സെക്രട്ടറിയായി 'അമ്മ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബാബുരാജിന് പിന്മാറേണ്ടി വന്നപ്പോള്‍ എല്ലാം കുളമാക്കാന്‍ പൊന്നമ്മ ബാബുവിനെ ഇറക്കി നടത്തിയ അട്ടിമറി നീക്കങ്ങള്‍ എല്ലാം പൊളിഞ്ഞു; വിവാദങ്ങളെ അതിജീവിച്ച് കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്; ബാബുരാജ് ഭരണത്തില്‍ ചുക്കാന്‍ പിടിക്കാന്‍ ഇറങ്ങിയ അമ്മയുടെ പെണ്മക്കള്‍ ഇനി വീട്ടിലിരിക്കും
ബാബുരാജ് ഭരണത്തില്‍ ചുക്കാന്‍ പിടിക്കാന്‍ ഇറങ്ങിയ അമ്മയുടെ പെണ്മക്കള്‍ ഇനി വീട്ടിലിരിക്കും
കൊച്ചി: താരസംഘടനയായ അമ്മയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിന് ഒടുവിലാണ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള വനിതകളുടെ സംഘം ഭരണം പിടിച്ചിരിക്കുന്നത്. പ്രസിഡന്റ് (ശ്വേത മേനോന്‍), വൈസ് പ്രസിഡന്റ് (ലക്ഷ്മിപ്രിയ), ജോയിന്റ് സെക്രട്ടറി (അന്‍സിബ), ജനറല്‍ സെക്രട്ടറി (കുക്കു പരമേശ്വരന്‍) എന്നിങ്ങനെ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ വനിതകള്‍ എത്തിയതാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പില്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറര്‍ ആയി ഉണ്ണി ശിവപാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ജയന്‍ ചേര്‍ത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്.
ശ്വേതാ മേനോന്‍ അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് പണം ഉണ്ടാക്കിയെന്ന പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങിയ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇത്തവണത്തെ അമ്മ തെരഞ്ഞെടുപ്പ്. അമ്മ സംഘടനയിലെ സുപ്രധാനമായ സ്ഥാനത്തേക്ക് സ്ത്രീകള്‍ ഇതുവരേയും മത്സരിച്ചിട്ടില്ല. പ്രധാനപ്പെട്ട സ്ഥാനത്തേക്കോ തീരുമാനങ്ങളെടുക്കുന്നതോ ആയ പദവികളിലേക്കാണ് താന്‍ മത്സരിക്കുന്നതാണോ തനിക്കെതിരായ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അറിയില്ലെന്നായിരുന്നു കുക്കു പരമേശ്വരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മെമ്മറി കാര്‍ഡ് വിഷയത്തില്‍ കുക്കു പ്രതികരണത്തിന് നില്‍ക്കാതെ പക്വതയോടെയായിരുന്നു വിഷയത്തെ കൈകാര്യം ചെയ്തത്. അതോടൊപ്പം തന്നെ സംഘടനക്കുള്ളിലെ ഒരുവിഭാഗത്തിനുള്ള മറുപടി കൂടിയാവുകയാണ് കുക്കുവിന്റെ വിജയം. അതേസമയം തനിക്കെതിരായ പരാതിയില്‍ ശ്വേതമേനോന്‍ പ്രതികരണം അറിയിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ കേസിനുപിന്നാലെ ചലച്ചിത്ര മേഖലയില്‍ നിന്ന് ശ്വേതക്ക് വലിയ പിന്തുണ ലഭിക്കുകയുംചെയ്തു.
രാജിവച്ച ഭരണസമിതിയിലെ ആരോപണവിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചതോടെയാണ് അമ്മയില്‍ ചേരിതിരിവ് രൂക്ഷമായത്. ലൈംഗിക ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു ബാബുരാജ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയത്. അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താന്‍ എന്നന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചിരുന്നു. മോഹന്‍ ലാല്‍ സ്ഥാനം ഒഴിയുകയും മമ്മൂട്ടിയും ഏറെക്കുറെ വിട്ടുനില്‍ക്കുകയും ചെയ്തതോടെ താരസംഘടന കൈപ്പിടിയിലാക്കാമെന്ന ബാബുരാജിന്റെ മോഹം അംഗങ്ങളുടെ എതിര്‍പ്പില്‍ പൊലിഞ്ഞതോടെ തന്നെ പിന്തുണയ്ക്കുന്ന ചില നടിമാരെ രംഗത്തിറക്കിയാണ് താരം തിരിച്ചടിച്ചത്.
മുന്‍ ഭരണസമിതിയുടെ കാലത്തെ അമ്മയിലെ നീക്കിയിരിപ്പ് അടക്കം ചര്‍ച്ചയാക്കിയായിരുന്നു പ്രചാരണം. ബാബുരാജിനെ പിന്തുണച്ച് നടി പൊന്നമ്മ ബാബു നടത്തിയ പരാമര്‍ശങ്ങളാണ് വിഷയം ആളിക്കത്തിച്ചത്. ഇടവേള ബാബു, ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചപോള്‍ നീക്കി ഇരുപ്പ് രണ്ട് കോടി മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും, ഇപ്പോള്‍ നിലവിലുള്ള ഏഴര കോടി രൂപ ബാബുരാജിന്റെ നേതൃത്ത്വത്തിലുള്ള കമ്മിറ്റി ഉണ്ടാക്കിയതാണെന്നുമായിരുന്നു അവകാശവാദം. ഈ അവകാശവാദത്തിനെതിരെ മാലാ പാര്‍വ്വതി രംഗത്ത് വന്നതോടെ വിവാദം കത്തിപ്പടര്‍ന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥി ശ്വേത മേനോനെയും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി കുക്കു പരമേശ്വരനെയും ലക്ഷ്യമിട്ടായിരുന്നു ആരോപണങ്ങള്‍. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ എന്നിവര്‍ ഉന്നയിച്ച ആരോപണവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദം കത്തിപ്പടര്‍ന്നു. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കയ്യിലാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ കുക്കു പരമേശ്വരന്‍ അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാര്‍വതി പറഞ്ഞത്.
ബാബുരാജ് പത്രിക പിന്‍വലിച്ചതിന് പിന്നാലെ കുക്കു പരമേശ്വരനെതിരെ മെമ്മറി കാര്‍ഡ് വിവാദവും സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ നടി ശ്വേതാ മേനോനെതിരേ കേസും ഉയര്‍ന്നുവന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ശ്വേതയ്ക്ക് പിന്തുണയുമായി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ എത്തി. ബാബുരാജിനെ പിന്തുണയ്ക്കുന്ന ഭൂരിഭാഗം പേരും വോട്ട് ചെയ്തിട്ടും ശ്വേത മേനോനും കുക്കു പരമേശ്വരും ജയിച്ചുകയറി. 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടന്‍ ബാബുരാജ് ആവശ്യപ്പെട്ടുകഴിഞ്ഞു. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും ബാബുരാജ് ആദ്യ വെടി പൊട്ടിച്ചുകഴിഞ്ഞു. തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് പത്രിക പിന്‍വലിച്ചതെന്നും ബാബുരാജ് പറഞ്ഞു.
ശ്വേതയുടെ കേസുമായി തന്നെ ബന്ധപ്പെടുത്തി പറഞ്ഞതിന് പിന്നിലെ വഴികളും പുതിയ ഭരണസമിതി അന്വേഷിക്കണമെന്ന് താരം പറഞ്ഞു. പുതിയ ഭരണസമിതിയിലേക്ക് താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോഴാണ് തനിക്കെതിരെ ആരോപണങ്ങള്‍ വന്നത് എന്നും ഒരുവര്‍ഷം അഡ്ഹോക്ക് കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ തനിക്കെതിരെ ആരോപണവുമായി വരാന്‍ ആരുമുണ്ടായിരുന്നില്ല എന്നും ബാബുരാജ് പറഞ്ഞു. ഇത്രയും ആരോപണങ്ങള്‍ കേട്ടുകൊണ്ട് മത്സരിക്കേണ്ട കാര്യമില്ല എന്ന് സ്വയം തോന്നിയതുകൊണ്ടാണ് പത്രിക പിന്‍വലിച്ചതെന്നും ബാബുരാജ് മാധ്യമങ്ങളോടു പറഞ്ഞു.
വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും ശ്വേതാ മേനോനെയും കുക്കു പരമേശ്വരനെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ സജീവമായത് കോടതിലും കേസുമായി നില്‍ക്കുകയാണ്. ഇതിനിടെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഡിജിപിക്ക് കുക്കു പരമേശ്വരന്‍ പരാതി നല്‍കി. മെമ്മറി കാര്‍ഡുമായി എനിക്ക് ഒരു ബന്ധവുമില്ലെന്നും അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നു, കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയുമാണ് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമം എന്നും കുക്കു ആരോപിക്കുന്നത്. പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അമ്മയിലെ അംഗങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും താരസംഘടനയിലെ പൊട്ടിത്തെറികള്‍ക്കുമൊടുവിലാണ് 'അമ്മ'യുടെ തലപ്പത്തേക്ക് വനിതകളുടെ തേരോട്ടം. ശ്വേതാ മേനോന്‍ 159 വോട്ടുകളുടെ പിന്‍ബലത്തോടെ അമ്മയിലെ ആദ്യ വനിതാ പ്രസിഡന്റും 117 വോട്ടുകള്‍ നേടി കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും എത്തുമ്പോള്‍ ഇത് സിനിമാ സംഘടനാ ചരിത്രത്തില്‍ ആദ്യ സംഭവമാവുകയാണ്. പ്രസിഡന്റ്- ശ്വേത മേനോന്‍, വൈസ് പ്രസിഡന്റ്- ലക്ഷ്മിപ്രിയ, ജോയിന്റ് സെക്രട്ടറി -അന്‍സിബ, ജനറല്‍ സെക്രട്ടറി- കുക്കു പരമേശ്വരന്‍ എന്നിവരാണ് സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നത്. അന്‍സിബ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
'അമ്മ'യിലെ സുപ്രധാന സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തുമ്പോള്‍ സംഘടനയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റം എത്തരത്തിലാകുമെന്ന് ഉറ്റുനോക്കുകയാണ് ചലച്ചിത്ര ലോകം. ശ്വേതാ മേനോന് 159 വോട്ടും ദേവന് 132 വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജയന്‍ ചേര്‍ത്തലക്ക് 267 വോട്ടും ലക്ഷ്മിപ്രിയക്ക് 139 വോട്ടും നാസര്‍ ലത്തീഫിന് 89 വോട്ടുമാണ് ലഭിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരന് 117 വോട്ടും രവീന്ദ്രന് 115 വോട്ടുമാണ് ലഭിച്ചത്. ജയന്‍ ചേര്‍ത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ട്രഷററായി ഉണ്ണി ശിവപാലും തിരഞ്ഞെടുക്കപ്പെട്ടു. നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍, സരയു മോഹന്‍, അഞ്ജലി നായര്‍, ആശ അരവിന്ദ്, ടിനി ടോം, ജോയ് മാത്യു,വിനു മോഹന്‍, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിലവില്‍ വരുന്നതോടെ ബാബുരാജിനെ പിന്‍തുണച്ചവര്‍ക്ക് ഇനി അമ്മയില്‍ തിരിച്ചടി നേരിടേണ്ടി വരുമോ എന്നാണ് ഉറ്റുനോക്കുന്നത്.