ഇന്ന് ഏറ്റവും വലിയ കയ്യടി നല്‍കേണ്ടത് 'റിയല്‍ ഒജി' ആയ മോഹന്‍ലാല്‍ ജിക്കാണ്; താങ്കളൊരു ഉഗ്രന്‍ ആക്ടര്‍ ആണ്; യഥാര്‍ത്ഥ ഇതിഹാസം! വലിയൊരു കയ്യടി അദ്ദേഹത്തിന് നല്‍കണം! ഈ ശബ്ദമൊന്നും പോരാ... വലിയ ആരവങ്ങളോടെ കയ്യടി നല്‍കണം; പ്രശംസ വാരിക്കോരി ചൊരിഞ്ഞ് മന്ത്രി അശ്വനി വൈഷ്ണവ്
പ്രശംസ വാരിക്കോരി ചൊരിഞ്ഞ് മന്ത്രി അശ്വനി വൈഷ്ണവ്
ന്യൂഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍, നടന്‍ മോഹന്‍ലാലിനെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് വിശേഷിപ്പിച്ചത് 'റിയല്‍ ഒജി' (യഥാര്‍ത്ഥ ഇതിഹാസം)എന്ന്. നിറഞ്ഞ കയ്യടിയോടെയാണ് മന്ത്രിയുടെ വാക്കുകള്‍ സദസ്സ് സ്വീകരിച്ചത്. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍, മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രശംസ.
'താങ്കള്‍ ഒരു ഉഗ്രന്‍ ആക്ടര്‍ ആണ് ' എന്ന് മലയാളത്തില്‍ പറഞ്ഞാണ് മന്ത്രി മോഹന്‍ലാലിനെ അഭിനന്ദിച്ചത്. മന്ത്രിയുടെ വാക്കുകളെ മോഹന്‍ലാല്‍ നിറഞ്ഞ പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. 'ഇത്രയും മികച്ച ചിന്തോദ്ദീപകമായ തിരഞ്ഞെടുപ്പിന് ജൂറിക്ക് നന്ദി. പുരസ്‌കാരം നേടിയ എല്ലാവരും വലിയ കയ്യടി അര്‍ഹിക്കുന്നവരാണ്. ഇന്ന് ഏറ്റവും വലിയ കയ്യടി നല്‍കേണ്ടത് 'റിയല്‍ ഒജി' ആയ മോഹന്‍ലാല്‍ ജിക്കാണ്. താങ്കളൊരു ഉഗ്രന്‍ ആക്ടര്‍ ആണ്. യഥാര്‍ത്ഥ ഇതിഹാസം! വലിയൊരു കയ്യടി അദ്ദേഹത്തിന് നല്‍കണം! ഈ ശബ്ദമൊന്നും പോരാ... വലിയ ആരവങ്ങളോടെ കയ്യടി നല്‍കണം,' മന്ത്രി പറഞ്ഞു.
ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. 2023-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ് വിതരണം ചെയ്തത്. ഷാരൂഖ് ഖാന്‍ 'ജവാന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായും വിക്രാന്ത് മാസി 'ട്വല്‍ത്ത് ഫെയില്‍' എന്ന ചിത്രത്തിന് മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. റാണി മുഖര്‍ജി 'മിസ്സിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി.
മലയാള സിനിമയ്ക്ക് ഈ വര്‍ഷം അഞ്ച് പുരസ്‌കാരങ്ങള്‍ ലഭിച്ചു. 'പൂക്കാലം' എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവനും 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശിയും മികച്ച സഹനടന്‍, സഹനടി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.