ക്ഷേമ പെന്‍ഷനായി പിച്ച ചട്ടിയുമായി സമരം നയിച്ചെങ്കിലും മറിയക്കുട്ടിയെ പോലെ അന്നക്കുട്ടിക്ക് ആരും ഒന്നും കൊടുത്തില്ല; മറിയക്കുട്ടിക്ക് വീടടക്കം കിട്ടിയപ്പോള്‍ സാമ്പത്തിക ഞെരുക്കത്തില്‍ 85 കാരിയുടെ ദുരിത ജീവിതം; ഒടുവില്‍ കഷ്ടപ്പാടുകള്‍ ബാക്കിയാക്കി അടിമാലിയിലെ അന്നമ്മ ഔസേപ്പ് വിടവാങ്ങി
അന്നമ്മ ഔസേപ്പ് വിടവാങ്ങി
അടിമാലി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് മണ്‍ചട്ടിയുമായി അടിമാലി ടൗണില്‍ ഭിക്ഷ യാചിച്ച് സമരം നടത്തിയ രണ്ടു വയോധികരെ മറക്കാറായിട്ടില്ല. മറിയക്കുട്ടിയും(87) അന്നക്കുട്ടിയും( 85). അക്കൂട്ടത്തില്‍ അന്നക്കുട്ടി എന്ന അന്നമ്മ ഔസേപ്പ് അന്തരിച്ചു. പിച്ച തെണ്ടി പ്രതിഷേധസമരം നയിച്ച മറിയക്കുട്ടിക്ക് വീട് അടക്കം സൗകര്യങ്ങള്‍ ലഭ്യമായപ്പോള്‍, അന്നക്കുട്ടിക്ക് പിന്നീടും ദുരിത ജീവിതം തന്നെയായിരുന്നു.അടിമാലി പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്നമ്മ ഔസേപ്പാണ് ഇന്ന് വൈകിട്ട് 4 മണിയോടെയാണ് മരണപ്പെട്ടത്.
ഇന്നലെയും അന്നക്കുട്ടി വീടിന് പുറത്തിറങ്ങി അടുത്തുള്ള ചായക്കടയില്‍ എത്തി ചായ കുടിച്ച് മടങ്ങിയിരുന്നു. വലിയ അവശതയൊന്നും അപ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ചാറ്റുപാറയില്‍ വച്ച് വാഹനം ഇടിച്ചതിനെത്തുടര്‍ന്ന് ഇവരുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു. പരിക്കുകള്‍ ഭേദമായതോടെ അന്നക്കുട്ടി അടിമാലിയിലും എത്തിയിരുന്നു
ബുധനാഴ്ച വൈകിട്ട് വീട്ടില്‍ വച്ചായിരുന്നു അന്നമ്മ ഔസേപ്പിന്റെ മരണം. കൂട്ടുകാരി മറിയക്കുട്ടിയ്‌ക്കൊപ്പമാണ് അന്നക്കുട്ടി പ്രതിഷേധ പിച്ചതെണ്ടലില്‍ പങ്കാളിയായത്. മറിയക്കുട്ടിയ്ക്ക് പലയിടത്തുനിന്നും സാമ്പത്തിക സഹായവും ആനൂകൂല്യങ്ങളും ലഭിച്ചിരുന്നു. കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടിയതും മറിയക്കുട്ടിക്കാണ്. കെപിസിസി ഇവര്‍ക്ക് വീട് വച്ച് നല്‍കിയിരുന്നു. കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കാതെ വൈകാതെ അവര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു.
എന്നാല്‍ അന്നക്കുട്ടിക്ക് കാര്യമായ സാമ്പത്തിക സഹായമോ ആനൂകൂല്യങ്ങളോ കിട്ടിയിരുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഇവര്‍ സമീപകാലത്ത് വല്ലാതെ വിഷമിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. സമരകാലത്ത്, മറിയക്കുട്ടി യാചിക്കുന്ന രീതിയില്‍ മണ്‍പാത്രം പിടിച്ചപ്പോള്‍, അന്നമ്മ ഔസേപ്പ് തങ്ങളുടെ വിഷയം വ്യക്തമാക്കുന്ന കൈയെഴുത്ത് ഫലകം ഉയര്‍ത്തിപ്പിടിച്ചിരുന്നു: 'വിധവാ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യുക. പാവപ്പെട്ടവരോട് നീതി കാണിക്കുക. പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരരുത്. വൈദ്യുതി ബില്‍ അടക്കാന്‍ എനിക്ക് യാതൊരു മാര്‍ഗ്ഗവുമില്ല.' എന്നാണ് എഴുതിയിരുന്നത്.
മറിയക്കുട്ടിക്ക് ഒന്നരയേക്കര്‍ ഭൂമിയും രണ്ട് വീടുകളും ഉണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സിപിഎം അഴിച്ചുവിട്ടിരുന്നു. എന്നാല്‍, പിന്നീട് മറിയക്കുട്ടിക്ക് ആ പ്രദേശത്ത് സ്വത്തുക്കളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. മറിയക്കുട്ടിയുടെ മകള്‍ വിദേശത്ത് ജോലി ചെയ്യുകയാണെന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും മറിയക്കുട്ടി പ്രതികരിച്ചിരുന്നു. തന്റെ മകളെ വിദേശത്ത് കണ്ടെത്താന്‍ സിപിഎമ്മിന്റെ സഹായം തേടുന്നതായി അവര്‍ പരിഹാസ രൂപേണ പറഞ്ഞിരുന്നു.