ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച പയ്യന്നൂരിലെ സിപിഎം നേതാവിന് പരോള്‍; ആറു ദിവസത്തെ പരോള്‍ അനുവദിച്ചത് പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി വി കെ നിഷാദിന്; അഴിക്കുള്ളിലായി ഒരു മാസം തികയും മുമ്പുള്ള അതിവേഗ പരോളില്‍ വിമര്‍ശനം ഉയരവേ അസുഖം ബാധിതനായി പിതാവിനെ ശുശ്രൂഷിക്കാനെന്ന വിശദീകരണവുമായി ജയില്‍വകുപ്പ്
ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച പയ്യന്നൂരിലെ സിപിഎം നേതാവിന് പരോള്‍;
കണ്ണൂര്‍: ടി.പി വധക്കേസിലെ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ക്ക് പരോള്‍ അനുവദിച്ചതിനു പുറമേ മറ്റൊരു കേസിലെ സി പി എമ്മുകാരന് കൂടി പരോള്‍ അനുവദിച്ചു. പയ്യന്നൂരില്‍ പൊലിസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം നേതാവിനാണ് ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചത്. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ നിന്നും ജയിച്ച വി.കെ നിഷാദിനാണ് ആറു ദിവസത്തെ പരോള്‍ അനുവദിച്ചത്. ശിക്ഷ വിധിച്ച് ഒരു മാസം തികയുന്നതിന് മുമ്പാണ് പരോള്‍ അനുവദിക്കപ്പെട്ടത്.
നിഷാദിന്റെ പിതാവിന് അസുഖം ബാധിച്ചതിനാല്‍ ശ്രുശ്രൂഷിക്കാന്‍ പുറത്തിറങ്ങണമെന്ന അപേക്ഷയിലാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയില്‍ വകുപ്പ് അധികൃതരുടെ വിശദീകരണം. പൊലിസിനെ ബോംബെറിഞ്ഞ കേസിലാണ് വി.കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. അന്നത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗൂഡാലോചന കേസില്‍ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ ടൗണില്‍ സംഘര്‍ഷമുണ്ടായത്.
ഇതിനിടെയിലാണ് വി.കെ നൗഷാദ് പയ്യന്നൂര്‍ നഗരത്തില്‍ ബൈക്കിലെത്തി പൊലിസിന് നേരെ ബോംബേറിഞ്ഞത്. കഴിഞ്ഞ മാസം 25 നാണ് നിഷാദിനെ തളിപറമ്പ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. ജയിലില്‍ ഒരു മാസം തികയുമ്പോഴാണ് പരോള്‍ ലഭിച്ചത്. ഡി.വൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് നിഷാദ്. ദിവസങ്ങള്‍ക്ക് മുന്‍പ് ടി.പി വധക്കേസിലെ പ്രതികള്‍ക്കും പരോള്‍ അനുവദിച്ചിരുന്നു.
വി.കെ നിഷാദിനെ പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടാണ് സി.പി.എം നേതൃത്വം രംഗത്തുവന്നത്. കേസില്‍ വിടുതല്‍ ആവശ്യപ്പെട്ടു കൊണ്ട് നിഷാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.