നദിയിലൂടെ രക്തമൊഴുകുമെന്ന പരാമര്‍ശം; അമ്മ ബേനസീര്‍ ഭൂട്ടോ എങ്ങനെയാണ് മരിച്ചതെന്ന് ബിലാവല്‍ ഓര്‍ക്കണം; പാകിസ്താനിലുള്ള ഭീകരരാണ് അമ്മയെ കൊന്നതെന്ന് ബിലാവല്‍ മനസിലാക്കണം; ബിലാവല്‍ ഭൂട്ടോയെ ചരിത്രം ഓര്‍മ്മിപ്പിച്ചു അസദുദ്ദീന്‍ ഉവൈസി
നദിയിലൂടെ രക്തമൊഴുകുമെന്ന പരാമര്‍ശം; അമ്മ ബേനസീര്‍ ഭൂട്ടോ എങ്ങനെയാണ് മരിച്ചതെന്ന് ബിലാവല്‍ ഓര്‍ക്കണം
ന്യൂഡല്‍ഹി: പാകിസ്താനുള്ള വെള്ളം തടഞ്ഞാല്‍ നദിയിലൂടെ രക്തമൊഴുകുമെന്ന് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനക്കെതിരെ എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി. അമ്മ ബേനസീര്‍ ഭൂട്ടോ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ബിലാവല്‍ ഓര്‍ക്കണമെന്ന് ഉവൈസി പറഞ്ഞു. പാക്കിസ്ഥാനിലെ രാഷ്ട്രീയ ചരിത്രം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഉവൈസി ബിലാവലിന് മറുപടി നല്‍കിയത്.
രാഷ്ട്രീയത്തില്‍ ബിലാവല്‍ പുതുമുഖമാണ്. ആരാണ് അമ്മയെ കൊന്നതെന്ന് ബിലാവല്‍ ചിന്തിക്കണം. ഭീകരരവാദമാണ് അവരെ കൊലപ്പെടുത്തിയത്. അത് ബിലാവലിന് അറിയില്ലായിരിക്കും. അതിനാലാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. പാകിസ്താനിലുള്ള ഭീകരരാണ് അമ്മയെ കൊന്നതെന്ന് ബിലാവല്‍ മനസിലാക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.
മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായ ബേനസീര്‍ ഭൂട്ടോ 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. വെടിയേറ്റാണ് ഭൂട്ടോ മരിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയില്‍ മുന്നറിയിപ്പുവുമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ രംഗത്തെത്തിയിരുന്നു.
സിന്ധു നദിയിലൂടെ ഒന്നുകില്‍ നമ്മുടെ വെള്ളം ഒഴുകും അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു. സിന്ധു നദീതട സംസ്‌കാരത്തിന്റെ യഥാര്‍ഥ സംരക്ഷകന്‍ പാകിസ്താനാണെന്നും ബിലാവല്‍ അവകാശപ്പെട്ടു. 'സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കില്‍ അവരുടെ രക്തം' -ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
'അദ്ദേഹത്തിന്റെ (മോദി) 'യുദ്ധക്കൊതി'യോ സിന്ധു നദിയിലെ ജലം വഴിതിരിച്ചു വിടാനുള്ള ശ്രമമോ പാകിസ്താനോ അന്താരാഷ്ട്ര സമൂഹമോ സഹിക്കില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നാഗരികതയുടെ അവകാശികളാണെന്ന് മോദി പറയുന്നു. പക്ഷെ, ആ നാഗരികത ലാര്‍ക്കാനയിലെ മോഹന്‍ജെദാരോയിലാണ്. ഞങ്ങളാണ് അതിന്റെ യഥാര്‍ഥ സംരക്ഷകര്‍. ഞങ്ങള്‍ അതിനെ സംരക്ഷിക്കും.'- ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കി.
അതേസമയം ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകല്‍. പ്രശ്നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ നയതന്ത്ര മാര്‍ഗങ്ങളും പ്രയോഗിക്കണമെന്നും ഷഹബാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയായ നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ട് ലഹോറില്‍ വച്ചാണ് ഷഹബാസുമായി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തിയത്.
ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷം ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ബദലായി സ്വീകരിച്ച നടപടികള്‍ നവാസ് ഷെരീഫിനോട് ഷഹബാസ് വിശദീകരിച്ചു. സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം മേഖലയില്‍ യുദ്ധ ഭീഷണി ഉണ്ടാക്കുന്നതാണെന്ന് ഷഹബാസ് നവാസ് ഷെരീഫിനോട് പറഞ്ഞതായി പാക് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങള്‍ അരുതെന്ന് നവാസ് ഷെരീഫ് ഷഹബാസിനെ ഉപദേശിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. നയതന്ത്ര മാര്‍ഗത്തിലൂടെ ഇന്ത്യയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടു.