ഞങ്ങളെന്നും നിങ്ങളെന്നും പറയുന്ന ഈഗോ മാറ്റി വച്ച് നമ്മള്‍ എന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ അനൂപ് ഇന്നും ഉണ്ടായേനേ.... വേഴാമ്പലിനെ പോലെ സ്‌നേഹത്തിനായി വെമ്പിയ ഗായകന്‍; എല്ലാവരെയും സ്‌നേഹിച്ച അനൂപ് തന്നെ സ്‌നേഹിക്കാന്‍ മറന്നു പോയി... ഈ ശബ്ദരേഖ അതിന് തെളിവ്; അനൂപ് വെള്ളാറ്റഞ്ഞൂര്‍ നൊമ്പരമായി തുടരുമ്പോള്‍
തൃശൂര്‍: പാട്ടുപാടിയും ഇടയ്ക്കയും ഗിറ്റാറും കീബോര്‍ഡും വായിച്ചും പാട്ടിന്റെ ലോകത്ത് നിറഞ്ഞ അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ (41) ആത്മഹത്യയിലെ ചര്‍ച്ചകള്‍ക്ക് ശമനമില്ല. തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗാന്ധിയന്‍ സ്റ്റഡീസ് അദ്ധ്യാപകനായ അനൂപ്, ഞായറാഴ്ച തന്റെ നാടായ വെള്ളാറ്റഞ്ഞൂര്‍ വികസനസമിതിയോഗത്തിന്റെ കലാവിരുന്നില്‍ പാട്ടുപാടിയിരുന്നു. തിങ്കളാഴ്ച സ്‌കൂളിലെത്തി ക്ലാസെടുത്തു. ചൊവ്വാഴ്ച സ്വയം മരണത്തിലേക്ക് മടങ്ങി. ഇതിന് മുമ്പ് ഒരു കുട്ടിയെ പ്രോത്സാഹിപ്പിച്ച് ആ കുട്ടിയുടെ അച്ഛന് ശബ്ദ സന്ദേശവും അയച്ചു. പരിപാടി നന്നായെന്നും സദസ് ആസ്വദിച്ചെന്നും കുട്ടിയുടെ അച്ഛനെ അറിയിക്കുന്ന ഓഡിയോ സന്ദേശം. അത് നല്‍കിയ ശേഷമായിരിക്കണം അനൂപിന്റെ ആത്മഹത്യ.
ആര്‍ക്കും ഉത്തരമില്ല. മരണത്തില്‍ ഉത്തരവാദികളില്ലെന്ന ചെറുകുറിപ്പാണ് അവസാനം എഴുതിവച്ചതെന്നും ദുരൂഹതയില്ലെന്നും പൊലീസ് ആവര്‍ത്തിക്കുന്നു. മാനസികപ്രശ്നങ്ങളോ സാമ്പത്തിക ബാദ്ധ്യതകളോ ഒന്നുമില്ലാതെ സന്തോഷവാനായിരുന്നുവെന്ന് അദ്ധ്യാപകരും. ഈയടുത്താണ് ഹയര്‍സെക്കന്‍ഡറിയിലേക്കുള്ള സ്ഥാനക്കയറ്റം. മേയില്‍ പുതിയ കാര്‍ വാങ്ങി. തൃശൂരിലെ ഇലഞ്ഞിക്കൂട്ടം ബാന്‍ഡിന്റെ അമരക്കാരനായതിനാല്‍ സുഹൃത്തുക്കളുമേറെ. സുഹൃത്തുക്കളോടൊപ്പം ഷോപ്പിംഗ് മാളില്‍ പോയശേഷം അദ്ദേഹത്തെ തൃശൂരിലെ തന്റെ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്ന ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിനിടെ അനൂപിനെ വേഴാമ്പലിനോട് ഉപമിച്ചിട്ട കുറിപ്പും വൈറലാണ്. സ്‌നേഹത്തിനായി കൊതിച്ച അനൂപിന് ആരും അത് നല്‍കിയില്ലെന്ന തരത്തിലെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇതിനൊപ്പം ആ രണ്ടു വീട്ടുകാരും ചേര്‍ന്ന് ഞങ്ങള്‍, നിങ്ങള്‍ എന്ന് പറയുന്നത് നിര്‍ത്തി നമ്മള്‍ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അനൂപ് എന്നും ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്.
അനൂപിന്റെ അവസാന ഓഡിയോ സന്ദേശം അടക്കം ചേര്‍ന്ന വിശദമായ വീഡിയോ സ്‌റ്റോറി ചുവടെ
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നതും അനൂപായിരുന്നു. 2022 മുതല്‍ 2024 വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇരു ടീമുകള്‍ക്കും എ ഗ്രേഡായിരുന്നു. ചെണ്ടയിലെ കുലപതി മൂത്തമന കേശവന്‍ നമ്പൂതിരിയുടെ പേരക്കുട്ടിയുടെ മകനാണ്. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് ഹാര്‍മോണിയം കലാകാരനും നാടകഗാനഗായകനുമായ പിതൃസഹോദരന്‍ കേശവന്‍ വെള്ളാറ്റഞ്ഞൂരില്‍നിന്നാണ്. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂര്‍ ഗവ. സ്‌കൂള്‍ റിട്ട. അദ്ധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പാര്‍വതി (ആയുര്‍വേദ ഡോക്ടര്‍). മക്കള്‍ പാര്‍വണയും പാര്‍ത്ഥിപും വിദ്യാര്‍ത്ഥികളാണ്.
മന്ത്രി ആര്‍. ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട അനൂപ്, അനുഗൃഹീതമായ ജീവിതം എന്തിനാണ് പാതിവഴിയെത്തും മുന്‍പ് അവസാനിപ്പിച്ചത് വിദ്യാര്‍ത്ഥികളുടെ സ്നേഹം ആവോളം ലഭിച്ചിരുന്നു. അവരുടെ ഉറ്റ ചങ്ങാതിയായ മാഷായി എത്ര പേരെ പ്രചോദിപ്പിച്ചു! വിവേകോദയം സ്‌കൂളിലെ കുട്ടികളെ സംസ്ഥാന യുവജനോത്സവമുള്‍പ്പടെയുള്ളവയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ പരിശീലിപ്പിച്ച ഗുരുവാണ് നിങ്ങള്‍. കേരളവര്‍മ്മ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരിക്കേ ഞങ്ങള്‍ സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും ജീവിതത്തില്‍ സംഗീതവും പ്രകാശവും നിറച്ചതും നിങ്ങള്‍.
എല്ലാവരുടെയും മനം കവര്‍ന്ന സ്നേഹഭാജനമായിരുന്ന നിങ്ങള്‍ എന്തിനിത് ചെയ്തു എന്നറിയില്ല. അവസാനം കണ്ടത് തൃശൂര്‍ പൂരത്തിന് തെക്കേ ഗോപുരനടയില്‍ കുട്ടികളോടൊപ്പം ഗിറ്റാര്‍ മീട്ടി പാട്ടുപാടി ചാനല്‍ പരിപാടിയില്‍ നിറയുന്നത്.