കുമ്പളങ്ങി നൈറ്റ്‌സിലെ 'ഷമ്മിയെ' വെല്ലും കൊടും സൈക്കോ; മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭാര്യയെ അടിച്ച് പഞ്ചറാക്കി; അടികൊണ്ട് ഉച്ചത്തില്‍ നിലവിളിക്കുമ്പോള്‍ എന്തോ പറയുന്ന ഭര്‍ത്താവ്; മദ്യപിച്ചാല്‍ 'മനുഷ്യ മൃഗം'; അതുല്യയെ സതീഷ് ശങ്കര്‍ കൊന്ന് കെട്ടിത്തൂക്കിയതോ? ചെറുമകള്‍ക്കായി ഓട്ടോ ഓടിക്കുന്ന പ്രവാസിയായ അതുല്യയുടെ അച്ഛന്‍; ഷാര്‍ജയിലെ ക്രൂരത കൊലപാതകമോ?

Update: 2025-07-20 03:20 GMT

കൊല്ലം: മകള്‍ ഒരിക്കലും ജീവനൊടുക്കില്ലെന്നും വര്‍ഷങ്ങളായി കടുത്ത പീഡനമാണ് ഭര്‍ത്താവ് സതീഷ് ശങ്കറില്‍നിന്നും നേരിട്ടിരുന്നതെന്നും അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ള വെളിപ്പെടുത്തുമ്പോള്‍ അതുല്യയുടെ മരണത്തിലെ ദുരൂഹത കൂടുന്നു. ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന'ത്തില്‍ അതുല്യ ശേഖര്‍ (30) ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മര്‍ദ്ദനത്തിനിടെയാണ് അതുല്യ മരിച്ചതെന്നും സൂചനയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാകും. 25 വര്‍ഷം സൗദിയിലായിരുന്ന രാജശേഖരന്‍പിള്ള ഇപ്പോള്‍ നാട്ടില്‍ ഓട്ടോ ഓടിക്കുകയാണ്. അദ്ദേഹത്തിനും ഭാര്യ തുളസീഭായിക്കുമൊപ്പം നാട്ടിലാണ് അതുല്യയുടെ മകള്‍ 10 വയസ്സുകാരി ആരാധ്യ. അതുല്യയുടെ അമ്മ തുളസീഭായിയുടെ പരാതിയില്‍ തെക്കുംഭാഗം പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അതിവേഗം കേസെടുക്കുകയും ചെയ്തു.

കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദിന്റെ ഷമ്മി എന്ന കഥാപാത്രം സൈക്കോ ഭര്‍ത്താവായിരുന്നു. ആ കഥാപാത്രത്തേയും തോല്‍പ്പിക്കുന്ന സൈക്കോയായിരുന്നു സതീഷ് ശങ്കര്‍. ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയെ ഇയാള്‍ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോകള്‍ പുറത്ത് വന്നു. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്. ഈ വീഡിയോയാണ് അതുല്യയുടേത് കൊലപാതകമാണോ എന്ന സംശയം ഉയര്‍ത്തുന്നത്. കൊന്ന് കെട്ടിത്തൂക്കാനും സാധ്യത ഏറെയാണ്. മദ്യപിച്ചാല്‍ സതീഷ് മനുഷ്യ മൃഗമായി മാറുമെന്നാണ് അടുപ്പക്കാരുടെ സാക്ഷ്യം.

മകളെ മര്‍ദ്ദിക്കുന്ന വിവരമറിഞ്ഞപ്പോള്‍ പലതവണ ഇയാളെ വിലക്കിയിരുന്നെന്നും വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്ന മകളെ സതീഷ് എത്തി കരഞ്ഞു പറഞ്ഞപ്പോഴാണ് തിരികെ വിട്ടതെന്നും രാജശേഖരന്‍പിള്ള പറഞ്ഞു. 'മദ്യപിച്ചാല്‍ സതീഷ് മറ്റൊരാളായി മാറും. പിന്നെ ഒരു കാരണവുമില്ലാതെ മര്‍ദനം തുടങ്ങും. മദ്യപാനം നിര്‍ത്താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം മര്‍ദനം പരിധിവിട്ടപ്പോള്‍ മകളെ വിളിച്ചുകൊണ്ടുവന്നു വീട്ടിലാക്കി. സതീഷ് എത്തി കരഞ്ഞു കാലുപിടിച്ചതോടെ അതുല്യതന്നെ മനസ്സലിഞ്ഞ് ഭര്‍ത്താവിനൊപ്പം പോകുകയായിരുന്നു. ഒരുതവണ വേര്‍പിരിയലിന്റെ വക്കിലെത്തിയ ബന്ധമാണ്. ഒടുവില്‍ കൗണ്‍സലിങ്ങിലൂടെയാണ് വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചത്. അന്നും മര്‍ദനങ്ങളൊന്നും ഇനിയുണ്ടാവില്ലെന്നായിരുന്നു സതീഷ് പറഞ്ഞത്. പിന്നെയും അടി തുടര്‍ന്നുവെന്നതാണ് വസ്തുതയെന്നും അച്ഛന്‍ പറയുന്നു. അമ്മയുടെ മരണവാര്‍ത്ത കുട്ടിയെ അറിയിച്ചിട്ടില്ല. സതീഷിന് കുഞ്ഞിനോട് മകളെന്ന ആത്മബന്ധമില്ലായിരുന്നെന്നും ഇത് അയാള്‍തന്നെ പറഞ്ഞിരുന്നുവെന്നും രാജശേഖരന്‍പിള്ള പറയുന്നു.

അതുല്യ ഒരുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എന്‍ജീനീയറായിരുന്നു ഭര്‍ത്താവ് സതീഷ് ശങ്കര്‍. സതീഷ് ശങ്കര്‍ കൂട്ടുകാര്‍ക്കൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ മടങ്ങിയെത്തിയതോടെയാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പറയുന്നത്. ഇത് അച്ഛനും അമ്മയും വിശ്വസിക്കുന്നില്ല. അതുല്യയുടെ ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ അതുല്യയ്ക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്ന് ബന്ധു രവീന്ദ്രന്‍ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് സതീഷ് മദ്യപിക്കും എന്നതിനെ പറ്റി അറിഞ്ഞതെന്നും ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രന്‍ പിള്ള പറഞ്ഞു. 'ശനിയാഴ്ച രാവിലെയാണ് ഷാര്‍ജയില്‍ താമസിക്കുന്ന അതുല്യയുടെ സഹോദരി മരണത്തെ പറ്റി ഞങ്ങളെ അറിയിക്കുന്നത്. വിവാഹം കഴിച്ച കാലം മുതല്‍ അതുല്യയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരിക്കലും സ്വസ്ഥത ഉണ്ടായിരുന്നില്ല. സതീഷ് മദ്യപാനിയായിരുന്നു. വിവാഹത്തിന് ശേഷമാണ് അത് ഞങ്ങള്‍ അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലായിരുന്നു മദ്യപാനം. എന്നാല്‍ പിന്നീട് എപ്പോഴും മദ്യപിക്കുന്നത് പതിവായി. പിന്നാലെയാണ് അവളെ മര്‍ദിക്കാന്‍ തുടങ്ങിയത്.

അതുല്യ വിദേശത്ത് എത്തിയതിന് പിന്നാലെ അവള്‍ക്ക് ചില സ്ഥലങ്ങളില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പോകാന്‍ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ആരും അവളെ നോക്കാനോ, അവള്‍ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിന് പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തന്നെ സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത്' രവീന്ദ്രന്‍ പറഞ്ഞു. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ സതീഷ് അതുല്യക്ക് സ്വസ്ഥത നല്‍കിയിട്ടില്ല. മദ്യപിച്ചെത്തി സ്ഥിരം മര്‍ദിച്ചിരുന്നു. പലഘട്ടങ്ങളിലും സതീഷ് ഉപദ്രവിക്കുന്ന വിഡിയോ അതുല്യ അയച്ചു നല്‍കിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വീഡിയോ അയച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞു.

Tags:    

Similar News