ദിവ്യയെ താന്‍ ക്ഷണിച്ചില്ല; നവീന്‍ ബാബുവിന്റെ മരണ ശേഷം വിളിച്ചിട്ടേ ഇല്ല; ഫോണ്‍ കോള്‍ റിക്കോര്‍ഡ് അടക്കം പോലീസിന് നല്‍കി നിരപരാധിത്വം തെളയിക്കാന്‍ കളക്ടര്‍; അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയത് അര്‍ദ്ധ രാത്രി; പിപി ദിവ്യയെ മാത്രം വെറുതെ വിട്ട് പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍

Update: 2024-10-22 06:18 GMT

കണ്ണൂര്‍: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ദിവ്യയെ വിളിച്ചിട്ടില്ലെന്നും വിശദീകരിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. പോലീസിന് നല്‍കിയ സ്റ്റേറ്റ്മെന്റില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തിനു കീഴിലായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പോലീസ് കളക്ടറുടെ മൊഴി എടുത്തത്. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ദിവ്യയെ ബന്ധപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയ കളക്ടര്‍ യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎമ്മിനോട് സംസാരിച്ചിരുന്നോയെന്ന് ചോദ്യത്തിന് മറുപടി നല്‍കിയില്ല. കേസില്‍ പിപി ദിവ്യയെ ചോദ്യം ചെയ്യാന്‍ ഇനിയും പോലീസിനായിട്ടില്ല.

നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍.ഒ.സി. അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ അവരുടെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ അറിയിച്ചിരുന്നു. ദിവ്യയുടെ ആരോപണത്തിന് പിന്നാലെ, കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി.പി.ദിവ്യക്കൊപ്പം കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ ഈ വാദമെല്ലാം പോലീസിന് നല്‍കിയ മൊഴിയില്‍ കളക്ടര്‍ നിഷേധിച്ചു.

ഫോണ്‍ കോള്‍ റെക്കോഡ് അടക്കമുള്ള കാര്യങ്ങള്‍ പോലീസിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പരിപാടിയിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. ലീവിനോ സ്ഥലമാറ്റത്തിനോ അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതെല്ലാം സര്‍ക്കാര്‍ തീരുമാനമാണെന്നും ആ തീരുമാനത്തിന് അനുസരിച്ച് നീങ്ങുമെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് പിപി ദിവ്യ പറഞ്ഞതിന് മറുപടി പറയാന്‍ പറ്റില്ലെന്നും അതവരുടെ അവകാശവാദമാണെന്നും കളക്ടര്‍ മറുപടി പറഞ്ഞു.

നവീനുമായി വളരെ നല്ല ബന്ധമുണ്ടായിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു. അവധി നല്‍കാറില്ലെന്ന് കുടുംബത്തിന്റെ ആരോപണം അദ്ദേഹം തള്ളി. ലീവ് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ പരിശോധിച്ചാല്‍ മതിയെന്നും അത്തരം വിഷയങ്ങളുണ്ടായതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഒസി സംബന്ധമായി പിപി ദിവ്യയുമായി സംസാരിച്ചിട്ടില്ലെന്നും വിഷയത്തില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നതായും കളക്ടര്‍ പറഞ്ഞു. പെട്രോള്‍ പമ്പ് എന്‍ഒസി വിഷയവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്തിയിരുന്നു. അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രാഥമിക പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജോയിന്റ് എല്‍ആര്‍സിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തിന് മുന്‍പ് പെട്രോള്‍ പമ്പ് വിഷയം ശ്രദ്ധയില്‍പെട്ടിരുന്നില്ല.

ഓഫീസ് ജോലിക്ക് ശേഷം സൗകര്യമായ സമയം രാത്രിയായത് കൊണ്ടാണ് ചോദ്യം ചെയ്യല്‍ അപ്പോഴാക്കിയത്. ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. പോലീസിനും അപ്പോഴാണ് സൗകര്യമായതെന്നാണ് താന്‍ മനസിലാക്കിയതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീതയുടെ കണ്ടെത്തല്‍ ചര്‍ച്ചകളിലുണ്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ ഫയല്‍ വൈകിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് വിശദീകരണവുമായി കളക്ടര്‍ രംഗത്തു വന്നത്.

പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ ഫയല്‍ വൈകിപ്പിച്ചെന്നും എന്‍ഒസി നല്‍കുന്നതിന് കൈകൂലി വാങ്ങിയെന്നുമായിരുന്നു എഡിഎമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. എന്നാല്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ നടത്തുന്ന വകുപ്പുതല അന്വേഷണത്തില്‍ ഈ ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. മൊഴികള്‍ എഡിഎമ്മിന് അനുകൂലമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ എഡിഎം ക്രമക്കേട് നടത്തിയെന്നും അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും അത് ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നായിരുന്നു പി.പി. ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ തെളിവൊന്നും ഇനിയും ദിവ്യ പുറത്തു വിട്ടിട്ടില്ല.

Tags:    

Similar News