ഭീകരരെ വളര്‍ത്തി പാക്കിസ്ഥാന്‍ സ്വന്തം വെള്ളംകുടി മുട്ടിക്കുമോ? രാജ്യത്തെ കൃഷിയുടെ 80 ശതമാനവും സിന്ധുനദിയിലെ വെള്ളത്തെ ആശ്രയിച്ച്; ഇന്ത്യ നിലപാട് കടുപ്പിച്ചാല്‍ പാക്ക് മണ്ണ് മരുഭൂമിക്ക് തുല്യമാകും; കുനാര്‍ നദിയില്‍ അഫ്ഗാന്‍ ഡാം പണിതാല്‍ കടുത്ത വരള്‍ച്ച; പാക്കിസ്ഥാന്‍ അങ്ങേയറ്റം അപകടാവസ്ഥയിലെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ കൈക്കൊണ്ട നടപടികള്‍ കനത്ത പ്രഹരം ഏല്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധുനദിയിലെ വെള്ളം നിയന്ത്രിക്കാന്‍ അധികാരമുള്ള ഇന്ത്യയുടെ ചെറുനീക്കം പോലും പാക്കിസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. സിന്ധുനദിയിലെ ജലമൊഴുക്ക് തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്താല്‍ വലിയ അപകടത്തിലേക്കാണ് പാക്കിസ്ഥാന്‍ നീങ്ങുകയെന്ന് സിഡ്‌നി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി ഭീഷണി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വെറും 30 ദിവസത്തേക്കുള്ള വെള്ളം ശേഖരിച്ചു വയ്ക്കാന്‍ മാത്രമേ പാക്കിസ്ഥാനിലെ ഡാമുകള്‍ക്ക് ശേഷിയുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സിന്ധു നദീതടം പാകിസ്ഥാന്റെ 25 ശതമാനം ജിഡിപിയെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാന്റെ 80 ശതമാനം കൃഷിഭൂമിയും സിന്ധു നദീതട സംവിധാനത്തില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ നേരിട്ടോ അല്ലാതെയോ ഇതിനെ ആശ്രയിക്കുന്നുണ്ട്. ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ സംവിധാനത്തില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി മുഖ്യമായി ആശ്രയിച്ചു വരുന്നത്. ഇന്ത്യയില്‍ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തില്‍ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാര്‍ പ്രകാരം ചെയ്തിരുന്നത്. പാകിസ്ഥാനിലെ പ്രധാന കാര്‍ഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. ജലലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും. സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഏപ്രിലില്‍ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ പാക്കിസ്ഥാനുമായി സിന്ധുനദീജലം പങ്കിടാനുള്ള 1960ലെ കരാര്‍ റദ്ദാക്കിയത്. കരാര്‍ പ്രകാരം സിന്ധു, ഝലം, ചിനാബ് നദികളിലെ വെള്ളം പാക്കിസ്ഥാനുമായി പങ്കുവെക്കേണ്ടിയിരുന്നു. ഇന്ത്യയ്ക്ക് ഈ നദികളിലെ ഒഴുക്ക് പൂര്‍ണമായി തടയാനോ വഴിതിരിച്ചുവിടാനോ സാധ്യമല്ലെങ്കിലും കാര്‍ഷിക സീസണില്‍ അത്തരത്തിലുള്ള ചെറിയ നീക്കങ്ങള്‍ പോലും പാക്കിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിന്ധു നദീജല ഉടമ്പടി
സിന്ധു നദി, അതിന്റെ പോഷകനദികള്‍ എന്നിവയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. വിഭജനത്തിനുശേഷം, പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ നിയന്ത്രണം ഇന്ത്യയിലായി. 1954 ല്‍ ലോകബാങ്ക് മധ്യസ്ഥത വാഗ്ദാനം ചെയ്തു. ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, 1960 സെപ്റ്റംബര്‍ 19 ന് സിന്ധു നദീജല കരാറില്‍ ഒപ്പുവച്ചു. ഉടമ്പടി പ്രകാരം, പടിഞ്ഞാറന്‍ നദികളായ ചെനാബ്, സിന്ധു എന്നിവയില്‍ നിന്നുള്ള ജലം പാകിസ്ഥാന് ലഭിച്ചു. കിഴക്കന്‍ നദികളായ സത്‌ലജ്, ബിയാസ്, രവി എന്നിവയില്‍ നിന്നുള്ള ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും ലഭിച്ചു. നിശ്ചിത വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് ജലസേചനം, അനിയന്ത്രിതമായ ജലവൈദ്യുത ഉല്‍പ്പാദനം, കുടിവെള്ള വിതരണം, നാവിഗേഷന്‍ എന്നിവയ്ക്കായി ഇന്ത്യയ്ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലം ഉപയോഗിക്കാമെന്നും കരാര്‍ വ്യക്തമാക്കുന്നു. ഭക്ര-നംഗല്‍ അണക്കെട്ട്, രഞ്ജിത് സാഗര്‍ അണക്കെട്ട്, പോങ് അണക്കെട്ട്, നീണ്ട കനാല്‍ ശൃംഖല എന്നിവയിലൂടെ ഇന്ത്യ കിഴക്കന്‍ നദികളുടെ ഏതാണ്ട് മുഴുവന്‍ വിഹിതവും പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇന്ത്യ എത്രത്തോളം വെള്ളം ഉപയോഗിക്കുന്നു?
ഉപയോഗത്തിനായി ഇന്ത്യയ്ക്ക് 18 ശതമാനം വെള്ളം നല്‍കിയിട്ടുണ്ട്. കരാര്‍ പ്രകാരം ഇന്ത്യ മൊത്തം വെള്ളത്തിന്റെ 10 ശതമാനം ഉപയോഗിക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഗതി മാറ്റാതെയും താഴെയുള്ള ജലനിരപ്പ് കുറയ്ക്കാതെയും പടിഞ്ഞാറന്‍ നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് ഉടമ്പടി അനുമതി നല്‍കുന്നു.
പാകിസ്ഥാന്റെ എതിര്‍പ്പ്
ഇന്ത്യയുടെ ആദ്യ പദ്ധതിയായ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി (330MW) ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്ക വിഷയമായി മാറി. 2007 ല്‍ ഇന്ത്യ സിന്ധുവിന്റെ പോഷകനദിയായ കിഷന്‍ഗംഗ നദിയില്‍ (പാകിസ്ഥാനിലെ നീലം നദി) പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയതാണ് പാകിസ്ഥാന്റെ എതിര്‍പ്പിന് കാരണം. പാകിസ്ഥാന്‍ ഈ വിഷയം ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതിയില്‍ എത്തിച്ചു. 2013 ല്‍ ഇന്ത്യയ്ക്ക് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. 2018 ല്‍ ഇന്ത്യ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചു.
പദ്ധതികളുടെ എണ്ണം
ഇന്ത്യ അടുത്തിടെ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ കിരു ജലവൈദ്യുത പദ്ധതി (624MW), ചെനാബില്‍ ക്വാര്‍ ജലവൈദ്യുത പദ്ധതി (560MW) എന്നിവയുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ അനുമതി നല്‍കി. നേരത്തെ കിഷ്ത്വാറില്‍ പക്കല്‍ ദുല്‍ പദ്ധതി (1,000MW), റാറ്റില്‍ പദ്ധതി (850MW) എന്നിവയുടെ നിര്‍മ്മാണത്തിന് ഇന്ത്യ അനുമതി നല്‍കിയിരുന്നു.
അഫ്ഗാനും കലിപ്പില്‍
പാക്കിസ്ഥാന് കുനാര്‍ നദിയിലെ വെള്ളം തടഞ്ഞുകൊണ്ട് പുതിയ ഡാം നിര്‍മിക്കാന്‍ കഴിഞ്ഞയാഴ്ച അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അഫ്ഗാന്റെ നീക്കം. അഫ്ഗാനിസ്ഥാന്‍ കുനാര്‍ നദിയില്‍ ഉടന്‍ തന്നെ ഒരു ഡാം നിര്‍മിക്കും. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബ്രോഗില്‍ചുരത്തോട് ചേര്‍ന്നുള്ള ഹിന്ദുകുഷ് പര്‍വതനിരകളില്‍ നിന്നാണ് കുനാര്‍ നദി ഉദ്ഭവിക്കുന്നത്. 480കിലോമീറ്റര്‍ നീളമുള്ള കുനാറിലാണ് ഡാം നിര്‍മിക്കുക. കുനാര്‍ നദി ഒഴുകിയെത്തുന്ന കാബൂള്‍ നദി, അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഇടയിലുള്ള ഏറ്റവും വലുതും ജലസമൃദ്ധവുമായ നദിയാണ്. കാബൂള്‍ നദി അറ്റോക്കിന് സമീപത്തുവച്ച് സിന്ധുനദിയില്‍ ചേരുന്നു, ഇത് പാക്കിസ്ഥാന്റെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയുടെ ജലസേചനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും നിര്‍ണ്ണായകമാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഔദ്യോഗികമായി ഉഭയകക്ഷി ജലം പങ്കിടുന്നതിനുള്ള കരാറുകളൊന്നും നിലവിലില്ല.
