അഹമ്മദാബാദ് വിമാന ദുരന്തവും പാക് വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണം 4000 കോടിയോളം നഷ്ടം; പ്രതിച്ഛായ നഷ്ടത്തിന് പുറമേ നടുവൊടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും; ടാറ്റ സണ്‍സിനോടും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോടും 10,000 കോടിയുടെ സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ; ദുരന്തം പ്രഹരമായത് കമ്പനി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലായിരിക്കെ
ടാറ്റ സണ്‍സിനോടും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോടും 10,000 കോടിയുടെ സാമ്പത്തിക സഹായം തേടി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: 240 ലേറെ പേരുടെ ജീവന്‍ പൊലിഞ്ഞ അഹമ്മദാബാദിലെ വിമാനദുരന്തത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാന്‍ വിഷമിക്കുകയാണ് എയര്‍ ഇന്ത്യ. അപകടത്തെ തുടര്‍ന്ന് പ്രതിച്ഛായ നഷ്ടത്തിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും നേരിടുകയാണ് എയര്‍ ഇന്ത്യ.സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോടും, തങ്ങളുടെ ഉടമകളായ ടാറ്റ സണ്‍സിനോടും 10,000 കോടിയുടെ സാമ്പത്തിക സഹായം തേടിയിരിക്കുകയാണ് എയര്‍ ഇന്ത്യ. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് നല്‍കിയത്.
അപകടത്തിന് പുറമെ, പാകിസ്ഥാന്‍ വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഏകദേശം 4000 കോടി രൂപയുടെ നഷ്ടം കമ്പനിക്ക് സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് കമ്പനി ധനസഹായം തേടിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.
2022ല്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും, കാലഹരണപ്പെട്ട വിമാനങ്ങള്‍ നവീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും ശ്രമിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ 74.9% ഓഹരി ടാറ്റാ ഗ്രൂപ്പിനും ബാക്കി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശവുമാണ്.
പുതിയ ധനസഹായം എയര്‍ ഇന്ത്യയുടെ സുരക്ഷ, എഞ്ചിനീയറിംഗ്, പരിപാലന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ പരിശീലനം, കാബിന്‍ നവീകരണം, പ്രവര്‍ത്തന സാങ്കേതികവിദ്യ എന്നിവയിലെ നിക്ഷേപം ത്വരിതപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനസഹായത്തിന്റെ ഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉടമസ്ഥാവകാശ അനുപാതമനുസരിച്ച് പലിശ രഹിത വായ്പയായോ പുതിയ ഓഹരി നിക്ഷേപമായോ ഇത് ലഭ്യമായേക്കാം.
.എയര്‍ ഇന്ത്യയുടെ നിലവിലുള്ള പരിവര്‍ത്തന പരിപാടിയെ പിന്തുണയ്ക്കുന്നതിനായി ടാറ്റാ സണ്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (SIA) പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ എയര്‍ ഇന്ത്യയും ടാറ്റാ സണ്‍സും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വിമാനാപകടമായ ജൂണ്‍ മാസത്തിലെ ദുരന്തം, എയര്‍ ഇന്ത്യയുടെ തിരിച്ചു വരവിന് കനത്ത തിരിച്ചടിയായിരുന്നു. അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സാങ്കേതികവും മാനുഷികവുമായ പിഴവുകള്‍ അന്വേഷണ പരിധിയിലുണ്ട്.
വിസ്താരയുടെ ലയനം, എയര്‍ബസ്, ബോയിംഗ് എന്നിവയില്‍ നിന്നുള്ള 470 വിമാനങ്ങള്‍ക്കുള്ള വന്‍ ഓര്‍ഡര്‍, ഗള്‍ഫിലേക്കുള്ള പ്രീമിയം അന്താരാഷ്ട്ര റൂട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം എന്നിവ ഉള്‍പ്പെടുന്ന പുനരുജ്ജീവന പദ്ധതി എയര്‍ ഇന്ത്യ നടപ്പിലാക്കി വരുന്നതനിടെയാണ് വിമാന ദുരന്തം സംഭവിച്ചത്. ഇതോടെ, കമ്പനിയിലെ തൊഴില്‍സംസ്‌കാരം, എഞ്ചിനീയറിംഗ് വിശ്വാസ്യത, മാനേജ്‌മെന്റ് പരിഷ്‌കരണത്തിന്റെ വേഗത എന്നിവയെക്കുറിച്ചുള്ള പഴയ ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.
ആഗോളതലത്തില്‍ മത്സരം മുറുകുകയും, നഷ്ടം പെരുകുകയും ചെയ്തതോടെ, തങ്ങളുടെ ഓഹരി ദാതാക്കളുടെ സഹായം തേടാന്‍ എയര്‍ ഇന്ത്യ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
