത്രി റിയാസും കല്‍പറ്റ എം.എല്‍.എ ടി. സിദ്ദീഖും മാത്രമല്ല, രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ടൂറിസം ലോബിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിര്‍ലജ്ജം അവതരിച്ചു. തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തിനില്‍ക്കുന്ന കര്‍ഷകര്‍ക്കോ ആദിവാസികള്‍ക്കോ വേണ്ടി ഒന്നിച്ചു ചെറുവിരല്‍ അനക്കാത്തവര്‍ ആണ് ഇവരൊക്കെ എന്നത് ഓര്‍ക്കപ്പെടേണ്ടതാണ്.
വയനാട്ടിലെ മലഞ്ചരിവുകളിലുള്ള അനധികൃത-അനിയന്ത്രിത ടൂറിസം ഇന്നും അരങ്ങുതകര്‍ക്കുകയാണ്. മലഞ്ചരിവുകളിലെ അരക്ഷിത പ്രദേശങ്ങളില്‍ താമസിക്കുന്ന 4500 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിച്ച വിവിധ കമ്മിറ്റികള്‍ ശുപാര്‍ശ ചെയതിനെക്കുറിച്ച് സര്‍ക്കാരോ ജനപ്രതിനിധികളോ ചിന്തിക്കുന്നേയില്ല. അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന്നു പകരം കള്ളാടിയില്‍ നിന്നും ആനക്കാംപൊയിലിലേക്ക് ഇരട്ട തുരങ്കം നിര്‍മിക്കാനുള്ള ഭഗീരഥ ശ്രമത്തിലാണ് സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റു മാഫിയക്കും വന്‍കിട കരാറുകാര്‍ക്കും വേണ്ടിയാണിതെന്ന് വ്യക്തമാണ്.
പ്രകൃതി ദുരന്തങ്ങളുടെ ഇരകളുടെ മാന്യമായ പുനരധിവാസത്തിനായും വയനാടിന്റെയും പശ്ചിമഘട്ടത്തിന്റെയും നിലനില്‍പ്പിനായും പോരാടാന്‍ ജനം തയാറാകണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. തച്ചമ്പത്ത് രാമകൃഷ്ണന്‍, ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, എ.വി. മനോജ്, സി.എ. ഗോപാലകൃഷ്ണന്‍, പി.എം. സുരേഷ്, എം. ഗംഗാധരന്‍, സണ്ണി മരക്കടവ്, ഒ.ജെ. പൗലോസ് എന്നിവര്‍ സംസാരിച്ചു.