എമ്പുരാന്‍ സിനിമയില മാറ്റം ഭയന്നിട്ടല്ല; തെറ്റുതിരുത്തുക ചുമതല; മോഹന്‍ലാലിന് കഥയടക്കം എല്ലാമറിയാം, പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട; സിനിമയില്‍ എഡിറ്റ് ചെയ്തത് 2 മിനിറ്റ്, 'റീഎഡിറ്റഡ് എമ്പുരാന്‍' ഇന്നുതന്നെ എത്തിക്കാന്‍ ശ്രമം; വിവാദത്തില്‍ ആദ്യമായി പരസ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍

എമ്പുരാന്‍ സിനിമയില മാറ്റം ഭയന്നിട്ടല്ല; തെറ്റുതിരുത്തുക ചുമതല

Update: 2025-04-01 05:50 GMT

കൊച്ചി: എമ്പുരാന്‍ സിനിമാ വിവാദത്തില്‍ ആദ്യമായി പരസ്യമായി പ്രതികരിച്ചു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയിലെ മാറ്റങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് പുറത്തല്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമ പുറത്തിറങ്ങിയപ്പോള്‍ ചിലര്‍ക്ക് വിഷമങ്ങള്‍ ഉണ്ടായി എന്നറിഞ്ഞു. ഇതോടെ തെറ്റു തിരുത്തുകയാണ് ചെയ്തത്. എല്ലാവരും അറിഞ്ഞുകൊണ്ടാണ് മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാലിന് എല്ലാമറിയാമെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന് സിനിമയുടെ കഥയടക്കം എല്ലാമറിയാമെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. റീ എഡിറ്റിംഗില്‍ മുരളീ ഗോപിക്ക് വിയോജിപ്പുണ്ടെന്ന് കരുതേണ്ടെന്നും മാറ്റത്തിലും എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

എമ്പുരാനില്‍നിന്ന് മുറിച്ചു മാറ്റിയത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മാത്രമാണെന്നും ആന്റണി പറഞ്ഞു. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം. ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ വന്നിട്ടുണ്ട്. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളി ഗോപി പ്രതികരിക്കാത്തതിനേക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

ചിത്രത്തിന്റെ എഡിറ്റിങ് വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. ഒരുപാട് സമയം എഡിറ്റ് ചെയ്ത് നീക്കുന്നില്ല. രണ്ട് മിനിറ്റ് മാത്രമാണ് എഡിറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാങ്കേതികമായ പ്രവര്‍ത്തനമാണല്ലോ? പെട്ടന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ലല്ലോ. ഇത് വലിയ വിവാദമായി മാറേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം കഴിഞ്ഞുവെന്നും സിനിമ എല്ലാവരും തീയേറ്ററില്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ ചിത്രം കണ്ടില്ല എന്ന ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിവാദം തിരിച്ചടിയാണെന്ന് കരുതുന്നില്ല. ഇതിനെ പോസിറ്റീവായി എടുത്താല്‍ മതി. ഇതൊരു സിനിമയാണ്. സിനിമയെ സിനിമയായി കാണണം. പ്രശ്നങ്ങള്‍ അവസാനിച്ചല്ലോ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എമ്പുരാന്‍ വിഷയം ഇന്ന് പാര്‍ലമെന്റിലും എത്തുകയാണ്. എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇടത് എംപിമാര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. എമ്പുരാന്‍ സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണവും റീ എഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതമായ സാഹചര്യവും ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ലമെന്റില്‍ എംപിമാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എംപി ലോക്സഭയിലും നോട്ടീസ് നല്‍കി.

എമ്പുരാന്‍ വിവാദം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാണ് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ആവശ്യം. രാജ്യസഭയില്‍ എഎ റഹീം എംപിയും ജോണ്‍ ബ്രിട്ടാസ് എംപിയുമാണ് അടിയന്തരപ്രമേയ നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്. മൗലിക അവകാശ ലംഘനമാണ് നടക്കുന്നത്. ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വര്‍ദ്ധിക്കുന്നുവെന്ന് എഎ റഹീം എംപി ചൂണ്ടിക്കാട്ടി. മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരായി സംഘടിതമായ ആക്രമണം നടക്കുന്നു. ഭീഷണിയിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് ഭരണഘടന നല്‍കുന്ന അവകാശകളുടെ ലംഘനമാണ്. മഹാരാഷ്ട്രയിലെ സ്റ്റാന്‍ഡ് അപ്പ് കോമഡിയന്‍ കുനാല്‍കര്‍മ്മയ്ക്കെതിരായ ശിവസേന ആക്രമണവും സമാനമെന്നും നോട്ടീസില്‍ പറയുന്നു.

Tags:    

Similar News