അവഗണനയുടെ അമ്പത് നാളുകള്‍! സെക്രട്ടറിയേറ്റ് പടിക്കല്‍ നീതിക്കായി മുറവിളിക്കുന്ന സ്ത്രീകളെ കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍; മുടി മുറിച്ചു പ്രതിഷേധിക്കാന്‍ ആശമാര്‍; കേന്ദ്രത്തെ പഴിക്കാത്ത പ്രക്ഷോഭത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് സിപിഎം; അവഗണനയിലും സമരത്തിന്‍ പെണ്‍വീര്യവുമായി ആശമാര്‍

അവഗണനയുടെ അമ്പത് നാളുകള്‍!

Update: 2025-03-31 02:06 GMT

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ സംഘടനകളുടെ സംഘാടക മികവിനെയും വെല്ലുന്ന വിധത്തിലാണ് എസ് യു,സിഐ എന്ന ചെറു സംഘടനയുടെ കീഴില്‍ സംഘടിച്ച സ്ത്രീകള്‍ അവരുടെ പോരാട്ട മികവ് മുന്നോട്ടു കൊണ്ടുപോകുന്നത്. അടുത്ത കാലത്ത് കേരളം കണ്ട സഹനസമരമാണ് സെക്രട്ടേറിയറ്റ് നടയില്‍ നടക്കുന്നത്. ഭരണസിരാകേന്ദ്രത്തിന്റെ പടിവാതില്‍ക്കല്‍ നീതിക്കായി മുറവിളിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍. ഇവരെ കണ്ടില്ലെന്ന് നടിച്ച് അവഗണിക്കുന്ന സര്‍ക്കാര്‍. ഈ സമരം ഇന്ന് അമ്പത് നാളിലേക്ക് അടുക്കുയാണ്. ഫെബ്രുവരി 10-ന് ആരംഭിച്ച സമരത്തിനിടെ, ഫെബ്രുവരി 15, മാര്‍ച്ച് 20 ദിവസങ്ങളില്‍ രണ്ടുവട്ടംമാത്രമാണ് ചര്‍ച്ചനടന്നത്. അവഗണിച്ച് സമരത്തെ ഇല്ലാതാക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാന്‍ സ്വന്തം മുടിമുറിച്ചുള്ള പ്രതിഷേധമായിരിക്കും 50-ാം ദിനത്തില്‍ നടക്കുക. അന്‍പതോളം ആശമാര്‍ ഇന്ന് സമരപന്തലിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധിക്കും. കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക, ഇന്‍സെന്‍ടീവിലെ വ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങള്‍. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയില്‍പ്പെട്ടവര്‍. അതുകൊണ്ട് തന്നെ ആദ്യമൊക്കെ സമരത്തെ സര്‍ക്കാര്‍ ഗൗരവമായി എടുത്തില്ല. പിന്നെ മെല്ലെ പൊതുജനം സമരം ഏറ്റെടുത്തു.

ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കള്‍ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാന്‍ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല. സമരനേതാക്കളെ സിഐടിയു നേതാക്കള്‍ അപഹസിച്ചത് വലിയ ചര്‍ച്ചയായി. സുരേഷ് ഗോപിയുടെ വരവോടെ സമരത്തിന് ഒരു ദേശീയ മുഖം കൈവന്നു.

ആശമാര്‍ കേന്ദ്രസ്‌കീമിലെ ജീവനക്കാര്‍ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരല്‍ചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. ഇതിനിടെ സമരവേദി പൊളിക്കാനുള്ള പൊലീസ് നീക്കം വലിയ വിമര്‍ശനത്തിന് ഇടയാക്കി. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകള്‍ ആശമാര്‍ മാറ്റി മാറ്റി പരീക്ഷിച്ചു. പക്ഷെ സര്‍ക്കാര്‍ ഇടപെടല്‍ മാത്രം അകലൊയാണ്.

കേരളത്തിലുള്ളത് 26,448 ആശപ്രവര്‍ത്തകര്‍. അവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത് മാസം 7000 രൂപ ഓണറേറിയം. കേന്ദ്രത്തിന്റെ സ്ഥിരം ഇന്‍സെന്റീവ് 3000 രൂപ. ടെലിഫോണ്‍ അലവന്‍സ് 200 രൂപ. ഓരോപദ്ധതിയിലെയും പ്രകടനമനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധികമായി നല്‍കുന്നത് 3000 രൂപ. ഇങ്ങനെ, ആശമാര്‍ക്ക് ഒരുമാസത്തെ പ്രതിഫലം 13,200 രൂപ. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന 7000 രൂപ ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് പത്ത് മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. സമരത്തെത്തുടര്‍ന്ന് അതൊഴിവാക്കി.

ആശവര്‍ക്കര്‍മാര്‍ക്ക് ഏറ്റവുമധികം ആനുകൂല്യം കേരളത്തിലാണെന്നിരിക്കേ, കേന്ദ്രത്തെ പഴിക്കാതെയുള്ള ആശമാരുടെ പ്രക്ഷോഭത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം വിമര്‍ശനം. സമരത്തെ ഗൗരവമായെടുത്താല്‍ രാഷ്ട്രീയവും ഭരണപരവുമായി തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാറിന്റെ ഈ നിസ്സംഗസമീപനം.

സെക്രട്ടേറിയറ്റ് പടിക്കല്‍ 63 ദിവസം പ്രതിഷേധിച്ച പോലീസ് റാങ്ക് ഹോള്‍ഡര്‍മാര്‍ റാങ്ക്പട്ടിക കാലഹരണപ്പെട്ടപ്പോള്‍ സമരം നിര്‍ത്തിയിരുന്നു. സമാനമായി ആശവര്‍ക്കര്‍മാരും എഴുന്നേറ്റുപോവുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

തൊഴിലാളിപക്ഷത്ത് നില്‍ക്കുന്ന സിപിഎം സര്‍ക്കാറിന്റെ ഈ സമീപനം പൊതുസമൂഹത്തില്‍ ചര്‍ച്ചയായി. അമ്പതുദിവസത്തിനിടെ രണ്ടുതവണ ആരോഗ്യമന്ത്രിയെക്കൊണ്ട് ചര്‍ച്ച നടത്തി സര്‍ക്കാര്‍ ആ വിമര്‍ശനവും മറികടന്നു. കേന്ദ്രമാണ് നടപടിയെടുക്കേണ്ടതെന്ന് സമരക്കാരോടുള്ള മന്ത്രി വീണാ ജോര്‍ജിന്റെ മറുപടി സര്‍ക്കാറിന്റെ ആത്മാര്‍ഥതക്കുറവിന്റെ തെളിവായി. പ്രതിഫല-ആനുകൂല്യങ്ങള്‍ കൂട്ടേണ്ടതില്‍ തീരുമാനമെടുക്കേണ്ട ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചര്‍ച്ചകളിലൊന്നും പങ്കെടുത്തില്ല.

സമരത്തില്‍ എസ്യുസിഐയുടെ നേതൃത്വവും പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും അകമഴിഞ്ഞ പിന്തുണയുമാണ് സിപിഎമ്മിനെയും സര്‍ക്കാറിനെയും പ്രകോപിപ്പിക്കുന്നത്. തദ്ദേശ-സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കേ, സമരത്തെ ഭരണവിരുദ്ധവികാരം സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കമായി കരുതുകയാണ് സിപിഎം.

ആവശ്യങ്ങള്‍ നിരസിക്കാന്‍ സാമ്പത്തികപ്രതിസന്ധിയും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതേ സര്‍ക്കാര്‍തന്നെ അങ്കണവാടിജീവനക്കാരുടെ പെന്‍ഷനും ഉത്സവബത്തയും കൂട്ടാന്‍ പ്രത്യേകസമിതിയെ നിയമിക്കാന്‍ തയ്യാറായി. അങ്കണവാടിസമരക്കാരുമായുള്ള ചര്‍ച്ചയില്‍ മന്ത്രി വീണയ്ക്കൊപ്പം ധനമന്ത്രിയും പങ്കെടുത്തു. സാമ്പത്തികപ്രതിസന്ധി പറയുന്ന സര്‍ക്കാര്‍, പിഎസ്സി അംഗങ്ങളുടെ ശമ്പളം വന്‍തോതില്‍ വര്‍ധിപ്പിച്ചത് ഇരട്ടത്താപ്പ് വ്യക്തമാക്കി.

നിയമസഭയുടെ ബജറ്റ്സമ്മേളനത്തില്‍ സബ്മിഷനായും ചോദ്യങ്ങളായും പലവട്ടം ആശമാരുടെ ദുരിതം ഉന്നയിക്കപ്പെട്ടു. ഇങ്ങനെ, സര്‍ക്കാറിന്റെ പിടിവാശി പലനിലയില്‍ ചോദ്യംചെയ്യപ്പെട്ടെങ്കിലും രാഷ്ട്രീയത്തിലുടക്കി വഴിമുട്ടിനില്‍ക്കുകയാണ് പ്രശ്നപരിഹാരം.

ഓണറേറിയം വര്‍ധിപ്പിക്കണം. ഇപ്പോള്‍ ദിവസം 232. 700 രൂപയാക്കണം എന്നതാണ് ആശമാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം നല്‍കണം, പെന്‍ഷന്‍ ഏര്‍പ്പെടുത്തണം, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു. അതേസമയം ആശവര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കണം എന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം ഉറപ്പാക്കണം, സ്ഥിരം ഇന്‍സെന്റീവ് വര്‍ധിപ്പിക്കണം, തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവെക്കുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാന്‍ ഇരു സര്‍ക്കാറുകളും തയ്യാറായിട്ടില്ല. സംസ്ഥാനത്തിന് മതിയായ പണം അനുവദിച്ചിട്ടുണ്ട്, സ്ഥിരം ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്നുമാണ് വാഗ്ദാനം.

ഇന്‍സെന്റീവ് കൂട്ടേണ്ടത് കേന്ദ്രസര്‍ക്കാറാണ്. തൊഴിലാളികളായി അംഗീകരിക്കേണ്ടതും കേന്ദ്രമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓണറേറിയം കേരളത്തില്‍ കാലാ കാലങ്ങളായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നം സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News