ഭാര്യക്ക് ചുംബനം നല്‍കി യാത്രപറഞ്ഞ് പോലീസിനൊപ്പം തിരിച്ചു അല്ലു അര്‍ജുന്‍; അറസ്റ്റു വാര്‍ത്തയറിഞ്ഞ് ആരാധകര്‍ തടിച്ചുകൂടിയതോടെ അതിവേഗ നീക്കവുമായി പോലീസ്; മജിസ്ട്രേറ്റിന് മുന്നില്‍ അതിവേഗം ഹാജറാക്കാന്‍ നീക്കം; തെലുങ്ക് സൂപ്പര്‍താരത്തിന്റെ അറസ്റ്റിനെ എതിര്‍ത്ത് ബിആര്‍എസ്
ഭാര്യക്ക് ചുംബനം നല്‍കി പോലീസിനൊപ്പം യാത്രതിരിച്ചു അല്ലു അര്‍ജുന്‍
ഹൈദരാബാദ്: ലക്ഷക്കണക്കിന് ആരാധകരുള്ള നടന്‍ അല്ലു അര്‍ജ്ജുനെ അറസ്റ്റു ചെയ്ത ഹൈദരാബാദ് പോലീസ് അതിവേഗ നീക്കങ്ങളുമായി രംഗത്ത്. പുലര്‍ച്ചെ അല്ലു ചായകുടുക്കുന്നതിന് മുമ്പ് വീട്ടിലെത്തിയ പോലീസ് നടനെ അധികമാരും അറിയുന്നതിന് മുമ്പ് അറസ്റ്റു ചെയ്യാനാണ് ശ്രമം നടത്തിയത്. എന്നാല്‍, തിരക്കിട്ടുള്ള ഈ നീക്കം വിവാദങ്ങള്‍ക്കും വഴിവെച്ചു. ഇതിവിടെ ചായകുടിച്ച് ഭാര്യക്ക് ചുംബനം നല്കിയാണ് അല്ലു പോലീസിനൊപ്പം പോയത്.
അറസ്റ്റു വാര്‍ത്തയറിഞ്ഞ് ആരാധകര്‍ തടിച്ചുകൂടിയതോടെ പോലീസ് നടനെ വേഗത്തില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജറാക്കാനാണ് ശ്രമം നടത്തുന്നത്. അതിനിടെ അറസ്റ്റിനെ എതിര്‍ത്ത് ബിആര്‍എസ് രംഗത്തുവന്നു. തിടക്കപ്പെട്ട് അറസ്റ്റു ചെയ്യേണ്ട കാര്യമില്ലായിരുന്നു എന്നാണ് ബിആര്‍എസ് വിമര്‍ശനം ഉന്നയിച്ചത്. അല്ലു അര്‍ജുന്‍ നേരിട്ട് ഉത്തരവാദിയല്ലാത്ത ഒരു കാര്യത്തിന്റെ പേരിലാണ് പോലീസ് നടപടി. എന്നാല്‍, ഇത് എത്രകണ്ട് ശരിയാണെന്ന ചോദ്യമാണ് അല്ലു ഉന്നയിച്ചത്.
നടന്റെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ചിക്കട്പള്ളി പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ നടനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കും. ഭാരതീയ ന്യായ സംഹിത 105 (കുറ്റകരമായ നരഹത്യ), 118 -1 മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അല്ലു അര്‍ജുന്‍, സുരക്ഷാ ജീവനക്കാര്‍, തീയറ്റര്‍ മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇതു കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.
പൊലീസ് എത്തിയപ്പോള്‍ അല്ലു അര്‍ജുന്‍ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. കിടപ്പ് മുറിയില്‍ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അര്‍ജുന്‍ ചോദിച്ചു. പ്രാതല്‍ കഴിക്കാന്‍ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. പോലീസ് അതിന് അനുവദിച്ചില്ലെന്നാണ് സൂചന. അച്ഛന്‍ അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘം അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ഭാര്യയെ സമാധാനിപ്പിച്ചു ചുംബിച്ചാണ് അല്ലു പോലിസിനൊപ്പം നീങ്ങിയത്.
അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് സ്വദേശിയായ രേവതി (39)യാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അല്ലു അര്‍ജുന്‍ തിയേറ്ററില്‍ എത്തുമെന്ന വിവരം ലഭിച്ചതോടെ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു. തിരക്കേറിയതോടെ ആളുകള്‍ തിക്കും തിരക്കുമായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശിയിരുന്നു. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര്‍ ബോധംകെട്ടു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ലാത്തി വീശലാണ് യഥാര്‍ത്ഥത്തില്‍ അവിടെ തിക്കും തിരക്കും കൂട്ടിയതും ആളുകള്‍ ഓടേണ്ടി വന്ന സാഹചര്യമൊരുക്കിയതും. എന്നാല്‍ കേസെടുത്തത് അല്ലു അര്‍ജുനെതിരേയും.
അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇതിന് കാരണമെന്ന് ഹെദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി അന്ന് പറഞ്ഞിരുന്നു. നടന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചത് അവസാന നിമിഷം മാത്രമാണെന്ന് ആരോപണം. തുറന്ന ജീപ്പിലാണ് താരവും കുടുംബവും തിയറ്ററില്‍ എത്തിയത്. താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇങ്ങനെ എത്തിയ ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നുവെന്നാണ് ആരോപണം. തുടര്‍ന്നാണ് പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടിവന്നത് എന്നാണ് പറയുന്നത്.
യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നടന്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്.