'ദൈവനാമത്തിലെ സത്യപ്രതിജ്ഞ ചതിക്കുമോ'? 20 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയാല്‍ ബിജെപിയുടെ അംഗ ബലം 30 ആയി കുറയും; രണ്ടു സ്വതന്ത്രന്മാര്‍ ഇടതിന് വോട്ടു ചെയ്താല്‍ സിപിഎം മേയര്‍ വരും; തിരുവനന്തപുരത്ത് ആരാകും മേയര്‍ എന്ന് അറിയാന്‍ വോട്ടെടുപ്പ് കഴിയും വരെ കാത്തിരിക്കണം; തലസ്ഥാനത്ത് മറ്റൊരു രാഷ്ട്രീയ അനിശ്ചിതത്വം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ് സിപിഎമ്മിന്റെ പുതിയ നീക്കം. ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ നേതൃത്വം കലക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ അനിശ്ചിതത്വത്തിലായി.
മുനിസിപ്പല്‍ നിയമപ്രകാരം 'ദൈവനാമത്തില്‍' എന്നാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നിരിക്കെ, 20 ബിജെപി അംഗങ്ങള്‍ പ്രത്യേക ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സിപിഎം വാദിക്കുന്നത്. ചട്ടം ലംഘിച്ചുള്ള ഈ സത്യപ്രതിജ്ഞ അസാധുവാണെന്നും, അതിനാല്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും കാണിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയും എസ്.പി. ദീപക്കും രംഗത്തെത്തി. ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ്.
സത്യപ്രതിജ്ഞാ വേളയില്‍ തന്നെ തെറ്റ് തിരുത്താന്‍ കലക്ടര്‍ തയ്യാറായില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പരാതിയില്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നിലപാട് മേയര്‍ തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിക്കുമെന്നതിനാല്‍ വരും മണിക്കൂറുകള്‍ തിരുവനന്തപുരം കോര്‍പ്പറേഷനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. 100 പേരാണ് കൗണ്‍സിലര്‍മാരായുള്ളത്. ഇതില്‍ 50 പേര്‍ ബിജെപിക്കാരാണ്. സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കും. ഇടതിന് 29 പേരുടേയും കോണ്‍ഗ്രസിന് 19 പേരുടേയും പിന്തുണയുണ്ട്. രണ്ടു സ്വതന്ത്രന്മാരും. ഇതില്‍ സ്വതന്ത്രന്മാരുടെ പിന്തുണ നിര്‍ണ്ണായകമാണ്.
20 പേരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ 80 പേരായി അംഗ ബലം ചുരുങ്ങും. കോണ്‍ഗ്രസിനായി മത്സരിക്കുന്ന ശബരിനാഥിന് രണ്ടു സ്വതന്ത്രന്മാര്‍ കൂടി വോട്ട് ചെയ്താല്‍ 21 വോട്ടാകും. സിപിഎമ്മിനാണ് സ്വതന്ത്രന്മാര്‍ വോട്ട് ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് കിട്ടുന്ന വോട്ട് 31 ആയി മാറും. അങ്ങനെ വരുമ്പോള്‍ 30 വോട്ടു മാത്രം ആ സാഹചര്യത്തിലുള്ള ബിജെപി സ്ഥാനാര്‍ത്ഥി തോല്‍ക്കും. സിപിഎം മേയറാകുകയും ചെയ്യും. അതായത് സ്വതന്ത്രന്മാര്‍ എവിടെ നില്‍ക്കുമെന്നത് നിര്‍ണ്ണായകമാണ് ആ ഘട്ടത്തില്‍. എന്നാല്‍ 100 പേരും വോട്ട് ചെയ്താല്‍ ബിജെപിക്ക് അനായാസം ജയിക്കാം. 50 പേരുടെ വോട്ട് അവര്‍ക്ക് നല്ല മുന്‍തൂക്കം നല്‍കും.
20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കലക്ടര്‍ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മേയര്‍ തിരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷന്‍ തീരുമാനം എടുക്കും. അങ്ങനെ വന്നാല്‍ അത് മേയര്‍ തിരഞ്ഞെടുപ്പിനേയും സ്വാധീനിക്കും. ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി വി.ജോയിയും എസ്.പി.ദീപക്കുമാണ് പരാതി നല്‍കിയത്. നാളെ കോടതിലും പരാതി നല്‍കും. സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടാല്‍ നാളത്തെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
മുന്‍സിപ്പല്‍ നിയമപ്രകാരം നിശ്ചിതദിവസം സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങള്‍ക്കു മാത്രമേ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കു മത്സരിക്കാനും വോട്ട് ചെയ്യാനും കഴിയൂ. മുനിസിപ്പല്‍ നിയമത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ 'ദൈവ നാമത്തില്‍' സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടമെന്നിരിക്കെ ദൈവങ്ങളുടെ പേര് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് അസാധുവാണെന്ന് വി.ജോയി എംഎല്‍എ പറഞ്ഞു.
20 പേരാണ് ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് നിരവധി സുപ്രീംകോടതി വിധികള്‍ നിലവിലുണ്ട്. ചട്ടംലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന കലക്ടര്‍ തിരുത്തണമായിരുന്നു. പരാതി ഉയര്‍ന്നഘട്ടത്തില്‍ അവര്‍ക്കു വേണ്ടി വീണ്ടും സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനും കഴിയുമായിരുന്നു. എന്നാല്‍ അതൊന്നും ഇവിടെ ചെയ്തിട്ടില്ല. ആ സാഹചര്യത്തില്‍ നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് അംഗങ്ങളെന്ന നിലയില്‍ നാളെ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നിയമപരമായ അവകാശം ഉണ്ടോ എന്ന പ്രശ്നമാണ് ഉയരുന്നതെന്നും വി.ജോയി പറഞ്ഞു.
