'കോൻ ബനേഗാ ക്രോർപ്പതി...' എന്ന സ്ഥിരം പരിപാടിക്കെത്തിയ ബോളിവുഡിന്റെ സ്വന്തം 'ബിഗ് ബി'; എനിക്ക് എല്ലാം അറിയാമെന്ന മട്ടിൽ ഹോട്ട് സീറ്റിലുരുന്ന ആ കൊച്ചു പയ്യൻ; ചോദ്യം തീർക്കുന്നതിന് മുന്നേ ഉത്തരം പറച്ചിൽ; ഓപ്ഷനുകൾ വേണ്ടെന്ന് പറഞ്ഞും ധൈര്യം; ഒടുവിൽ മുട്ടൻ പണി; സാരമില്ല..പോട്ടെയെന്ന് ബച്ചൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

Update: 2025-10-14 09:17 GMT

'കോൻ ബനേഗാ ക്രോർപ്പതി' എന്ന ടെലിവിഷൻ ഷോ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ പരിപാടിയാണ്. മലയാളത്തിൽ വന്ന നിങ്ങൾക്കുമാകാം കോടീശ്വരന്റെ ഹിന്ദിപതിപ്പ്. ആ ഷോയിലെ ഒരു എപ്പിസോഡാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഒരു കുട്ടിയായിരുന്നു ആ എപ്പിസോഡിലെ മത്സരാർത്ഥി. ഈ കുട്ടിയുടെ പ്രകടനത്തെയാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.

ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഈ കുട്ടി, ഗെയിമിന്റെ നിയമങ്ങൾ വിശദീകരിക്കാനെത്തിയ അമിതാഭ് ബച്ചനോട് സംവദിച്ച രീതിയാണ് പലരെയും ഞെട്ടിച്ചത്. ഗുജറാത്തിൽ നിന്നുള്ള അഞ്ചാം ക്ലാസുകാരനായ പത്തുവയസുകാരൻ ഇഷിത് ഭട്ടിൻ്റെ അമിതാത്മവിശ്വാസമാണ് ഇപ്പോൾ ച‍ർച്ച.

ഹോട്ട് സീറ്റിലെത്തിയതോടെ, ഗെയിമിന്റെ നിയമങ്ങൾ തനിക്ക് അറിയാമെന്നും വിശദീകരിക്കേണ്ടതില്ലെന്നും കുട്ടി മത്സരാർഥി ബച്ചനോട് പറഞ്ഞു. തുടർന്ന്, ഓപ്ഷനുകൾ പൂർണ്ണമായി കേൾക്കുന്നതിന് മുമ്പ് തന്നെ ഉത്തരം ലോക്ക് ചെയ്യാൻ നിർബന്ധം പിടിച്ചു.അമിതാഭ് ബച്ചൻ സംസാരിക്കുന്ന പല കാര്യങ്ങളും പൂർത്തിയാക്കാൻ പോലും കുട്ടി സമ്മതിക്കാതെ ഇടയിൽ കയറിപ്പറയുന്നതും കാണാമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായി. കുട്ടിയുടെ പെരുമാറ്റത്തെ കുറിച്ച് വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ നൽകുന്നതാണ് കെബിസിയിലെ പതിവ്. എന്നാൽ തനിക്ക് ഉത്തരമറിയാമെന്നതിനാൽ ചോദ്യം ചോദിച്ചശേഷം ഓപ്ഷനുകൾ പറയാൻ കുട്ടി അമിതാഭ് ബച്ചനെ പലപ്പോഴും അനുവദിച്ചില്ല. എന്നാൽ 20,000 രൂപയ്ക്കുള്ള രാമായണത്തെ കുറിച്ചുള്ള നാലാമത്തെ ചോദ്യത്തിൽ കുട്ടിക്ക് ഉത്തരംമുട്ടി.

രാമായണത്തിലെ ആദ്യകാണ്ഡത്തിന്റെ പേര് എന്താണ് എന്നായിരുന്നു ചോദ്യം. അത്രയും നേരം ഓപ്ഷനുകൾ വേണ്ടാ എന്ന് അമിതാത്മവിശ്വാസം പ്രകടിപ്പിച്ച കുട്ടി ഈ ചോദ്യത്തിന് ഓപ്ഷൻസ് നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ അയോധ്യാകാണ്ഡം എന്ന തെറ്റായ ഉത്തരമാണ് കുട്ടി തിരഞ്ഞെടുത്തത്. ഇതോടെ ഗെയിമിൽ നിന്ന് കുട്ടി പുറത്തായി. ഉത്തരം തെറ്റായി തിരഞ്ഞെടുത്ത് സമ്മാനത്തുകയൊന്നും നേടാതെ ഷോയിൽ നിന്ന് മടങ്ങേണ്ടി വന്നു. "ചിലപ്പോൾ കുട്ടികൾ അമിത ആത്മവിശ്വാസം കാരണം തെറ്റുകൾ വരുത്തും" എന്നാണ് ബച്ചൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.

ഈ എപ്പിസോഡിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് പലതരത്തിലുള്ള പ്രതികരണങ്ങൾ ഉയർന്നുവരികയും ചെയ്തു. പലരും ബച്ചന്റെ ക്ഷമയെയും പക്വതയെയും അഭിനന്ദിക്കുമ്പോൾ, മറ്റുചിലർ കുട്ടിയുടെ അമിതമായ ആത്മവിശ്വാസത്തെയും സംസാരരീതിയെയും വിമർശിക്കുന്നു. കുട്ടിയുടെ അമിത ആത്മവിശ്വാസമാണെന്നും മുതിർന്നവരോട് ബഹുമാനമില്ല എന്നുള്ളതാണ് കുട്ടിക്കും മാതാപിതാക്കൾക്കെതിരായ സോഷ്യൽ മീഡിയ വിമർശനത്തിന് കാരണം.

Tags:    

Similar News