അവസാനമായത് എട്ടു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന്; വിവാഹ മോചനത്തോടെ ആഞ്ചലീനയേക്കാള്‍ നാലിരട്ടി സ്വത്തുക്കള്‍ ബ്രാഡ്പിറ്റിന്; ആറ് മക്കള്‍ക്കും താല്‍പ്പര്യം അമ്മയ്‌ക്കൊപ്പം പോകാന്‍; ഹോളിവുഡ് താരദമ്പതികള്‍ വിവാഹ മോചനം നേടുമ്പോള്‍ സംഭവിക്കുന്നത്

Update: 2025-01-01 07:30 GMT

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് താര ദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചന കരാറില്‍ എത്തിയതുമായി ബന്ധപ്പെട്ട് പലതരം വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇരുവരും കഴിഞ്ഞ ദിവസം വിവാഹമോചന കരാറില്‍ ഒപ്പ് വെച്ചതായി അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. സ്വത്ത് തര്‍ക്കവും കുട്ടികളുടെ അവകാശവും എല്ലാം ബന്ധപ്പെട്ട് വിവാഹമോചനം വൈകുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ വിരാമം ഇട്ടിരിക്കുന്നത്. ആഞ്ജലീനയും കുട്ടികളും ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ചുവെന്നും കുടുംബത്തിന്റെ സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവരുടെ അഭിഭാഷകനെ ഉദ്ധരിച്ച് പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇരുവരുടേയും സംയുക്ത ഉടമസ്ഥതയിലുള്ള ബംഗ്ലാവിന്റെയും മുന്തിരിത്തോട്ടത്തിന്റെയും ഉടമസ്ഥവകാശം സംബന്ധിച്ച് വേറൊരു കേസുമായി കോടതിയെ സമീപിക്കാനാണ് നീക്കമെന്നാണ് കരുതപ്പെടുന്നത്. 61 കാരനായ ബ്രാഡ് പിറ്റിന് 120 മില്യണ്‍ ഡോളറിന്റെ ആസ്തിയാണ് വിവാഹ മോചനത്തോടെ സ്വന്തമായിരിക്കുന്നത്. ആഞ്ജലിനക്ക് ലഭിച്ചതിനേക്കാള്‍ നാലിരട്ടി സ്വത്തുക്കളാണ് പിറ്റിന് ഇപ്പോള്‍

ലഭിച്ചിരിക്കുന്നത്. ഒരു സിനിമക്ക് 20 മുതല്‍ 30 മില്യണ്‍ ഡോളര്‍ വരെ പ്രതിഫലം ലഭിക്കുന്ന താരമാണ് ബ്രാഡ് പിറ്റ്. ദത്തെടുത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ ആറ് മക്കളും ആഞ്ജലീനക്ക് ഒപ്പം പോകാനാണ് കോടതിയില്‍ താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്.

ഇരുവര്‍ക്കും കൂടി 520 മില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഉണ്ടായിരുന്നതെന്നാണ് കണക്കാക്കുന്നത്. 2016-ലാണ് ആഞ്ജലീന ജോളി ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. അന്ന് മുതല്‍ നിയമപോരാട്ടം തുടരുകയായിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കവും കുട്ടികളുടെ അവകാശവും ധാരണയിലെത്താതിരുന്നതോടെയാണ് നിയമയുദ്ധം നീണ്ടുപോയത്. എന്നാല്‍ തങ്ങള്‍ക്കിടയിലെ വിയോജിപ്പുകളുടെ കാരണം താരതമ്യേന രഹസ്യമാക്കിവെക്കാനാണ് ഇരുവരും ശ്രമിച്ചത്.

ഹോളിവുഡിലെ ഏറ്റവും പ്രമുഖ ദമ്പതിമാരായിരുന്നു 49 കാരിയായ ജോളിയും 61 കാരനായ പിറ്റും. രണ്ടു പേരും ഓസ്‌കാര്‍ ജേതാക്കളാണ്. ഇവര്‍ക്ക് ആറ് കുട്ടികളുമുണ്ട്. 2016ല്‍ യൂറോപ്പില്‍ നിന്നുള്ള ഒരു സ്വകാര്യ ജെറ്റ് വിമാനത്തില്‍വെച്ച് പിറ്റ് തന്നോടും കുട്ടികളോടും മോശമായി പെരുമാറിയെന്ന് പറഞ്ഞാണ് ജോളി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. 2019ല്‍ ഒരു ജഡ്ജി അവരെ വിവാഹമോചിതരായി പ്രഖ്യാപിച്ചുവെങ്കിലും സ്വത്തുക്കളുടെയും കുട്ടികളുടെ കസ്റ്റഡിയുടെയും വിഭജനം പ്രത്യേകം പരിഹരിക്കാനായി വിവാഹ മോചനക്കേസ് തുടരുകയായിരുന്നു.

മാനസികമായും ശാരീരികമായും തന്നേയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചുവെന്നും മക്കളുടെ മുന്നില്‍ അധിക്ഷേപിച്ചുവെന്നും ജോളി ആരോപിച്ചിരുന്നു. മക്കളില്‍ ഒരാളെ ശ്വാസംമുട്ടിച്ചുവെന്നും മറ്റൊരാളുടെ മുഖത്തടിച്ചെന്നും തങ്ങളുടെ മേല്‍ ബിയര്‍ ഒഴിച്ചുവെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനുശേഷം രേഖകള്‍ പുറത്തുവിട്ട എഫ്ബിഐക്കും ഡിപ്പാര്‍ട്മെന്റ് ഓഫ് ജസ്റ്റിസിനുമെതിരെ ജോളി കേസ് നല്‍കിയിരുന്നു.

എന്നാല്‍ ഇത് പിന്നീട് പിന്‍വലിച്ചു. 2004-ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വൈകാതെ അവര്‍ പങ്കാളികളാവുകയും ഒന്നിച്ച് താമസം തുടങ്ങുകയും ചെയ്തു. അന്ന് വിവാഹിതരായിരുന്നില്ലെങ്കിലും ഹോളിവുഡിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ദമ്പതിമാരായിരുന്നു അവര്‍. ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി.

ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു. കുട്ടികളുടെ സംരക്ഷണത്തിനായി ബ്രാഡ് പിറ്റ് ആഞ്ജലീനക്ക് 9 മില്യണ്‍ ഡോളര്‍ നല്‍കിയതായി നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഒടുവില്‍ കേസ് ഒത്തു തീര്‍പ്പായെങ്കിലും പുതിയ ഉടമ്പടിയുടെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, പിറ്റ് സമര്‍പ്പിച്ച പ്രത്യേക ഹരജിയുടെ ചില വിശദാംശങ്ങള്‍ വെളിപ്പെട്ടിട്ടുണ്ട്. അതില്‍ ജോളി ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്രഞ്ച് വൈനറിയുടെ പകുതി അവകാശം തനിക്ക് വില്‍ക്കുമെന്ന കരാര്‍ ലംഘിച്ചുവെന്ന് പിറ്റ് ആരോപിച്ചതായാണ് വിവരം. വിവാഹമോചന കരാര്‍ ആ വ്യവഹാരത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

Tags:    

Similar News