കാത്തിരുന്ന് കണ്ണീര്‍വറ്റിയ പ്രിയപ്പെട്ടവര്‍ക്കരികിലേക്ക് ചേതനയറ്റ് അര്‍ജുന്റെ മടക്കയാത്ര; രാവിലെ എട്ട് മണിയോടെ കണ്ണാടിക്കല്‍ ബസാറില്‍ എത്തിച്ചേരും; വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിക്കും; ഇരുനില വീടിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ അന്ത്യവിശ്രമം
ഒരു മണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും
ഷിരൂര്‍: കാത്തുകാത്തിരുന്ന് കണ്ണീര്‍വറ്റിയ കുടുംബാംഗങ്ങള്‍ക്കരികിലേക്ക് രണ്ടര മാസത്തിനു ശേഷം അര്‍ജുന്‍ മടങ്ങിയെത്തുകയാണ്, ചേതനയറ്റ്. കോഴിക്കോട് കണ്ണാടിക്കലിലെ വീട് അതിനായി ഒരുങ്ങുകയാണ്. നാളെ രാവിലെ വീട്ടിലെത്തുന്ന മൃതദേഹം ഒരു മണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. വേങ്ങേരി കണ്ണാടിക്കലിലെ ആ ഇരുനില വീടിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ അര്‍ജ്ജുന്റെ അന്ത്യവിശ്രമത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. അവന്റെ കൂടി വിയര്‍പ്പുതുള്ളികളുടെ ഫലമാണ് ആ ഭവനം.
ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം ഡി.എന്‍.എ. പരിശോധനാ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. മൃതദേഹവുമായി ആംബുലന്‍സ് കോഴിക്കോട്ടേക്ക് യാത്രതിരിച്ചിരുന്നു. കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ണാടിക്കല്‍ ബസാറില്‍ എത്തിച്ചേരും. അവിടെനിന്ന് വിലാപയാത്രയായി മൃതദേഹം അര്‍ജുന്റെ വീട്ടിലെത്തിക്കും. പൂളാടിക്കുന്നില്‍നിന്ന് ലോറി ഡ്രൈവര്‍മാര്‍ ആംബുലന്‍സിനെ അനുഗമിക്കും. വീട്ടില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടു വളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.
അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍, അനുജന്‍ അഭിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് കാര്‍വാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. അര്‍ജുന്റെ മൃതദേഹവുമായി മടങ്ങുന്ന ആംബുലന്‍സിനെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസ് അനുഗമിക്കുന്നുണ്ട്.
ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ മൃതദേഹം തന്നെയാണെന്ന് ഇന്നു സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായി കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ സാംപിള്‍ ഒത്തുനോക്കിയാണ് കാര്‍വാറിലെ ഫൊറന്‍സിക് സംഘം സ്ഥിരീകരിച്ചത്. ലോറി അര്‍ജുന്റേതുതന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല.
എന്നാല്‍ കാണാതായി 72ാം ദിവസം ലഭിച്ച മൃതദേഹം തിരിച്ചറിയാനാകാത്തതിനാല്‍ നിയമനടപടികള്‍ക്ക് അനുസരിച്ച് ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, മൊബൈല്‍ ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍, മകന്റെ കളിപ്പാട്ടം, കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍, വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവയും കാബിനില്‍നിന്നു കണ്ടെടുത്തിരുന്നു. ലോറിയുടെ മെക്കാനിക് ഉപകരണങ്ങള്‍ അടങ്ങിയ ബാഗും കണ്ടെടുത്തിരുന്നു.
അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ സഹായധനമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ അര്‍ജുന്റെ അമ്മയ്ക്ക് സഹായധനം കൈമാറും
മോഹിച്ചത് രണ്ടര വയസ്സുകാരനായ മകനൊപ്പം കഴിയാന്‍
'മോന്റെ അടുത്ത് തീരെ നിക്കാന്‍ പറ്റുന്നില്ല, ഈ പണി ഒഴിവാക്കി പഴയ പെയിന്റിംഗ് പണി തന്നെ നോക്കണം', ലോറിയുമായി യാത്ര തുടങ്ങും മുമ്പ് അവസാനമായി സുഹൃത്തുക്കളുമായി ഒരുമിച്ച് കൂടിയപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞ വാക്കുകളാണിത്. സ്വന്തം വിയര്‍പ്പില്‍ ചേര്‍ത്തുപിടിച്ച മണ്ണിലേക്ക് അന്ത്യവശ്രമത്തിനായി അര്‍ജുന്‍ എത്തുകയാണ്. അവന് വിശ്രമത്തിനുള്ള മണ്ണൊരുങ്ങുമ്പോഴാണ് അന്ന് പറഞ്ഞ ഈ വാക്കുകള്‍ സുഹൃത്തും അയല്‍വാസിയുമായി നിധിന്‍ ഒര്‍ത്തെടുത്തത്.
രണ്ടര വയസ്സുകാരനായ അയാന്റെ കുസൃതികള്‍ അത്രയേറെ കാണാന്‍ കൊതിച്ചിരുന്നു അര്‍ജുന്‍. ലോറിയുമായി ഇറങ്ങിയാല്‍ പിന്നെ ദിവസങ്ങള്‍ കഴിഞ്ഞാലാണ് തിരികെ എത്താനാവുക. ഏറെ ഇഷ്ടമുള്ള ജോലിയായിരുന്നെങ്കിലും അയാനെ കണ്ടുകൊണ്ടേയിരിക്കാന്‍ ആ ജോലി നിര്‍ത്തണമെന്ന് അര്‍ജ്ജുന്‍ പറഞ്ഞിരുന്നതായി നിധിനും സുഹൃത്തുക്കളും ഓര്‍മിച്ചു പറയുന്നു. 71 ദിവസങ്ങള്‍ക്ക് ശേഷം അര്‍ജുന്‍ ഓടിച്ച ലോറി പുഴയില്‍ നിന്ന് പൊക്കിയെടുത്തപ്പോഴും കാബിനില്‍ നശിക്കാതെ കിടന്നിരുന്നത് അയാന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളായിരുന്നു.
ഡ്രൈവര്‍ ജോലിയില്‍ ഇറങ്ങുന്നതിന് മുന്‍പ് പെയിന്റിംഗ് വര്‍ക്കുകള്‍ സ്വന്തമായി ഏറ്റെടുത്ത് ചെയ്തിരുന്നു അര്‍ജ്ജുന്‍. അവന്റെ വീടിന്റെ മുഴുവന്‍ പെയിന്റിംഗും ചെയ്തത് അര്‍ജ്ജുനും സുഹൃത്തും കൂടിയായിരുന്നുവെന്ന് നിധിന്‍ ഓര്‍ക്കുന്നു. നിധിനെ കൂടാതെ കിരണ്‍ രാജ്, സനല്‍, വിഷ്ണു, വൈശാഖ്, റസൂല്‍, വിഘ്നേശ് തുടങ്ങിയവരും ബാല്യകാലം മുതല്‍ അര്‍ജ്ജുന്റെ കൂടെയുള്ള സുഹൃത്തുക്കളാണ്.
മകന്‍ അയാന്റെ രണ്ടാം പിറന്നാള്‍ ആഘോഷത്തിന് എല്ലാവരും ഒരുമിച്ച് കൂടിയിരുന്നു. നിധിനാണ് അര്‍ജ്ജുനെ കാറില്‍ ഡ്രൈവിംഗ് പഠിപ്പിച്ചത്. പിന്നീട് ഡ്രൈവിംഗിനോട് അതിയായ ഭ്രമമുള്ള ഒരാളായി മാറിയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മകനോടും കുടുംബത്തോടുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിച്ചിരുന്ന അര്‍ജ്ജുന്‍ വലിയ പെയിന്റിംഗ് വര്‍ക്കുകള്‍ വരുമ്പോള്‍ ഏറ്റെടുക്കണമെന്ന് സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. അയാനായി വാങ്ങിവെച്ച കളിപ്പാട്ടവുമായി അര്‍ജ്ജുന്‍ ആ മണ്ണിലേക്ക് തന്നെ തിരിച്ചുവരികയാണ്.