സകല പ്രതീക്ഷകളും അസ്തമിച്ചു നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തത് മാര്‍ച്ച് 24ന്; അത്ഭുതം പോലെ കൃത്യം ഒരാഴ്ച മുന്‍പ് അഞ്ചു വര്‍ഷത്തെ വിസയുമായി പുതിയ ജോലി; എഡിന്‍ബറോയില്‍ അരുണിന്റേയും ജെറീനയുടേയും ജീവിതത്തില്‍ സംഭവിച്ചത് യുകെ മിടുക്കര്‍ക്കുള്ള നാട് തന്നെയെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം തന്നെ; തിരുവല്ലക്കാരന്‍ അരുണിന്റെ മുഖം സര്‍ക്കാര്‍ വകുപ്പിന്റെ പരസ്യത്തിലും
നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തത് മാര്‍ച്ച് 24ന്; ഒരാഴ്ച മുന്‍പ് അഞ്ചു വര്‍ഷത്തെ വിസയുമായി പുതിയ ജോലി
എഡിന്‍ബറോ: അത്ഭുതങ്ങള്‍ പലര്‍ക്കും പല തരത്തിലാകും ജീവിതത്തില്‍ സംഭവിക്കുക. അതും സകല പ്രതീക്ഷകളും അവസാനിച്ചു പ്ലാന്‍ ബിയിലേക്ക് മാറാന്‍ മാനസികമായി തയ്യാറെടുക്കുമ്പോള്‍ സംഭവിക്കുന്ന അത്ഭുതങ്ങളെ ദൈവത്തിന്റെ മഹാദാനമായി കാണേണ്ടി വരും എന്നാണ് അത്തരമൊരു ഭാഗ്യ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന എഡിന്‍ബറോ മലയാളി അരുണ്‍ ജേക്കബ് പറയുന്നത്.
ഹഡ്ഡേഴ്‌സ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയില്‍ മാസ്റ്റേഴ്സ് ചെയ്യാന്‍ എത്തിയ അരുണിന് പോസ്റ്റ് സ്റ്റഡി വിസ കാലയളവിലും ജോലി ലഭിക്കാതായതോടെ നാട്ടിലേക്കുള്ള മടക്ക യാത്രയ്ക്ക് ടിക്കറ്റും എടുത്തു കാത്തിരിക്കവെയാണ് ഭാര്യയ്ക്ക് അഞ്ചു വര്‍ഷത്തെ വിസയോടെ പുതിയ ജോലി ലഭിക്കുന്നത്. കൂടെ പഠിക്കാന്‍ എത്തിയ മലയാളികള്‍ പലരും കെയര്‍ ഹോമുകളില്‍ വിസ സ്വന്തമാക്കി രണ്ടും മൂന്നും വര്‍ഷം പിന്നിടുമ്പോള്‍ ആ വഴി ശ്രമിക്കാഞ്ഞത് മണ്ടത്തരമായി എന്ന് അവസാന നിമിഷങ്ങളില്‍ തോന്നുമ്പോളാണ് അരുണിനെ തേടി ജീവിതത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്ന് സംഭവിക്കുന്നത്.
ഭാര്യ ആശ്രിത വിസയില്‍ ആയിരുന്നതിനാല്‍ ചാര്‍ട്ടേഡ് അക്കൗണ്ട് മേഖലയില്‍ ജോലി കണ്ടെത്തുക എന്നത് അത്ര നിസാരമായിരുന്നില്ല. ജോലി ലഭിക്കാനുണ്ട്, പക്ഷെ വിസ കിട്ടാനില്ല എന്ന ഓരോ മലയാളി വിദ്യാര്‍ത്ഥിയും നേരിടുന്ന അവസ്ഥയിലൂടെയാണ് അരുണും ഭാര്യ ജെറീനയും കടന്നു പോയിരുന്നത്. എന്നാല്‍ ഒരു നോണ്‍ ഫിനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ മാനേജീരിയല്‍ പദവിയില്‍ ഭാര്യക്ക് അഞ്ചു വര്‍ഷത്തെ വിസയ്‌ക്കൊപ്പം ജോലി ലഭിച്ചതോടെ കണ്ണീരോടെ നാട്ടിലേക്ക് മടങ്ങേണ്ട എന്ന മഹാഭാഗ്യമാണ് അരുണിന് ജീവിതത്തില്‍ സംഭവിച്ചത്. തീര്‍ന്നില്ല, പിഎസ്ഡബ്ല്യു വിസയില്‍ കഴിയവേ അരുണ്‍ ജോലിക്ക് അപേക്ഷിച്ചതോടെ കയ്യും നീട്ടി സ്വീകരിക്കാന്‍ കാത്തിരുന്നത് സര്‍ക്കാര്‍ സ്ഥാപനമായ സാക്ഷാല്‍ എച്ച്എംആര്‍സി തന്നെ ആയിരുന്നു.
അരുണും കുടുംബവും സന്തോഷത്തിന്റെ പെരുമഴയില്‍
ഇപ്പോള്‍ സന്തോഷങ്ങളുടെ പെരുമഴ എന്ന പോലെ കഴിഞ്ഞ ആഴ്ച യുകെയിലെ ചെറുപ്പക്കാര്‍ക്കുള്ള അപ്രെന്റിസ്ഷിപ്പ് കോഴ്സ് അനൗണ്‍സ് ചെയ്ത പരസ്യത്തില്‍ എച്ച്എംആര്‍സി വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പുതുമുഖം അരുണ്‍ അല്ലാതെ മറ്റാരും ആയിരുന്നില്ല. സാമ്പത്തിക മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു മോഡലിന്റെ റോളിലേക്ക് ഒട്ടും നിനച്ചിരിക്കാതെ എത്തിയ സന്തോഷമാണ് ഇപ്പോള്‍ അരുണ്‍ മറുനാടന്‍ മലയാളി വായനക്കാരുമായി പങ്കിടുന്നതും. ഹഡ്ഡേഴ്‌സ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്സ് പഠിക്കാന്‍ എത്തിയ കാലം മുതല്‍ അരുണ്‍ യുകെയിലെ വിദ്യാര്‍ത്ഥി വിസക്കാരുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ്.
പിന്നീട് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിലും സാന്നിധ്യമായി. തുടര്‍ന്ന് പഠന ശേഷം ജോലി കിട്ടാനുള്ള പെടാപ്പാടില്‍ അലയുന്ന നാളുകളില്‍ യുകെ ജീവിതത്തിന്റെ സകല പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുമുണ്ട്. എങ്കിലും സാധാരണ പലരും ചെയ്യുമ്പോലെ യുകെയില്‍ ജീവിക്കണം എന്ന അമിത ആഗ്രഹത്തോടെ സ്വന്തം പ്രൊഫഷന്‍ വിട്ടുകളഞ്ഞു കെയര്‍ ഹോമിലോ മറ്റോ വിസ തേടി നടക്കാന്‍ തയ്യാറായതുമില്ല. അരുണിന്റെ കാര്യത്തില്‍ പ്ലാന്‍ ബി എന്നത് യുകെയില്‍ ജോലി കണ്ടെത്താനായില്ലെങ്കില്‍ നേരെ നാട്ടിലേക്ക് മടങ്ങുക എന്നത് തന്നെ ആയിരുന്നു. കാരണം അത്രയേറെ ആഗ്രഹിച്ചു പഠിച്ച കോഴ്‌സും പാഷനോടെ ചെയ്തിരുന്ന ജോലിയും കൈവിട്ടുകളയുക എന്നത് ആത്മഹത്യാപരം ആയിരുന്നു എന്നാണ് ഇപ്പോള്‍ അരുണിന് ഇതേ അവസ്ഥയിലൂടെ ഇപ്പോള്‍ കടന്നു പോകുന്നവരോട് പറയാനുള്ളത്.
ഏകദേശം അഞ്ചു വര്‍ഷം അബുദാബിയില്‍ ജോലി ചെയ്ത ശേഷമാണ് അരുണ്‍ യുകെയിലേക്ക് വിദ്യാര്‍ത്ഥിയായി എത്തുന്നത്. ഭാര്യ ജെറീന ദുബൈയിലും മൂന്നു വര്‍ഷത്തിലേറെ ബാങ്കിംഗ് രംഗത്ത് സേവനം ചെയ്തിരുന്നു. ഇരുവര്‍ക്കും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാനായ പ്രൊഫഷണല്‍ മികവ് ഇപ്പോള്‍ യുകെയില്‍ ജോലി കണ്ടെത്താന്‍ ഏറെ സഹായകമായിട്ടുണ്ട്. യുകെ എച്ച്എംആര്‍സി വകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയി ജോലിക്കു കയറിയ അരുണിന് തന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചു കൂടുതല്‍ അവസരങ്ങള്‍ കൈവന്നു ചേരാനുള്ള സാധ്യത ഏറെയാണ്. ബ്രിട്ടന്‍ സ്റ്റുഡന്റ് വിസകള്‍ ഉദാരമാക്കിയ കാലം മുതല്‍ മുന്നോട്ടു വയ്ക്കുന്ന ബ്രൈറ്റ് ആന്‍ഡ് ബ്രില്ലിയന്റ് എന്ന കാറ്റഗറിയില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ എത്തിയാല്‍ ജോലി ലഭിക്കുക പ്രയാസം ആയിരിക്കില്ല എന്ന നയത്തിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് അരുണും ഭാര്യയും സ്വന്തമാക്കിയ ജോലികള്‍ എന്നും വ്യക്തമാകുകയാണ്.
യുകെയില്‍ എത്തുന്ന ചെറുപ്പക്കാര്‍ക്ക് ഓര്‍ത്തിരിക്കാനുള്ള അരുണിന്റെ വിജയ വഴിയിലെ പ്രാഥമിക പാഠങ്ങള്‍
- ഒരിക്കലും ഫോക്കസ് നഷ്ടപ്പെടുത്താതെ പ്രൊഫഷണല്‍ രംഗത്ത് തന്നെ ജോലി ചെയ്യാന്‍ ശ്രമിക്കുക
- പ്ലാന്‍ എയ്ക്കൊപ്പം എല്ലായ്പ്പോഴും പ്ലാന്‍ ബിയും മനസ്സില്‍ കരുതുക
- നിരാശയിലേക്ക് വീഴാന്‍ സാധ്യത തോന്നുമ്പോള്‍ പ്ലാന്‍ ബിയെക്കുറിച്ചു കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുക
- എല്ലാവരും ചെയ്യുന്നത് പോലെ ട്രെന്റിന് ഒപ്പം പോകാതിരിക്കുക
- പഠന കാലത്തു ഫോക്കസ് പണത്തിലേക്ക് ആക്കാതിരിക്കുക
- യുകെയിലേക്ക് എത്തുമ്പോള്‍ നാട്ടിലോ വിദേശത്തോ പ്രൊഫഷണല്‍ എക്സ്പീരിയന്‍സ് നേടിയ ശേഷം പഠനത്തിന് ശ്രമിക്കുന്നത് പിന്നീട് ജോലി കണ്ടെത്താന്‍ ഏറെ സഹായകമാകും