2000 കോടിയുടെ തട്ടിപ്പുകേസ്: റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ '24 ന്യൂസ്' ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്; തട്ടിപ്പുകാരന്‍ നല്‍കിയ കള്ളപ്പരാതിയിലെ വ്യാജവാര്‍ത്ത; 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ചെയര്‍മാന്‍; കള്ളപ്പരാതി നല്‍കിയ അബ്ദുസലാമിന് എതിരെയും മാനനഷ്ടക്കേസ്

റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ '24 ന്യൂസ്' ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്

Update: 2025-12-02 17:46 GMT

കൊച്ചി: 2000 കോടി രൂപയുടെ തട്ടിപ്പ് കേസെന്ന പേരില്‍, തനിക്കെതിരെ റിപ്പോര്‍ട്ടര്‍ ടി.വി. പുറത്തുവിട്ട വാര്‍ത്ത 'അടിസ്ഥാനരഹിതവും അപകീര്‍ത്തികരവും' ആണെന്ന് '24 ന്യൂസ്' ചാനല്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്. ഒരു തട്ടിപ്പുകാരന്‍ നല്‍കിയ വ്യാജ പരാതിയിലെ വിവരങ്ങളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

100 കോടിയുടെ മാനനഷ്ടക്കേസ്

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി ആലുങ്കല്‍ മുഹമ്മദ് അറിയിച്ചു. കള്ളപ്പരാതി നല്‍കിയ അബ്ദുസലാമിനെതിരെയും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

ആലുങ്കല്‍ മുഹമ്മദിന്റെ പ്രതികരണം ഇങ്ങനെ:

'എനിക്കെതിരെ ഇന്ന് റിപ്പോര്‍ട്ടര്‍ ടിവി വെളിപ്പെടുത്തല്‍ എന്ന നിലയില്‍ പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണ്.'

'വ്യക്തി ജീവിതത്തിലും ബിസിനസ് ജീവിതത്തിലും സത്യസന്ധവും സംശുദ്ധവുമായ കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളതെന്ന് എന്നെ അറിയുന്ന എല്ലാവര്‍ക്കും ബോധ്യമുണ്ട്.'

'പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ കൊച്ചിയിലില്ല. എഫ്.ഐ.ആറില്‍ പറയുന്ന ആരെയും പരിചയവുമില്ല.'

വ്യാജ കേസിനെ നിയമപരമായി നേരിടുമെന്നും, ഈ വ്യാജവാര്‍ത്ത അറിഞ്ഞ് തന്നെ അറിയുന്നവര്‍ വിഷമിക്കരുത് എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പരാതിക്കാരന്‍ കുരുക്കില്‍: രേഖകളില്ല, ചോദ്യങ്ങള്‍ ബാക്കി

അതേസമയം, ആലുങ്കല്‍ മുഹമ്മദിനെതിരെ കള്ളപ്പരാതി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പരാതിക്കാരന്‍ അബ്ദുസലാം പോലീസിന്റെ മുന്നില്‍ കുടുങ്ങിയിരിക്കുകയാണ്. ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ പോലീസ് മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും അബ്ദുസലാം ഇത് വരെയും നല്‍കിയിട്ടില്ല.

2018-ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2025-ല്‍ എന്തിന് പരാതി നല്‍കിയെന്ന പോലീസിന്റെ ചോദ്യത്തിനും പരാതിക്കാരന് മറുപടിയില്ല.മര്‍ദ്ദനം നടന്നതായി പറയുന്ന ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എങ്കിലും, തെളിവുകളുടെ അഭാവം കാരണം ഈ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

അബ്ദുള്‍സലാം അബ്ദുള്‍റഹ്‌മാന്റെ പരാതി

സൗദിയിലെ ഹോസ്പിറ്റല്‍ ശൃംഖല വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നും ഒത്തുതീര്‍പ്പിന് വിളിച്ച് വരുത്തി ക്രൂര മര്‍ദ്ദനം നടത്തിയെന്നുമാണ് പരാതി. ചാനല്‍ ചെയര്‍മാനാണ് ആലുങ്കല്‍ മുഹമ്മദാണ് ഒന്നാം പ്രതി. നെടുമ്പാശ്ശേരി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

നിലമ്പൂര്‍ സ്വദേശി അബ്ദുള്‍സലാം അബ്ദുള്‍റഹ്‌മാന്റെ പരാതിയിലാണ് മുഹമ്മദ് ആലുങ്കലും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

'ഒന്ന് മുതല്‍ ആറ് വരേയുള്ള പ്രതികള്‍ ചേര്‍ന്ന് 2015 മുതല്‍ 2019 വരേയുള്ള കാലയളവില്‍ ഗൂഡാലോചന നടത്തി പരാതിക്കാരന്‍ സൗദി അറേബ്യയില്‍ 2003 മുതല്‍ പ്രവര്‍ത്തനം നടത്തിവരുന്ന 2000 കോടി രൂപ വിലമതിക്കുന്ന ആശുപത്രി ശ്യംഖല വ്യാജരേഖയുണ്ടാക്കി ചതിയിലൂടെ തട്ടിയെടുത്തു' നെടുമ്പാശ്ശേരി പൊലീസ് രേഖപ്പെടുത്തിയ എഫ്‌ഐറില്‍ പറയുന്നു.

ആശുപത്രി ശൃംഖല തട്ടിയെടുത്തതിന് പുറമെ, വ്യാജ പരാതികള്‍ നല്‍കി പരാതിക്കാരനെ സൗദി അറേബ്യയില്‍ ജയില്‍വാസം അനുഭവിക്കുന്നതിന് ഇടയാക്കി. ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റ് (ഒത്തുതീര്‍പ്പ്) എന്ന വ്യാജേന നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പ്രോറ റെസിഡന്‍സി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരനെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.

24 ന്യൂസ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കല്‍ ആണ് കേസിലെ ഒന്നാം പ്രതി. ഇദ്ദേഹത്തെ കൂടാതെ, നിസാം അലി, അബ്ദുള്‍ ലത്തീഫ്, സുബൈര്‍, ഷിഹാബുദ്ധീന്‍, സമീര്‍ എന്നിവരാണ് രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍.

Tags:    

Similar News