ജയില്‍ വളപ്പിലെ പച്ചക്കറി തോട്ടത്തില്‍ പണി; ജോലിയില്‍ കൃത്യം; ആത്മഹത്യാ പ്രവണതയില്ല; ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടം; ആരൊക്കെയോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കൂടെക്കൂടെ സംശയം; പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് റിപ്പോര്‍ട്ട്

അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് റിപ്പോര്‍ട്ട്

Update: 2024-12-24 07:34 GMT

ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍, വധശിക്ഷ ലഭിച്ച പ്രതി അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി.

മാനസികമായ പ്രശ്‌നങ്ങള്‍, വ്യാകുലത, ഭയം എന്നിവ അമീറുല്‍ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും കോടതിക്ക് കൈമാറി. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും അമീറുല്‍ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേരള ഹൈക്കോടതി വിധിക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ ആണ് മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ടും സ്വഭാവ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മനഃശാസ്ത്രജ്ഞര്‍, മനോരോഗ വിദഗ്ധര്‍, ന്യൂറോളജിസ്റ്റ് എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അമീറുള്‍ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാനസിക പ്രശ്‌നങ്ങള്‍, വ്യാകുലത, ഭയം എന്നിവ അമീറുള്‍ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ല, ആത്മഹത്യ ചെയ്യാനുള്ള ആലോചനയില്ല, ഒറ്റക്ക് ജീവിക്കാനാണ് ഇഷ്ടം തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആരൊക്കെയോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന സംശയം പരിശോധനയ്ക്കിടെ അമീറുള്‍ ഇസ്ലാം പ്രകടിപ്പിച്ചതായും സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.

2017 മുതല്‍ തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് അമീറുള്‍ ഇസ്ലാം. ആദ്യം പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റിലായിരുന്നു ജോലി. പിന്നീട് നെയ്ത്ത് ജോലിയിലേക്ക് മാറി. നിലവില്‍ ജയില്‍ വളപ്പിലെ പച്ചക്കറി തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. പ്രതിദിനം 127 രൂപയാണ് വേതനമായി ലഭിക്കുന്നത്. ജോലിയില്‍ കൃത്യമാണെന്നും ജയില്‍ സൂപ്രണ്ട് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം നാലാം ക്ലാസ് വരെയാണ് പഠിച്ചത്. 2013-ല്‍ കേരളത്തില്‍ എത്തിയതു മുതല്‍ നിര്‍മാണ മേഖലയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ മുഖേന സുപ്രീം കോടതിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ മനശാസ്ത്ര, സ്വഭാവ സര്‍ട്ടിഫിക്കറ്റ് സുപ്രീം കോടതിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും വധശിക്ഷയ്ക്ക് എതിരേ അമീറുള്‍ ഇസ്ലാം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുക.

Tags:    

Similar News