ഒരുകാലത്ത് ഉള്‍ഫ തീവ്രവാദത്തിന്റെ നാഡീകേന്ദ്രമായിരുന്ന 'ദിബ്രുഗഡ്'; റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക പാറിപ്പറന്നത് അതേ 'പ്രശ്‌നബാധിത' പ്രദേശത്ത്; 44 വര്‍ഷം നീണ്ട സായുധ പോരാട്ടങ്ങള്‍ക്ക്ക വിരാമമിട്ടത് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ വിജയം; അസമിന്റെ റിപ്പബ്ലിക് ദിന ആഘോഷം ഖനികര്‍ പരേഡ് ഗ്രൗണ്ടില്‍

അസമിന്റെ റിപ്പബ്ലിക് ദിന ആഘോഷം ഇത്തവണ ഉള്‍ഫയുടെ ശക്തികേന്ദ്രമായിരുന്ന 'ദിബ്രുഗഡില്‍'

Update: 2025-01-26 10:13 GMT

ദിബ്രുഗഢ്: ഒരു കാലത്ത് 'ഉള്‍ഫ' തീവ്രവാദത്തിന്റെ നാഡീകേന്ദ്രങ്ങളിലൊന്നായിരുന്ന ദിബ്രുഗഡിലാണ് റിപ്പബ്ലിക് ദിനത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ന് ദേശീയ പതാക ഉയര്‍ത്തിയത്. തീവ്രവാദ ഭീഷണി നിലനിന്നിരുന്നതിനാല്‍ റിപ്പബ്ലിക് ദിനത്തില്‍ ഉള്‍ഫ ശക്തികേന്ദ്രങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തുക എന്നത് ഇക്കാലമത്രയും പ്രയാസകരമായ കാര്യമായിരുന്നു. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി സമാധാനം വീണ്ടെടുക്കുകയും 44 വര്‍ഷം നീണ്ട സായുധ പോരാട്ടങ്ങള്‍ക്ക് പൂര്‍ണവിരാമമിട്ടുകൊണ്ട് ഒടുവില്‍ ഉള്‍ഫ പിരിച്ചുവിടുകയും ചെയ്തതോടെയാണ് ദേശീയ ആഘോഷത്തിനൊപ്പം ചേരാന്‍ ദിബ്രുഗഢിന് സാധിച്ചത്.

അസമിനെ തീവ്രവാദത്തിന്റെ കുടക്കീഴിലാക്കിയ സംഘടനയാണ് ഉള്‍ഫ. സ്വതന്ത്ര പരമാധികാര അസം- 1979 ഏപ്രില്‍ ഏഴിന് അസമിലെ ശിവസാഗറില്‍ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ULFA) എന്ന പേരില്‍ പിറവിയെടുത്ത സായുധ സംഘടനയുടെ ലക്ഷ്യം അതുമാത്രമായിരുന്നു. 44 വര്‍ഷം നീണ്ട സായുധ പോരാട്ടങ്ങള്‍ക്ക് പൂര്‍ണവിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ജനുവരി അവസാനവാരം ഉള്‍ഫ പിരിച്ചുവിട്ടത്. ഇതോടെ രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയിലെ രക്തരൂക്ഷിത പോരാട്ടങ്ങള്‍ക്കാണ് അന്ത്യമായത്. ഒരുകാലത്ത് അയ്യായിരത്തോളം അംഗങ്ങളുണ്ടായിരുന്ന ഉള്‍ഫ എഴുനൂറോളം അംഗങ്ങള്‍ മാത്രമുള്ള സംഘടനയായി ചുരുങ്ങിയിരുന്നു. ശക്തി ക്ഷയിച്ചതിന് പിന്നാലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത പ്രതിരോധം ഉയര്‍ത്തുകയും സമാധാന ശ്രമങ്ങളുടെ ഭാഗമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതോടെ സായുധ പോരാട്ടം അവസാനിപ്പിച്ച് ദേശീയതയ്ക്ക് ഒപ്പം ചേരാന്‍ അംഗങ്ങള്‍ തയ്യാറാകുകയായിരുന്നു.

വര്‍ഷങ്ങളായി റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിന ആഘോഷങ്ങളും ബഹിഷ്‌കരിക്കാന്‍ ഉള്‍ഫ ആഹ്വാനം ചെയ്യുക പതിവായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിമാര്‍ സാധാരണയായി ഗുവാഹത്തിയിലാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുക. പക്ഷെ ഇപ്പോള്‍ അസമില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുന്നു. ദിബ്രുഗഡിലാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ന് ദേശീയ പതാക ഉയര്‍ത്തിയത്. ഉള്‍ഫ ബന്ദിന് ആഹ്വാനം നല്‍കിയിരുന്നെങ്കിലും അതൊന്നും ഇക്കുറി ദിബ്രുഗഡില്‍ ഫലവത്തായില്ല. ഇവിടെയുള്ള ഖനികര്‍ പരേഡ് ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

സായുധസേനകളുടെ പ്രത്യേക അധികാര നിയമപ്രകാരം ''പ്രശ്‌നബാധിത പ്രദേശങ്ങള്‍'' ആയി തുടരുന്ന സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഒന്നാണ് ഇത്. ''ദിബ്രുഗഢ് ആദ്യമായി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു. നഗരം ത്രിവര്‍ണ്ണ പതാകകളാല്‍ അലങ്കരിച്ചിരിക്കുന്നു. തീവ്രവാദ സ്വാധീനത്തിന്റെ പിടിയില്‍ നിന്നും ജില്ല വിമുക്തമാക്കപ്പെട്ടതിന്റെ തെളിവാണിത്. ഞാന്‍ അവിടെ 'തിരംഗ' അഴിച്ചുവിടും. ' മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

സൈന്യവും സിആര്‍പിഎഫും സുരക്ഷാ ക്രമീകരണങ്ങളില്‍ പോലീസിനെ സഹായിക്കുന്നുണ്ടെന്നും സുരക്ഷ ശക്തമാക്കാന്‍ മറ്റ് ജില്ലകളില്‍ നിന്ന് ഏകദേശം 400 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ദിബ്രുഗഡ് എസ്പി വി.വി.രാകേഷ് റെഡ്ഡി പറഞ്ഞു.

വൈവിധ്യങ്ങളുടെ സംഗമഭൂമി

വിഭിന്ന സംസ്‌കാരങ്ങളുെട സംഗമ ഭൂമിയായിരുന്നു അസം. ബോഡോ, കച്ചരി, കര്‍ബി, മിരി, മിഷിമി, രഭ തുടങ്ങി നിരവധി ഗോത്ര വര്‍ഗങ്ങള്‍, അവരുടേതു മാത്രമായ ഭാഷ, വസ്ത്രധാരണ ശൈലി, ഭക്ഷണരീതികള്‍ തുടങ്ങി തനതു രീതിയില്‍ ഒന്നിച്ചുചേര്‍ന്ന് ജീവിച്ചിരുന്ന ഒരു ജനത. ഇവരുടെ സൈ്വര്യം തകരുന്നത് ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ തേയില വ്യവസായത്തിന്റെ വ്യാപനത്തോടെയാണ്. രാജ്യാന്തര പ്രശസ്തി നേടിയ തേയിലത്തോട്ടങ്ങളും കല്‍ക്കരി ഖനികളും വിദേശികളുള്‍പ്പടെയുള്ളവരെ അസമിലേക്ക് ആകര്‍ഷിച്ചപ്പോള്‍ തദ്ദേശീയരുടെ മനസ്സില്‍ മുളപൊട്ടിയത് ആശങ്കകളാണ്. മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം പിറവിയെടുക്കുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ബംഗ്ലദേശില്‍ നിന്നുള്ള കുടിയേറ്റത്തിന് എതിരെയായിരുന്നു പ്രക്ഷോഭം. അസം ഇന്ത്യയുടെ ഭാഗമല്ലെന്നും അവര്‍ വാദിച്ചു.

നടുക്കിയ സായുധ പോരാട്ടങ്ങള്‍

അരബിന്ദ രാജ്‌ഖോവ, അനൂപ് ചേട്ടിയ, ബറുവ, പ്രദീപ് ഗൊഗോയ്, ഭദ്രേശ്വര്‍ ഗൊഹെയ്ന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉള്‍ഫയുടെ പിറവി. അസമിനു സ്വതന്ത്ര പരമാധികാരം നേടാന്‍ സായുധ വിപ്ലവം അനിവാര്യമാണെന്നായിരുന്നു സംഘത്തിന്റെ വിലയിരുത്തല്‍. മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തിയതിനാല്‍ തദ്ദേശീയരുടെ ഇടയില്‍ ഉള്‍ഫയ്ക്ക് വന്‍സ്വീകാര്യതയാണു ലഭിച്ചത്. തങ്ങളുടെ ശബ്ദം അങ്ങു ഡല്‍ഹി വരൈയത്താന്‍ ഇത്തരം സായുധ വിപ്ലവം കൂടിയേ തീരൂ എന്നുതന്നെ അവര്‍ വിശ്വസിച്ചു. പക്ഷേ, പിന്നീട് അസം കണ്ടത് സമാനതകളില്ലാത്ത രക്തച്ചൊരിച്ചിലാണ്. പോരാട്ടം പിടിച്ചുപറിയിലേക്കും ആളുകളെ തട്ടിക്കൊണ്ടുപോകുന്നതിലേക്കും ബോംബു സ്‌ഫോടനങ്ങളിലേക്കും ആയുധക്കടത്തിലേക്കും നയിച്ചു. വ്യാപകമായി അക്രമങ്ങള്‍ നടത്തിയതോടെ അസം രാഷ്ട്രീയം പ്രക്ഷുബ്ധമായി. സുരക്ഷാഭടന്മാരുമായുള്ള വിപ്ലവകാരികളുടെ പോരാട്ടങ്ങളില്‍ സാധാരണക്കാരുള്‍പ്പടെ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. അക്കാലത്ത് പതിനായിരത്തോളം ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടമായാതായാണ് കണക്ക്. പൊതുവേ അക്രമങ്ങളോട് മുഖം തിരിക്കുന്ന അസമീസ് ജനതയുടെ ഇടയില്‍, ഉള്‍ഫയ്ക്കുണ്ടായിരുന്ന സ്വീകാര്യത പതിയെ മങ്ങിത്തുടങ്ങി.

സംഘടനാശേഷി കൊണ്ട് ഒരു ദശാബ്ദത്തിനിടയില്‍ത്തന്നെ ഉള്‍ഫ ദക്ഷിണകിഴക്കനേഷ്യയിലെ ഏറ്റവും കരുത്തരായ ശക്തിയായി മാറി. തൊണ്ണൂറുകളോടെ ഉള്‍ഫ പോരാളികളുടെ ആക്രമണം രൂക്ഷമായി. ദിബ്രുഗഡ് ജില്ലയിലെ ദൗലത് സിങ് നേഗിയെന്ന പൊലീസ് സൂപ്രണ്ടിനെയും അദ്ദേഹത്തിന്റെ പിസിഒയെയും ഡ്രൈവറെയും ഉള്‍ഫ വധിക്കുന്നത് 1990 ജൂലൈയിലാണ്. അതേ വര്‍ഷം മേയിലാണ് ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് വ്യവസായി സ്വരാജ് പോളിന്റെ സഹോദരനും ബിസിനസുകാരനുമായ സുരേന്ദ്ര പോളിനെ ഉള്‍ഫ പോരാളികള്‍ വധിച്ചത്. ഇതോടെ ഉള്‍ഫയ്‌ക്കെതിരായി ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 1990 ല്‍ കേന്ദ്രം സംഘടനയെ നിരോധിച്ചു. 90ല്‍ തന്നെ ഓപ്പറേഷന്‍ ബജ്രംഗ് എന്ന പേരില്‍, പോരാളികളെ ഒതുക്കാനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. ആയിരത്തിഇരുനൂറോളം പേര്‍ അന്ന് അറസ്റ്റിലായി. അസം പ്രശ്‌ന ബാധിത സംസ്ഥാനമായി മുദ്രകുത്തപ്പെട്ടു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. പട്ടാളത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അഫ്‌സ്പ ആക്ട് കൊണ്ടുവന്നു.

സോവിയറ്റ് യൂണിയന്‍ പൗരനായ ഒരു എന്‍ജിനീയറുള്‍പ്പടെ 14 പേരെ മോചനദ്രവ്യത്തിനായി ഉള്‍ഫ തട്ടിക്കൊണ്ടുപോയത് 1991 ലാണ്. എന്‍ജിനീയര്‍ പിന്നീട് കൊല്ലപ്പെട്ടു. 97 ല്‍, അന്നത്തെ മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മഹന്തയെ വധിക്കാനുള്ള ശ്രമം ഉള്‍ഫ നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തദ്ദേശീയരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പോരാട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരായി. അസം ഇന്ത്യയുടെ ഭാഗമല്ലെന്നു വാദിച്ച അവര്‍ ഹിന്ദി ഭാഷക്കാരെ സ്ഫോടനങ്ങളിലും വെടിവയ്പിലും കൊന്നൊടുക്കി. ബിഹാറില്‍നിന്നു കുടിയേറിയ കൂലിപ്പണിക്കാരായിരുന്നു കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും.

അതിര്‍ത്തി കടന്നെത്തിയ തീവ്രവാദം

ഇന്ത്യക്കു പുറത്തുനിന്നുള്ള സഹായങ്ങളുടെ ബലത്തില്‍ ഉള്‍ഫ പിടിച്ചുനിന്നു. മ്യാന്‍മറിലും ബംഗ്ലദേശിലും ഭൂട്ടാനിലും അവര്‍ക്ക് ക്യാംപുകളുണ്ടായി. പുതുതായി ഉള്‍ഫയിലേക്കെത്തുന്നവര്‍ക്കുള്ള പരിശീലനം ഈ ക്യാംപുകളിലാണ് അവര്‍ നല്‍കിയിരുന്നത്. ഹര്‍കത് ഉല്‍ ജിഹാദ് ഇ ഇസ്ലാമി, അല്‍ഖായിദ തുടങ്ങിയ ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉള്‍ഫ നേതാവായ പരേഷ് ബാരുഷ് ഒസാമ ബിന്‍ ലാദനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ റിപ്പോര്‍ട്ടുകളും അന്ന് പുറത്തുവന്നിരുന്നു. ആദ്യകാലത്ത് ഉള്‍ഫ പോരാളികള്‍ക്കു പരിശീലനം നല്‍കിയിരുന്നത് പാക്കിസ്ഥാനിലെ ഐഎസ്െഎയാണ്. കാര്‍ഗില്‍ യുദ്ധ സമയത്ത് പാക്കിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുക വരെ ചെയ്തു ഉള്‍ഫ. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഉള്‍ഫ പരസ്യമായി ഏറ്റെടുക്കുന്നത് 2004 ലാണ്. അസമിലെ ധേമാജി ജില്ലയില്‍ നടത്തിയ സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

2010 ലാണ് സംഘടന രണ്ടായത്. അരബിന്ദ രാജ്‌ഖോവയും അനൂപ് ചേട്ടിയയും നേതൃത്വം നല്‍കുന്ന വിഭാഗവും പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള സായുധ വിഭാഗവും. രാജ്യത്തെ ഏറ്റവും വലിയ ഭീകര സംഘടനകളിലൊന്നായാണ് ഉള്‍ഫയെ വിലയിരുത്തുന്നത്. 44 വര്‍ഷത്തെ അക്രമങ്ങളില്‍ പതിനായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. ഇവരിലധികവും പാവപ്പെട്ട തൊഴിലാളികളാണ്. അസമിന്റെ സമ്പദ് വ്യവസ്ഥ തകരുകയും ചെയ്തു. വ്യവസായങ്ങള്‍ പലതും അയല്‍ സംസ്ഥാനമായ ബംഗാളിലേക്കു കുടിയേറി. തേയിലത്തോട്ട വ്യവസായം നടത്തിക്കൊണ്ടു പോകാന്‍ കമ്പനികള്‍ ഉള്‍ഫയ്ക്കു കപ്പം കൊടുത്തിരുന്നു.

ഒടുവില്‍ സമാധാനത്തിലേക്ക്

2011 മുതല്‍ നടന്നുവന്ന ചര്‍ച്ചയുടെ ഫലമായി, സമാധാന ഉടമ്പടിയില്‍ ഒടുവില്‍ ഉള്‍ഫ ഒപ്പുവച്ചു. ഉള്‍ഫയുടെ പ്രധാന വിഭാഗമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി സമാധാന ഉടമ്പടിയിലേര്‍പ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെയും സാന്നിധ്യത്തിലാണ് മുഖ്യധാരയിലേക്ക് വരാനുള്ള കരാറില്‍ ഉള്‍ഫ നേതാവ് അരബിന്ദ് രാജ്‌ഖോവ ഒപ്പുവച്ചത്.

അതേസമയം, പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ (ഇന്‍ഡിപെന്‍ഡഡ്) കരാറിന്റെ ഭാഗമായില്ല. അതിനാല്‍ കരാര്‍ പൂര്‍ണഫലം ചെയ്യില്ലെങ്കിലും അക്രമങ്ങളും രക്തച്ചൊരിച്ചിലും ഒരു പരിധി വരെ അവസാനിക്കാനായി. മുഖ്യധാരയിലെത്തുന്ന ഉള്‍ഫ പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കുകയും ഇവര്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് കരാര്‍ പ്രകാരമുണ്ടായിരുന്ന വ്യവസ്ഥ. 2011 മുതല്‍ ഈ വിഭാഗം സായുധ പോരാട്ടം ഉപേക്ഷിച്ചിരുന്നു. സമാധാന കരാര്‍ വന്ന് ഒരു വര്‍ഷത്തിനിപ്പുറം ഉള്‍ഫയുടെ ശക്തികേന്ദ്രമായ ദിബ്രുഗഢില്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന ആഘോഷം നടത്താനായത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന സൂചനയാണുള്ളത്.

Tags:    

Similar News