'ആദ്യം 100 കോടിയായിരുന്നു; പിന്നീട് ഒരു ചിത്രം ഇറങ്ങിയപ്പോള്‍ സ്വത്ത് 250 കോടിയായി; അതില്‍ എനിക്ക് സംശയമുണ്ട്; 250 കോടി ലക്ഷ്യമിട്ട് നടത്തുന്ന അഞ്ച് പേരുടെ മാസ്റ്റര്‍പ്ലാന്‍ എന്നൊക്കെയാണ് പറയുന്നത്'; ബാലക്കെതിരെ വീണ്ടും ആരോപണവുമായി എലിസബത്ത്
തന്നെ കാണാന്‍ ചെകുത്താന്‍ എന്ന അജു വന്നതിന് പിന്നാലെ നെഗറ്റീവ് കമന്റിടുന്നവര്‍ക്ക് മറുപടിയുമായി എലിസബത്ത് ഉദയന്‍. ഇതുവരെ തന്നെ പിന്തുണയ്ക്കുകയും ചെകുത്താന്‍ വന്ന് കണ്ടതോടെ മാറുകയും ചെയ്തവരുടെ പിന്തുണ തനിക്ക് വേണ്ടെന്നാണ് എലിസബത്ത് പറയുന്നത്. കഴിഞ്ഞ ദിവസമാണ് തന്നെ കാണാന്‍ ചെകുത്താനും സുഹൃത്തും വന്നതിന്റെ വീഡിയോ എലിസബത്ത് പങ്കുവച്ചത്. വീഡിയോയില്‍ അജുവിനോട് എലിസബത്ത് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
പിന്നാലെ ചെകുത്താനും എലിസബത്തും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോയോട് പ്രതികരിച്ച് ബാലയുമെത്തി. തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നാലെയാണ് എലിസബത്ത് പ്രതികരണവുമായെത്തിയത്. എലിസബത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
ഇത് ഞാന്‍ വളരെ സന്തോഷത്തോടെ ചെയ്യുന്ന വീഡിയോ ആണ്. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ സന്തോഷമായി. ചെകുത്താന്‍ എന്ന പേരുള്ള അജുവും സുഹൃത്തും കാണാന്‍ വന്നിരുന്നു. ഞാന്‍ ഹാപ്പിയാണ്. ഞാന്‍ ഇത്രയും പറഞ്ഞിട്ടും ഒരാള്‍ പോലും ഇറങ്ങിയിരുന്നില്ല. എന്നെ കാണാന്‍ വന്നു. എന്നോട് സംസാരിച്ചു. ഞാന്‍ ഈ വീഡിയോ ഇടുന്നത് ഞാന്‍ ചില ആളുകളുടെ വീഡിയോ കൂടെ കണ്ടതിനാല്‍. ആളുടെ 250 കോടി ലക്ഷ്യമിട്ട് നടത്തുന്ന അഞ്ച് പേരുടെ മാസ്റ്റര്‍പ്ലാന്‍ ആണെന്നൊക്കെ കണ്ടു.
എനിക്ക് അങ്ങനെ ചെയ്യണമെങ്കില്‍ ഞാന്‍ രജിസ്റ്റര്‍ ചെയ്യാതെ കൂടെ നില്‍ക്കില്ല. ഇത്രയും കാലം മിണ്ടാതിരിക്കില്ല. അപ്പോഴേക്കും കേസൊക്കെ പഠിച്ച്, എവിടെ കുടുക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 250 കോടി എന്നൊക്കെ പറയുന്നതില്‍ എനിക്ക് സംശയമുണ്ട്. രണ്ട് കൊല്ലം മുമ്പുള്ള അഭിമുഖത്തില്‍ 100 കോടിയുടെ സ്വത്ത് എന്നായിരുന്നു. അണ്ണാത്തെ ഇറങ്ങിയപ്പോള്‍, 240 കോടി ബജറ്റുള്ള സിനിമ എന്ന ട്രോളൊക്കെ വന്നപ്പോള്‍ സ്വന്തം സ്വത്ത് 250 കോടിയായി. പെട്ടെന്ന് 150 കോടി സ്വത്തില്‍ കൂടി. അതൊന്നും എങ്ങനെയാണെന്ന് അറിയില്ല.
ഇത്രയൊക്കെ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. എന്നിട്ടും ആര്‍ക്കും കേസെടുക്കാനില്ല. ചെകുത്താന്റെ വീഡിയോ വന്നപ്പോള്‍ ഇത്രയും പേര്‍ നെഗറ്റീവുമായി വന്നു. ഇത്രയും കാലം ജസ്റ്റിസ് ഫോര്‍ എലിസബത്തെന്ന് പറഞ്ഞ് പിന്തുണച്ച കുറേ ആളുകളുണ്ട്. ഒരാള്‍ വീട്ടില്‍ നിന്നും വന്ന് കണ്ട് സംസാരിച്ചു. ചെകുത്താന്‍ ഒരു തരത്തിലും എന്നെ വേദനിപ്പിക്കുകയോ എന്നേക്കുറിച്ച് മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നെ കാണാന്‍ വന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്.
വീഡിയോ ഇടുമ്പോള്‍ കുറച്ചെങ്കിലും നീതി കിട്ടുമെന്ന് ആദ്യമൊക്കെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ആരെങ്കിലുമൊക്കെ കാണും എന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഒരൊറ്റ ഒരാള്‍ എന്നെ വന്ന് കണ്ടുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ചെയ്തതൊക്കെ മറന്ന് ഒപ്പോസിറ്റായി പറയുന്ന ചീപ്പായ ആളുകളാണെങ്കില്‍ എനിക്ക് ആ പിന്തുണ വേണ്ട. ഒരു ശതമാനം ആളുകള്‍ പോലും പിന്തുണച്ചില്ലെങ്കിലും ഞാന്‍ പറയാനുള്ളത് പറയും. നിയമം അനുവദിക്കുകയാണെങ്കില്‍. എന്റെ എഫ്ബി ഡിലീറ്റ് ചെയ്തിട്ടോ ഹാക്ക് ചെയ്തിട്ടോ എന്നെ കൊന്നിട്ടോ അറസ്റ്റ് ചെയ്തിട്ടോ ഇതൊക്കെ നിര്‍ത്തിയാല്‍ പിന്നെ എനിക്ക് പറയാനാകില്ലല്ലോ. അല്ലാത്തപക്ഷം എനിക്ക് പറയാനുള്ളതൊക്കെ ഞാന്‍ പറഞ്ഞിരിക്കും. അത് എത്ര നെഗറ്റീവ് കമന്റ് വന്നാലും.
ശരിക്കും പിന്തുണയ്ക്കുന്നവരുണ്ട്. അവരോട് നന്ദിയുണ്ട്. എന്റെ വീഡിയോ ഞാന്‍ തുടരും. അതില്‍ സംശയമില്ല. ഇത് ഞാന്‍ ചെയ്തതിനുള്ള ശിക്ഷയാണെങ്കില്‍ ഞാന്‍ ജയിലില്‍ പോയി കിടക്കാന്‍ തയ്യാറാണ്. ഒളിച്ചോടി, ഞാന്‍ മറവില്‍ ഇരിക്കുന്നു എന്നൊന്നും പറയേണ്ടതില്ല. വിളിച്ചാല്‍ നേരിട്ട് വരുന്നതിലും കുഴപ്പമില്ല. രണ്ട് ദിവസം മുമ്പ് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇട്ടിരുന്നു. ആര്‍ക്കും അതൊന്നും കാണേണ്ടതില്ല. ചെകുത്താന്‍ വന്ന വീഡിയോ, ഞാന്‍ സോറി പറഞ്ഞ വീഡിയോ ഇട്ട് കണ്ടില്ലേ മാസ്റ്റര്‍ പ്ലാന്‍ എല്ലാവരും എന്റെ സ്വത്തിന് വേണ്ടിയാണ് എന്നൊക്കെ പറയുമ്പോള്‍ എനിക്ക് വിഷമമില്ല. ഒരാളെങ്കിലും വന്ന് കണ്ട് എന്നോട് നന്നായിട്ട് സംസാരിച്ചു.