മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; സംസ്ഥാനം കുറ്റപത്രം അയച്ച് എട്ടുമാസമായിട്ടും അനങ്ങാപ്പാറ നയം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍; കേന്ദ്രാനുമതി വേണ്ടി വന്നത് സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയതോടെ
മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കേന്ദ്രാനുമതി വൈകിക്കുന്നു
തിരുവനന്തപുരം: രണ്ടുവര്‍ഷം മുമ്പ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് ഇഴയുന്നു. കേസില്‍ കുറ്റപത്രത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാട്ടാത്തതാണ് പ്രശ്‌നം.
ഏപ്രിലിലാണ് കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചത്. ഓഗസ്റ്റില്‍ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. എട്ട് മാസമായിട്ടും കേന്ദ്രം ഇതേവരെ അനുമതി നല്‍കിയില്ല. സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്.
2022 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വധശ്രമം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസില്‍ പ്രതികളാക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയില്‍ ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പിഎ സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.