അതിരപ്പിള്ളിയ്ക്ക് 'ആക്ഷന്‍ ഹീറോയുടെ' പിന്തുണ കിട്ടുമെന്ന് പ്രതീക്ഷ; 23 മീറ്റര്‍ ഉയരത്തില്‍ ഡാം; വാഴച്ചാല്‍ ഡിവിഷന് കീഴിലെ 136 ഹെക്ടര്‍ വനം വെള്ളത്തിനടിയിലാവും; പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭൂമിയില്‍ പകരമായി വനവത്കരണം; വൈദ്യുതിയും ടൂറിസവും; കെ എസ് ഇ ബിയുടെ പ്രതീക്ഷ സുരേഷ് ഗോപിയില്‍
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി കെഎസ്ഇബി. വിനോദസഞ്ചാരസാധ്യത പ്രയോജനപ്പെടുത്താനെന്ന പേരിലാണ് ഇനിയുള്ള നീക്കം. പദ്ധതിയുടെ മാതൃക പരിഷ്‌കരിക്കാന്‍ കെഎസ്ഇബി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. സംസ്ഥാനത്തെ ആദ്യത്തെ സംയോജിത വൈദ്യുതോത്പാദന വിനോദസഞ്ചാരപദ്ധതിയായി അതിരപ്പിള്ളിയെ മാറ്റും. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അഞ്ച് വാദങ്ങളുമായി കെഎസ്ഇബി എത്തുകയാണ്. വേനല്‍ക്കാലത്ത് പോലും അതിരപ്പിള്ളി വരണ്ട് ഉണങ്ങാത്ത അവസ്ഥയുണ്ടാക്കാം എന്നതാണ് പ്രധാന വാദം. ഇതുവഴി കൂടുതല്‍ ടൂറിസ്റ്റുകളെ എത്തിക്കാനാവും. ചാലക്കുടി പുഴയിലെ പ്രളയ ഭീഷണി ഇല്ലാതാക്കാമെന്നും കെഎസ്ഇബി പറയുന്നു. കോഴിക്കോട് ആസ്ഥാനമായ സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഹ്യൂമെന്‍ സെറ്റില്‍മെന്റ്‌സ് അഥവാ സീ എര്‍ത്തിനെയാണ് സ്ഥലം സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കെഎസ്ഇബി ചുമതലപ്പെടുത്തിയത്. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ പിന്തുണയും ഈ പദ്ധതിക്കുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ കേന്ദ്രാനുമതി കിട്ടുമെന്നാണ് കെ എസ് ഇ ബിയുടെ പ്രതീക്ഷ.
23 മീറ്റര്‍ ഉയരത്തിലാണ് ഡാം നിര്‍മിക്കേണ്ടത്. ഡാം വന്നാല്‍ വാഴച്ചാല്‍ ഡിവിഷന് കീഴിലെ 136 ഹെക്ടര്‍ വനം വെള്ളത്തിനടിയിലാവും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭൂമിയില്‍ ഇതിന് പകരമായി വനവത്കരണം നടത്തുമെന്ന് കെ എസ് ഇ ബി പറയുന്നു. വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങിയെങ്കിലും എല്‍ഡിഎഫ് കൂടി അംഗീകരിച്ച് സിപിഐയുടെ അടക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പ് മറികടന്നാല്‍ മാത്രമേ പദ്ധതിയുമായി ബോര്‍ഡിന് പദ്ധതിയുമായി മുന്നോട്ടുപോകാനാവൂ.
അതുകൊണ്ട് തന്നെ വിവാദങ്ങളുണ്ടാകാതിരിക്കാന്‍ പരമാവധി കരുതല്‍ എടുക്കും. ഇത്തരമൊരു ആശയം പൊതുജനസമക്ഷം അവതരിപ്പിക്കുകമാത്രമാണ് പഠനത്തിലൂടെ കെഎസ്ഇബി ഉദ്ദേശിക്കുന്നതെന്നാണ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ അറിയിച്ചത്. മഴയില്ലാത്ത സാഹചര്യങ്ങളില്‍ അതിരപ്പിള്ളിക്ക് മുകള്‍ഭാഗത്തുള്ള പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ എന്നീ ജലവൈദ്യുതപദ്ധതികള്‍ രാത്രി മാത്രമാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളച്ചാട്ടത്തിലൂടെ ഒഴുകിപ്പോകുന്ന വെള്ളം, പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ജലാശയത്തില്‍ ശേഖരിച്ച് പകല്‍സമയം വെള്ളച്ചാട്ടത്തിലൂടെ തുറന്നുവിടാന്‍ കഴിയും. തത്ഫലമായി വേനല്‍ക്കാലത്തും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ആകര്‍ഷണീയതയും മനോഹാരിതയും കൂടുമത്രേ. ജലപ്രവാഹം നിയന്ത്രിക്കുന്നതിലൂടെ ചാലക്കുടിപ്പുഴയിലെ പ്രളയഭീഷണി ഒഴിവാക്കാനും കഴിയുമെന്ന വാദമാണ് ചര്‍ച്ചയാക്കുന്നത്. ജലാശയത്തില്‍ ബോട്ടിങ് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടും. സീപ്ലെയിന്‍ സര്‍വീസിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുമതി ലഭ്യമാക്കുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി ജലാശയത്തില്‍ സീപ്ലെയിന്‍ ഇറക്കാനും കഴിയുമെന്നും കെ എസ് ഇ ബി പറയുന്നു.
ഡാമില്‍ സിപ്ലെയിന്‍ അടക്കമുള്ള പദ്ധതി കൊണ്ടുവരുന്നതു വഴി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകും. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനായി വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങിയതുമായി ബന്ധപ്പെട്ടാണ് കെഎസ്ഇബി അഞ്ച് വാദങ്ങളുയര്‍ത്തുന്നത്. മാര്‍ച്ച് 19ന് ചേര്‍ന്ന കെഎസ്ഇബി ബോര്‍ഡ് യോഗമാണ് 163 മെഗാവാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി വീണ്ടും നടപ്പാക്കാനുള്ള നടപടി തുടങ്ങിയത്. സീ പ്ലെയിന്‍, ഗ്ലാസ് അക്വേറിയം, വാക്ക് വേ, ബോട്ടിങ്, ആംനറ്റി സെന്ററുകള്‍, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ പദ്ധതിയുടെ ഭാഗമായി അതിരപ്പിള്ളിയില്‍ കൊണ്ടുവരും. ഇതിനോടൊപ്പം ആദിവാസികള്‍ക്കായി സ്‌കൂള്‍, ആശുപത്രി എന്നിവയും നിര്‍മിക്കും. 46 വര്‍ഷം മുമ്പാണ് അതിരപ്പിള്ളിക്കായുള്ള ചര്‍ച്ചകളും നീക്കവും തുടങ്ങിയത്. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആദിവാസികളുടെയും സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാനാവാത്തത്. അതിരപ്പിള്ളിയില്‍ മഴക്കാലത്തെ വെള്ളം മുഴുവന്‍ നിലവില്‍ ഒലിച്ചുപോകുന്നു. അണക്കെട്ടുവന്നാല്‍ 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് മാത്രമല്ല, മഴക്കാലത്ത് ഒലിച്ചുപോകുന്ന വെള്ളം സംഭരിക്കാം. ബോട്ടിങ് നടത്താം, ജലവിമാനവും ഇറക്കാം. അതിരപ്പിള്ളി പരിസരത്ത് ഏകദേശം 9000 ഏക്കര്‍ ഭൂമിയില്‍ തോട്ടങ്ങളാണ്. അവിടെയെല്ലാം വിനോദസഞ്ചാര സാധ്യതകള്‍ കൂടുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിഗമനം.
സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസവുമായി ബന്ധപ്പെടുത്തി ഒരു വൈദ്യുതോല്‍പ്പാദന പദ്ധതി വരുന്നതെന്നും കെഎസ്ഇബി പറയുന്നു. ടൂറിസം സാധ്യത കെഎസ്ഇബിയുടെ പഠനത്തിലൂടെ തിരിച്ചറിയുകയാണെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജനപ്രതിനിധികളുടെയും ജനങ്ങളുടെയും മുമ്പാകെ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കും. എല്ലാവരുടെയും പൂര്‍ണ്ണ സഹകരണത്തോടെ അതിരപ്പിള്ളി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ ശ്രമിക്കും.