സമ്പത്തും ദേവകുമാറും തനിക്ക് മേല്‍ 'പറക്കുമോ' എന്ന് വാസവന് ഭയം; കോട്ടയത്ത് നിന്നുള്ള അതിവിശ്വസ്തന്റെ പേര് കൂടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഉന്നയിച്ച് ദേവസ്വം മന്ത്രിയുടെ തന്ത്രം; 'നായര്‍' പ്രാതിനിധ്യ ചര്‍ച്ചയില്‍ സിപിഎം തീരുമാനം അങ്ങോട്ടും ഇങ്ങോട്ടും മാറി മറിയും; എകെജി സെന്ററില്‍ തലപകുച്ച് ചര്‍ച്ച ചെയ്ത് ഗോവിന്ദനും ടീമും; കുവൈറ്റിലുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണ്ണായകം; അനില്‍കുമാറിന് നറുക്ക് വീഴുമോ?
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നത് മൂന്ന് പേരുകള്‍. ടികെ ദേവകുമാറിനും എ സമ്പത്തിനുമൊപ്പം കോട്ടയത്ത് നിന്നുള്ള സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാറും. ദേവസ്വം മന്ത്രി വിഎന്‍ വാസവനാണ് അനില്‍കുമാറിനായി രംഗത്തുള്ളത്. ടികെ ദേവകുമാറിനെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായാണ് പരിഗണിക്കുന്നത്. ഇതിനൊപ്പം തിരുവനന്തപുരം സിപിഎം ജില്ലാ കമ്മറ്റിയാണ് എ സമ്പത്തിനെ ശുപാര്‍ശ ചെയ്തത്. ആലപ്പുഴയില്‍ നിന്നുള്ള ടികെ ദേവകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിര്‍ണ്ണായക സ്വാധീനം വാസവനുണ്ട്. ഈ സാഹചര്യത്തില്‍ അനില്‍കുമാറിന് മുന്‍തൂക്കം കിട്ടാന്‍ സാധ്യതയുണ്ട്. അതിനിടെ ജാതി സമവാക്യം അനില്‍കുമാറിനെ വിനയുമാണ്. സിപിഐയുടെ ദേവസ്വം ബോര്‍ഡിലെ പ്രതിനിധി വിളപ്പില്‍ രാധാകൃഷ്ണനാണ്. നായര്‍ സമുദായാംഗമായ വിളപ്പില്‍ ബോര്‍ഡിലുള്ളപ്പോള്‍ സിപിഎം നോമിനി മറ്റൊരു സമുദായമാകണമെന്ന ചര്‍ച്ച സജീവമാണ്. എന്നാല്‍ പി എസ് പ്രശാന്തിനെ തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കാനായിരുന്നു മുന്‍ തീരുമാനം. അതിനാല്‍ ഈ ന്യായം അനില്‍കുമാറിനെ ഒഴിവാക്കാന്‍ ചര്‍ച്ചയാക്കുന്നത് ശരിയല്ലെന്നും വാദമുണ്ട്. എന്‍ എസ് എസ് അടക്കമുള്ള സംഘടനകളുമായി വാസവന് അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ അനില്‍കുമാറിനെ ബോര്‍ഡ് പ്രസിഡന്റാക്കാന്‍ വാസവന്‍ നീക്കം നടത്തുന്നത്.
നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ വീണ്ടും നിയമിക്കേണ്ടെന്ന് പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍നിന്നുള്ള പാര്‍ട്ടി നേതൃതലത്തിലുള്ള ഒരാളെ പ്രസിഡന്റാക്കാനാണ് ആലോചന നടന്നത്. പ്രസിഡന്റ് അടക്കം മൂന്ന് അംഗങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലുള്ളത്. നായര്‍, ഈഴവ, പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള ഓരോ അംഗങ്ങളാണ് സാധാരണ ഉണ്ടാവുക. പട്ടികവിഭാഗത്തില്‍നിന്നുള്ള അംഗത്തിന്റെ കാലാവധി കഴിഞ്ഞിട്ടില്ല. നായര്‍ പ്രതിനിധിയെ നിശ്ചയിക്കുന്നത് ഇത്തവണ സിപിഐയായിരിക്കും. വിളപ്പില്‍ രാധാകൃഷ്ണനെയാണ് സിപിഐ നിയോഗിക്കുകയും ചെയ്തു. ഇതോടെയാണ് സമ്പത്തിന് സാധ്യത കൂടിയത്.
ഇതിനിടെ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള നേതാക്കളെ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിലുണ്ട്. ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ദേവകുമാറിനെ പരിഗണിക്കാനിടയുണ്ടെന്നും വാര്‍ത്തകളുണ്ട്. ദേവകുമാര്‍ നിലവില്‍ കയര്‍ഫെഡ് ചെയര്‍മാനാണ്. ബോര്‍ഡിലെ കാലാവധി ബാക്കിയുള്ള അംഗവും ആലപ്പുഴയില്‍ നിന്നാണ്. അതിനാല്‍, ദേവകുമാറിനുള്ള സാധ്യത കുറവാണെന്ന അഭിപ്രായവും നേതാക്കള്‍ പങ്കുവെക്കുന്നു. ഇതിനിടെയാണ് അനില്‍ കുമാറിന്റെ പേര് ചര്‍ച്ചയായത്. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ നേതാവാണ് പ്രശാന്ത്. മുന്‍ പ്രസിഡന്റ് വാസുവിന്റെയും പി.എസ്. പ്രശാന്തിന്റെയും കാലത്തെ പ്രവര്‍ത്തനങ്ങളാണ് സ്വര്‍ണപ്പാളി കൊള്ളക്കേസില്‍ സംശയത്തിന്റെ നിഴലിലുള്ളത്. ഈ സാഹചര്യത്തില്‍ സിപിഎം കരുതലോടെ തീരുമാനം എടുക്കും.
സമ്പത്തും ദേവകുമാറും ദേവസ്വം ബോര്‍ഡില്‍ എത്തിയാല്‍ പിടി അയയുമെന്ന ഭയം ദേവസ്വം മന്ത്രി വാസവനുണ്ട്. ഈ സാഹചര്യത്തിലാണ് കോട്ടയത്ത് നിന്നുള്ള അനില്‍കുമാറിനെ മുമ്പോട്ട് വയ്ക്കുന്നത്. ജാതിമത സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് തീരുമാനം എത്തിച്ച് ചര്‍ച്ച പുതിയ തലത്തിലെത്തിക്കാനും വാസവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. മുഖ്യമന്ത്രി ഗള്‍ഫിലാണ്. എങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനമാകും അന്തിമമായിരിക്കുക. നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് ധാരണയായിട്ടുണ്ട്. ഹൈക്കോടതിയുടെ പരാമര്‍ശങ്ങളാണ് ഇതിന് കാരണമായി മാറിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോര്‍ഡ് അംഗം എ അജികുമാറിന്റെയും കാലാവധി ഈ മാസം 12ന് അവസാനിക്കുകയാണ്. ഈ മാസം 16ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നിലവിലെ ബോര്‍ഡിന്റെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇതിനിടെയാണ് വിവാദം ശക്തമായത്.
