ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ നടന്ന പൊമ്പിളൈ ഒരുമൈ സമരത്തിന് ഞങ്ങളാരും പോയില്ലെന്ന പച്ചക്കള്ളം പോലും പറഞ്ഞ് എളമരം; മൂന്നാറിലെ 2015ലെ ആ സമരത്തില്‍ വിഎസ് പങ്കെടുത്തത് പച്ചവെള്ളം പോലും വേണ്ടെന്ന് വച്ചെന്നത് യഥാര്‍ത്ഥ്യം; 'ആശാ സമരം' പൊളിക്കാന്‍ ഏതറ്റം വരേയും സിപിഎം പോകും; ഈര്‍ക്കിലി സംഘടനയ്‌ക്കെതിരെ സിഐടിയു ശബ്ദരേഖയും

Update: 2025-02-26 06:22 GMT

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ രണ്ടും കല്‍പ്പിച്ച് സിപിഎം. ആശവര്‍ക്കര്‍മാരുടെ സമരം ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം വീണ്ടും ആവര്‍ത്തിച്ചു. സമരം ചെയ്യുന്നത് ഈര്‍ക്കിലി സംഘടനയാണെന്നും ട്രെയ്ഡ് യൂണിയനുകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പെമ്പിളൈ ഒരുമൈ സമരത്തോട് വീണ്ടും താരതമ്യം ചെയ്തു. അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഭരിച്ചത്. എന്നിട്ടും ഞങ്ങളാരും സമരത്തിന് പോയില്ലെന്നും എളമരം പറയുന്നു. ഇത് പച്ചക്കള്ളമാണ് അന്ന് മൂന്നാറില്‍ നടന്ന സമരത്തിന് ആവേശമായത് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്റെ സമരം ഇരിക്കലായിരുന്നു. പച്ചവെള്ളം പോലും കുടിക്കാതെ സമരക്കാര്‍ക്കൊപ്പം വിഎസ് കുത്തിയിരുന്നു. ഇതോടെയാണ് ആ സമരം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് അവസാനിപ്പിച്ചത്. അതായത് സിപിഎമ്മിന്റെ പരമോന്നത നേതാവായ വിഎസ് തന്നെ അന്ന് ആ സമരത്തിന്റെ ഭാഗമായിരുന്നു.

ആശാ വര്‍ക്കര്‍മാര്‍ ഇപ്പോള്‍ നടത്തുന്ന സമരത്തിന് സിഐടിയു നടത്തിയ സമരവുമായി ബന്ധം ഇല്ലെന്ന് എളമരം കരിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശകളുടെ സമരത്തിന്റെ പിന്നില്‍ ഒരു ദേശീയ ട്രേഡ് യൂണിയനും ഇല്ലെന്നും ആശകളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് കൊണ്ടിരിത്തിയിരിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.ആശകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്താല്‍ സിഐടിയു പിന്തുണയ്ക്കുമെന്നും എളമരം കരീം പറഞ്ഞിരുന്നു. ഈ നിലാപ്ട് വീണ്ടും ആവര്‍ത്തിക്കുകയാണ്. അതിനിടെ ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നാളെ നടത്താനിരുന്ന കളക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്. ഇതിനൊപ്പം നാളെ ആലപ്പുഴയില്‍ സിപിഎം ആശാ വര്‍ക്കര്‍മാരുടെ സംഘടനയും സമരം നടത്തുന്നുണ്ട്. ഇടതു സര്‍ക്കാരിനെതിരായ സമരത്തിന് ആരും പോകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. സമരം പൊളിക്കാന്‍ എല്ലാ മാര്‍ഗ്ഗവും സര്‍ക്കാരും സിപിഎം തേടുമെന്നതിന് തെളിവാണ് ഇത്.

ഇതിനൊപ്പമാണ് ഓഡിയോ സന്ദേശം ചര്‍ച്ചകളില്‍ എത്തുന്നത്. ആശ വര്‍ക്കര്‍മാരുടെ സിഐടിയു സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യൂണിയനില്‍ നിന്ന് രാജിവെച്ച് സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്റ ശബ്ദ സന്ദേശത്തില്‍ പറയുന്നു. ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്ന് സിഐടിയു നേതാവ് നിര്‍ദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്നത് മുഴുവന്‍ ആശമാരല്ല, തെഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് ശബ്ദ സന്ദേശത്തില്‍ അധിക്ഷേപം. ആലപ്പുഴയില്‍ നാളെയാണ് ആശ വര്‍ക്കര്‍മാരുടെ കളക്ട്രേറ്റ് മാര്‍ച്ച് നടക്കാനിരിക്കെയാണ് സിഐടിയു നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നത്.

വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. ശശി തരൂര്‍ അടക്കം അഭിവാദ്യം ചെയ്യാനായി സമര വേദിയിലേക്ക് വരുന്നുണ്ട്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. സമരത്തെ നേരിടാന്‍ സമ്മര്‍ദ്ദ തന്ത്രവുമായി സര്‍ക്കാര്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു. പണിമുടക്കുന്ന ആശമാരോട് അടിയന്തരമായി ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് നിര്‍ദ്ദേശം. ഒപ്പം പണിമുടക്ക് തുടര്‍ന്നാല്‍ പകരം സംവിധാനമൊരുക്കാനും നിര്‍ദ്ദേശമുണ്ട്. പകരം ആളെ നിയമിക്കുമെന്നാണ് ഭീഷണി. എന്നാല്‍ സര്‍ക്കാരിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ കൂടുതല്‍ ശക്തമായി സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.

2015ല്‍ 4 വര്‍ഷം മുന്‍പ് ട്രേഡ് യൂണിയനുകളെ തള്ളിപ്പറഞ്ഞ് സ്വന്തം അവകാശങ്ങള്‍ക്കായി സമര മുഖം തുറന്ന് പെണ്‍ ശക്തിയുടെ കൂട്ടായ്മ ആയി രൂപപ്പെട്ട പെമ്പിളൈ ഒരുമൈയെ ഇന്ന് പേരിന് പോലും കാണാനില്ലെന്ന് നേരത്തെ എളമരം പറഞ്ഞിരുന്നു. മൂന്നാര്‍ തോട്ടം മേഖലയിലെ തൊഴിലാളി യൂണിയനുകളെ പിന്നാമ്പുറത്ത് ആക്കി ആഴ്ചകള്‍ കൊണ്ട് ഒന്നാം നിര സംഘടനയായി രൂപപ്പെട്ട പെമ്പിളൈ ഒരുമൈ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിവുള്ള സംഘടനാ സംവിധാനമായി രൂപപ്പെട്ട ശേഷമാണ് നേതാക്കളുടെ തമ്മിലടിയില്‍ തരിപ്പണം ആയതെന്നതാണ് വസ്തുത. ഈ കൂട്ടായ്മയുടെ സമരത്തില്‍ സിപിഎം നേതാവ് കൂടിയായ വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയുമായി. പക്ഷേ ഞങ്ങളാരും അവിടെ പോയില്ലെന്നാണ് എളമരം പറയുന്നത്. വിഎസിനെ സിപിഎമ്മുകാരനായി എളമരം കാണുന്നില്ലേ എന്ന ചോദ്യമാണ് ഇത് ഉയര്‍ത്തുന്നതും.

2015ല്‍ കേരളം ഭരിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ പെമ്പിളൈ ഒരുമൈയുടെ സമരത്തിന് എത്തുകയും കുത്തിയിരിക്കുകയും ചെയ്തിരുന്നു. വിഎസിന്റെ സമ്മര്‍ദ്ദമായിരുന്നു അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയത്. വിഎസ് എത്തിയതോടെ ആ സമരം തീരുകയും ചെയ്തു. അത്തരത്തിലൊരു സമരത്തേയാണ് എളമരം കരിം തള്ളി പറയുന്നത്. 2015 സെപ്റ്റംബര്‍ 2 ന് നടന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി മൂന്നാറില്‍ ഐക്യ ട്രേഡ് യൂണിയന്‍ സംഘടിപ്പിച്ച ധര്‍ണയിലേക്ക് പ്രതിഷേധവുമായി എത്തിയ സ്ത്രീകളാണ് പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്ക് ആദ്യ വിത്ത് പാകിയത്. തൊഴിലാളികള്‍ക്ക് ന്യായമായ ശമ്പളവും ബോണസും അനുവദിക്കാതെ ട്രേഡ് യൂണിയനുകള്‍ തോട്ടം മാനേജ്മെന്റുകളുമായി ഒത്തു കളിക്കുന്നു എന്ന് ആരോപിച്ച് ആയിരുന്നു സ്ത്രീ തൊഴിലാളികളുടെ പ്രതിഷേധം.

ഈ പ്രതിഷേധം സര്‍ക്കാരിനെ വെട്ടിലാക്കി. അതിന് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിലും അവര്‍ മത്സരിച്ചു. പക്ഷേ ഇന്ന് ആ സംഘടന ഇല്ല. ഈ സമരത്തെയാണ് ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെടുത്തി എളമരം ചര്‍ച്ചയാക്കുന്നത്.

Tags:    

Similar News