ഹൂത്തികള്‍ മുക്കിയത് ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച 'എറ്റേണിറ്റി സി'; ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം; ബന്ദിയാക്കിയവരില്‍ പത്തിയൂര്‍ സ്വദേശിയും; അനില്‍കുമാറിനെ കണ്ടെത്താന്‍ കേന്ദ്ര സഹായം തേടി കുടുംബം; ചെങ്കടലില്‍ സംഭവിച്ചത് എന്ത്?

Update: 2025-07-17 03:51 GMT

കായംകുളം : ചെങ്കടലില്‍ മുക്കിയ കപ്പലില്‍ അകപ്പെട്ട മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍. എന്റര്‍നിറ്റി സി എന്ന കപ്പലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പത്തിയൂര്‍ ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് ബന്ദിയാക്കിയത്. ബുധന്‍ രാവിലെയാണ് കപ്പല്‍ കമ്പിനിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഫെബ്രുവരി 22നാണ് പാലക്കാട്ടെ ഏജന്‍സി മുഖേന ഗ്രീക്കിലെ സീ ഗാര്‍ഡന്‍മാരി ടൈം സെക്യൂരിറ്റി കമ്പിനിയില്‍ അനില്‍കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്.

ജൂലൈ ഏഴിന് സെമാലിയയില്‍ നിന്നും തിരിച്ച് ചെങ്കടല്‍ വഴി വരുന്ന സമയത്ത് ഹൂതികള്‍ കപ്പല്‍ ആക്രമിച്ചു. അക്രമത്തില്‍ കപ്പല്‍ മുങ്ങി. കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി രക്ഷപെട്ട് നാട്ടില്‍ എത്തിയതായി വിവരം ലഭിച്ചു. എന്നാല്‍ അനില്‍കുമാറിനെ ഹൂതികള്‍ ബന്ദിയാക്കി. സംഭവം വിദേശ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരുന്നു. ഈ മാസം ആറിന് അനിലുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ചെങ്കടലിലേക്ക് പോവുകയാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാര്യ ശ്രീജ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച 'എറ്റേണിറ്റി സി' എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്.

ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മലയാളി. 12 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. ഇസ്രയേല്‍ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമണത്തിന് കാരണമായതെന്നും യഹിയ പറഞ്ഞു. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ക്രൂരതകള്‍ക്ക് പ്രതികാരമായാണ് ചെങ്കടലിലെ ആക്രമണങ്ങള്‍ എന്നാണ് ഹൂതികള്‍ പറയുന്നത്.

സിപിഎം സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ കെ എച്ച് ബാബുജാന്‍ അനില്‍കുമാറിന്റെ വീട്ടില്‍ എത്തി വിവരം ശേഖരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ജോണ്‍ ബ്രിട്ടാസ് എം പി യുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും, ഉടന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. യു പ്രതിഭ എം എല്‍ എ യും സംഭവത്തില്‍ ഇടപെട്ടു. എറ്റേണിറ്റി സി കപ്പലില്‍ നിന്നും രക്ഷപെട്ട ഇന്ത്യന്‍ ജീവനക്കാരന്‍ ജിസാന്‍ വഴി സൗദി അറേബ്യയിലെത്തിയതായി ജിദ്ദയിലെ കോണ്‍സുലേറ്റ് അറിയിച്ചിരുന്നു. കപ്പലിലെ സുരക്ഷാ ഗാര്‍ഡായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ഇന്ത്യക്കാരനായ അഗസ്റ്റിന്‍ ദസ്സായന്‍ ആക്രമണത്തില്‍ രക്ഷപ്പെട്ട മറ്റ് രാജ്യങ്ങളിലെ ജീവനക്കാരോടപ്പമാണ് ജിസാനില്‍ എത്തിചേര്‍ന്നത്. തുടര്‍ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഒരു സംഘം അദ്ദേഹത്തെ സന്ദര്‍ശിക്കുകയും, ഇന്ത്യയിലേക്കുള്ള മടക്ക യാത്രക്ക് ആവശ്യമായ സൗകര്യമൊരുക്കുകയുമായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പ്രാദേശിക സമയം 7:50 നാണ് എറ്റേണിറ്റി സി കടലില്‍ മുങ്ങിയത്. ഈജിപ്തിലെ പോര്‍ട്ട് സെയ്ദില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ആഗോള വ്യാപാരത്തിന്, പ്രത്യേകിച്ച് എണ്ണയ്ക്കും അവശ്യവസ്തുക്കള്‍ക്കും വേണ്ടിയുള്ള ഒരു പ്രധാന സമുദ്ര ഇടനാഴിയാണ് യെമന്‍ കടലിടുക്ക്. ആക്രമണത്തില്‍ നാല് ക്രൂ അംഗങ്ങള്‍ മരണപ്പെട്ടിരുന്നു. ആക്രമണ സമയത്ത് ലൈഫ് ബോട്ടുകള്‍ തുറന്നുവിടാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കപ്പലില്‍ 22 ജീവനക്കാരും മൂന്ന് പേരടങ്ങുന്ന സായുധ സുരക്ഷാ സംഘവുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ എട്ട് ഫിലിപ്പിനോ ജീവനക്കാരെയും എഎസ്ടിയിലെ രണ്ട് പേരെയും ഇന്ത്യക്കാരനും ഗ്രീക്കുകാരനും രക്ഷപ്പെട്ടിരുന്നു. ആറ് ഫിലിപ്പിനോ ജീവനക്കാരെ ഹൂത്തി സേന രക്ഷപ്പെടുത്തി ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം മലയാളിയും ഉണ്ടെന്നാണ് സൂചന.

ഹൂത്തികളുടെ കസ്റ്റഡിയിലുള്ള കപ്പല്‍ ജീവനക്കാരുടെ ക്ഷേമത്തില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്നും, അവരുടെ സുരക്ഷയും വേഗത്തിലുള്ള മോചനവും ഉള്‍പ്പെട്ട എല്ലാവര്‍ക്കും മുന്‍ഗണന നല്‍കണമെന്ന് യുകെ ആസ്ഥാനമായുള്ള സമുദ്ര അപകടസാധ്യതാ മാനേജ്മെന്റ് സ്ഥാപനമായ വാന്‍ഗാര്‍ഡ് ടെക്കിന്റെ ഇന്റലിജന്‍സ് മേധാവി എല്ലി ഷാഫിക് പറഞ്ഞിരുന്നു.

Tags:    

Similar News