വീഡിയോ കോളില്‍ ആത്മഹത്യാ ഭീഷണി; ഓടിയെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഭാര്യ; കതക് തുറന്നു കിടന്നുവെന്ന് പുതിയ തിയറി! അതുല്യ കെട്ടി തൂങ്ങി നിന്നത് മറ്റാരും കണ്ടില്ലെന്ന് ഭര്‍ത്താവും സമ്മതിച്ചു; വാദങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഗര്‍ഭം അലസല്‍ കഥയും; അതുല്യ തന്നെ അടിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍; ഷാര്‍ജയില്‍ ന്യായീകരണ ശ്രമം സജീവം; കൊലയാണെന്നതിന് സതീഷിന്റെ വെളിപ്പെടുത്തല്‍ തന്നെ ധാരാളം
ഷാര്‍ജ: അതുല്യയുടെ മരണത്തില്‍ പുതിയ തിയറിയുമായി ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയെ ആരോ കൊന്നതാണെന്ന് സതീഷ് പറയുന്നു. താന്‍ അറിയാതെ അതുല്യ അബോര്‍ഷന്‍ നടത്തിയെന്നും അതിന്റെ കാരണം തനിക്ക് അറിയണമെന്നും സതീഷ് പറയുന്നു. നേരത്തെ ഒറ്റതാക്കോല്‍ ഉള്ള വീട് അകത്ത് നിന്നും പൂട്ടിയ ശേഷമാണ് താന്‍ പുറത്തു പോയതെന്ന് സതീഷ് പറഞ്ഞിരുന്നു. ഇതിലെ അസ്വാഭാവികത മറുനാടന്‍ തുറന്നു കാട്ടി. ഇതോടെ താന്‍ വന്നപ്പോള്‍ ഡോര്‍ തുറന്ന് കിടന്നുവെന്ന് സതീഷ് പറയുന്നു. കയറി നോക്കിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന ഭാര്യയെ കണ്ടു. കെട്ടഴിച്ച് താഴെ ഇറക്കി. അതിന് ശേഷം പ്രാഥമിക ശുശ്രൂഷ നല്‍കി. പോലീസ് വന്നപ്പോള്‍ എല്ലാം പറഞ്ഞു. ആ മുറിയിലെ മാസ്‌കും കത്തിയും ലാപ് ടോപ് ഇരുന്ന സ്ഥലവും എല്ലാം സംശയത്തില്‍ കാണുകയാണ് സതീഷ്. തന്നെ ഭാര്യ ഫോണില്‍ വിളിച്ചെന്നും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി പെടുത്തിയെന്നും പറയുന്നു. ഇതോടെ താന്‍ ഓടിയെത്തി. കതക് തുറന്ന് കിടക്കുന്നതും കണ്ടുവെന്നെല്ലാം ഇപ്പോള്‍ സതീഷ് മാധ്യമങ്ങളോട് പറയുന്നു. അടിമുടി സംശയങ്ങളുയര്‍ത്തുന്നതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍. അതുല്യ കെട്ടി തൂങ്ങി നിന്നത് മറ്റാരും കണ്ടില്ലെന്ന് കൂടി പറയുകയാണ് സതീഷ്. ആരോ തന്റെ ഭാര്യയെ കൊന്നുവെന്ന തരത്തിലേക്ക് ചര്‍ച്ചകളെത്തിക്കാന്‍ ശ്രമം. പ്രദേശത്തെ സിസിടിവി എല്ലാം പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.
അതുല്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും സതീഷ് ആരോപിച്ചിരുന്നു. സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. മരിച്ച നിലയിലാണ് അതുല്യയെ കണ്ടെത്തിയത് അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സതീഷ് പറയുന്നു. 'ഞാന്‍ ജീവിച്ച ജീവിതം എനിക്ക് മാത്രമെ അറിയത്തുള്ളൂ. സകല ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും എന്നെ അകറ്റി. ഏതെങ്കിലും കൂട്ടുകാരുമായി അടുത്താല്‍ എന്തെങ്കിലും ചെയ്ത് അവള്‍ അത് തടയും. ഞാന്‍ എന്തിനാണ് ജീവിക്കുന്നത്. ചാവാന്‍ തയ്യാറാണ്. ഇന്നലെ അതുല്യ തൂങ്ങിയ അതേ ഫാനില്‍ കൈലി ഇട്ട് ഞാനും തൂങ്ങി. പിടച്ചപ്പോള്‍ കാല് കട്ടിലേല്‍ വന്ന് സ്റ്റാന്‍ഡ് ചെയ്തു', എന്നാണ് സതീഷ് ശബ്ദ സംഭാഷണത്തില്‍ പറയുന്നത്. അതുല്യ ഗര്‍ഭം അലസിപ്പിച്ചത് തന്നെ മാനസികമായി തളര്‍ത്തി. ഏത് ആശുപത്രിയാണെന്ന് അറിയില്ല. അമ്മയാണ് എല്ലാ കാര്യങ്ങള്‍ക്കും കൂടെപ്പോയത്. അബോര്‍ഷന്‍ തനിക്ക് സഹിക്കാന്‍ കഴിയാത്തതിനാല്‍ പൈസയൊന്നും അയച്ചുകൊടുത്തില്ല. അവളുടെ സ്വര്‍ണ്ണത്തെക്കുറിച്ചൊന്നും താന്‍ ചോദിക്കാറില്ല. അതുല്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണം. എന്താണ് നടന്നതെന്ന് തനിക്കും അറിയണം എന്നും സതീഷ് പറയുന്നു. ഏറെ തന്ത്രപരമായി ഈ കേസില്‍ നിന്നും രക്ഷപ്പെടാനാണ് സതീഷിന്റെ ശ്രമമെന്ന് വ്യക്തമാണ്.
ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യയെ(30) ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. മരണത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ചവറ തെക്കുഭാഗം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെ ' അതു പോയി ഞാനും പോകുന്നു' എന്നാണ് സതീഷ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് താന്‍ തന്നെയാണ് ഇട്ടതെന്നും താനും ആത്മഹത്യ ശ്രമം നടത്തിയതായും കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ് മാധ്യമങ്ങളോട് പറയുകയും ചെയ്തു. അപ്പോള്‍ വീഡിയോ കോളിലൂടെ ആത്മഹത്യാ ഭീഷണിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അതും പറയുന്നു. ഇതെല്ലാമാണ് സതീഷിന്റെ വെളിപ്പെടുത്തലുകളെ ദുരൂഹമാക്കുന്നത്.
സതീഷ് ആദ്യം നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ
ശനിയാഴ്ച മുതല്‍ അതുല്യ പുതിയ ജോലിക്ക് പോകാന്‍ ഇരുന്നതാണ് സംഭവം നടക്കുമ്പോള്‍ താന്‍ പുറത്തായിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് സതീഷ് പറഞ്ഞത്. ' ഞാന്‍ വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വന്നതാണ്. അതുല്യ ശനിയാഴ്ച മുതല്‍ പുതിയ ജോലിക്ക് പോകാന്‍ ഇരുന്നതാണ്. അവള്‍ അത് ഓക്കേയാണെന്ന് പറഞ്ഞതുകൊണ്ട് അവള്‍ക്ക് ജോലിക്ക് പോകാനുള്ള സാധനങ്ങള്‍ എല്ലാം വാങ്ങി കൊടുത്തിരുന്നു. പോകാനുള്ള വണ്ടിയുടെ കാര്യങ്ങളും അറേഞ്ച് ചെയ്തു. ആ വണ്ടിക്ക് കൊടുക്കാനുള്ള പൈസയും കൊടുത്തു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവളുടെ കയ്യില്‍ വെക്കാനുള്ള കാശും ഞാന്‍ കൊടുത്തിരുന്നു.
എന്റെ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ട് മോളെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വെച്ചോളൂ എന്ന് പറഞ്ഞിട്ട് ഞാന്‍ അതും കൊടുത്തിരുന്നു. വീക്കെന്‍ഡില്‍ ഞാന്‍ വല്ലപ്പോഴും കഴിക്കാറുണ്ട്, അത് ശരിയാണ്. അങ്ങനെ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അജ്മാനില്‍ ഉള്ള എന്റെ ഒരു സുഹൃത്ത് വിളിച്ചു ഞാന്‍ അങ്ങോട്ട് പോയി. ഫ്‌ലാറ്റിന് ഒറ്റ ചാവിയെ ഉണ്ടായിരുന്നുള്ളൂ. അവളത് അകത്തുനിന്നും ലോക്ക് ചെയ്തു ഞാന്‍ പുറത്തേക്ക് പോയി. പന്ത്രണ്ടര ഒരു മണിയൊക്കെ ആയിക്കാണും ആ സമയത്ത്. ഞാന്‍ പോയിട്ട് തിരികെ വരുമ്പോള്‍ കാണുന്ന കാഴ്ച അവള്‍ ഹാങ്ങ് ചെയ്തിട്ട് സിമ്പിള്‍ ആയിട്ട് കാലൊക്കെ ഇങ്ങനെ മടങ്ങി നില്‍ക്കുന്നതാണ്. അവള്‍ക്ക് ചവിട്ടാവുന്ന ഹൈറ്റില്‍ ആണ് അവള്‍ ഹാങ്ങ് ചെയ്തിരിക്കുന്നത്. അപ്പോള്‍ വെപ്രാളത്തില്‍ ഞാന്‍ ശ്രദ്ധിച്ചില്ല പിന്നീട് ഞാന്‍ കാണുന്ന കാഴ്ച, മൂന്നു പേര് പിടിച്ചാല്‍ അനങ്ങാത്ത എന്റെ കട്ടില്‍ പൊസിഷന്‍ മാറി കിടക്കുന്നുണ്ടായിരുന്നു.
ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് ഞാന്‍ തന്നെയാണ്. ഞാനും ഇവിടെ ഹാങ്ങ് ചെയ്യാന്‍ ശ്രമിച്ചു. അതുല്യ എന്ന മൈന്‍ഡ് സെറ്റില്‍ നില്‍ക്കുന്ന ഞാന്‍ അവള്‍ തൂങ്ങിയ അതേ ഫാനില്‍ എന്റെ കൈലി വച്ചിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവള്‍ തൂങ്ങിയതും എന്റെ കൈലിയില്‍ തന്നെയാണ്. അത് അവര്‍ കൊണ്ടുപോയിട്ടുണ്ട്' എന്നാണ് സതീഷ് പറഞ്ഞത്. സ്‌കൂള്‍ ഗ്രൂപുകളില്‍ സതീഷ് കൂട്ടുകാര്‍ക്കായി വിശദീകരണ സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്.