കാലുകള്‍ അറ്റു, ആന്തരികാവയവങ്ങള്‍ തകര്‍ന്നു; പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയില്‍? ഭാര്യയും മകനും കൊല്ലപ്പെട്ടത് പോലും അറിയാതെ നേതാവ് ആശുപത്രിയിലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സ്‌റ്റേറ്റ് ടിവിയില്‍ പ്രസ്താവന; രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും; ഹോര്‍മുസ് കടലിടുക്കിനെ ആയുധമാക്കാനും യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കാനും ആഹ്വാനം

പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയില്‍?

Update: 2026-03-12 14:20 GMT

ടെഹ്‌റാന്‍: ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധികളിലൊന്നിലൂടെ കടന്നുപോകുമ്പോള്‍, ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ ഭീതിജനകമായ ഒരു യുദ്ധത്തിന്റെ സൂചനകളാണ് നല്‍കുന്നത്. പിതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അധികാരമേറ്റ മൊജ്തബ ഖമേനി വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരു കാല്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം 'കോമ'യിലാണെന്നുമുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ഈ പ്രഖ്യാപനം വരുന്നത്.

ഹോര്‍മുസ് കടലിടുക്കിനെ ആയുധമാക്കാനും അമേരിക്കന്‍ സൈനിക താവളങ്ങള്‍ തകര്‍ക്കാനുമാണ് ആഹ്വാനം. ഇറാനെ നിലവില്‍ നയിക്കുന്നത് 'ഗോസ്റ്റ് ആയത്തുള്ള' അഥവാ അദൃശ്യനായ നേതാവാണെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC) നിയന്ത്രണത്തിലുള്ള രാജ്യം അനിശ്ചിതകാല യുദ്ധത്തിലേക്ക് നീങ്ങുമ്പോള്‍, ആശങ്ക വര്‍ദ്ധിക്കുകയാണ്.

56-കാരനായ മൊജ്തബ ഖമേനിയുടേതെന്ന് അവകാശപ്പെടുന്ന രേഖാമൂലമുള്ള പ്രസ്താവന ഇന്ന് ഉച്ചകഴിഞ്ഞ് സ്റ്റേറ്റ് ടെലിവിഷനിലെ വാര്‍ത്താ അവതാരകന്‍ വായിക്കുകയായിരുന്നു. അദ്ദേഹം നേരിട്ട് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടില്ല. 'ഞങ്ങളുടെ രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം വീട്ടുന്നതില്‍ നിന്ന് ഇറാന്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28-ന് വധിക്കപ്പെട്ട തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിക്കു പിന്നാലെ അധികാരം ഏറ്റെടുത്ത മൊജ്തബ ഖമേനി, അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാഷ്ട്രങ്ങളുമായി സൗഹൃദം നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണം തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ഇറാന്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. മേഖലയിലെ എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും ഉടനടി അടച്ചുപൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ശത്രുക്കളില്‍ നിന്ന് ഇറാന്‍ നഷ്ടപരിഹാരം ഈടാക്കുമെന്നും അല്ലെങ്കില്‍ അതിനനുസരിച്ച് അവരുടെ ആസ്തികള്‍ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമ സംഭവങ്ങളില്‍ പരിക്കേറ്റ ഇറാന്‍ പൗരന്മാര്‍ക്ക് സാമ്പത്തിക സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

സഖ്യകക്ഷികളോടും ആഹ്വാനം

മേഖലയിലെ ഇറാന്റെ സഖ്യകക്ഷികളെക്കുറിച്ചും (Proxies) പ്രസ്താവനയില്‍ സൂചനയുണ്ട്. ഇറാഖിലെ സായുധ സംഘങ്ങള്‍ തന്റെ രാജ്യത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും യെമനിലെ സംഘങ്ങള്‍ അവരുടെ ജോലി കൃത്യമായി ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രസ്താവന പുറത്തുവന്നെങ്കിലും, ടെഹ്റാനിലെ ചരിത്രപ്രസിദ്ധമായ മേഖലയിലുള്ള സിന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ് മൊജ്തബ ഉള്ളതെന്ന് സൂചനയുണ്ട്. അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്ന ഭാഗം പൂര്‍ണ്ണമായും സീല്‍ ചെയ്തിരിക്കുകയാണ്. പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിലാണോ മൊജ്തബയ്ക്കും പരിക്കേറ്റതെന്ന കാര്യം വ്യക്തമല്ല.

മൊജ്തബ ഖമേനി എവിടെ?

ഇറാന്റെ ആരോഗ്യ മന്ത്രിയും രാജ്യത്തെ പ്രമുഖ ട്രോമ സര്‍ജനുമായ മുഹമ്മദ് റെസ സഫര്‍ഘണ്ടിയുടെ മേല്‍നോട്ടത്തിലാണ് പുതിയ പരമോന്നത നേതാവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉറവിടം വ്യക്തമാക്കി. 1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ശസ്ത്രക്രിയകള്‍ നടത്തി എട്ട് വര്‍ഷത്തെ പരിചയസമ്പത്തുള്ള ഡോക്ടറാണ് സഫര്‍ഘണ്ടി. ആ യുദ്ധത്തില്‍ രാസായുധ പ്രയോഗത്തില്‍ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു.

മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷിമി റഫ്സഞ്ജാനിയുടെ ഭാര്യയുടെ സഹോദരനും ഇസ്ലാമിക് ഭരണകൂടത്തിലെ വിശ്വസ്തനുമായ ഡോ. മുഹമ്മദ് മറാഷി എന്ന മുതിര്‍ന്ന സര്‍ജനും മൊജ്തബയെ ചികിത്സിക്കുന്ന സംഘത്തിലുണ്ടെന്ന് കരുതപ്പെടുന്നു. പരിക്കേറ്റ പരമോന്നത നേതാവിനെ നിലവിലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ രണ്ട് ദിവസം മുമ്പ് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രസിഡന്റിന് പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

കാലുകള്‍ മുറിച്ചുമാറ്റി?

ലണ്ടനിലുള്ള ഒരു പ്രവാസി വിമതന്‍ വഴി അയച്ച രഹസ്യ സന്ദേശങ്ങളിലൂടെ ഒരു ഉറവിടം ഇപ്രകാരം വെളിപ്പെടുത്തി: 'അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ കാലുകള്‍ മുറിച്ചുമാറ്റി. കരള്‍ അല്ലെങ്കില്‍ ആമാശയം തകര്‍ന്നിട്ടുണ്ട്. അദ്ദേഹം നിലവില്‍ കോമയിലാണെന്ന് തോന്നുന്നു.' പുതിയ പരമോന്നത നേതാവിനെ ആഴ്ചകളായി ആരും കണ്ടിട്ടില്ലെങ്കിലും, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) പ്രാദേശിക കമാന്‍ഡര്‍മാരാണ് നിലവില്‍ ഇറാന്റെ ഭരണം നടത്തുന്നത്. ഒരു നേതാവില്ലെങ്കിലും അനിശ്ചിതകാലത്തേക്ക് പോരാട്ടം തുടരാനുള്ള ഉത്തരവ് ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു.

ഇറാനിലെ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിനാല്‍ നേതാവിന്റെ ആരോഗ്യനില സ്ഥിരീകരിക്കുക അസാധ്യമാണ്. എന്നാല്‍ സ്റ്റേറ്റ് ടെലിവിഷന്‍ മൊജ്തബയെ 'ജാന്‍ബാസ് ഓഫ് റംസാന്‍' (Jaanbaz of Ramadan - റംസാനിലെ പരിക്കേറ്റ പോരാളി) എന്നാണ് വിശേഷിപ്പിക്കുന്നത്. 'ഗോസ്റ്റ് ആയത്തുള്ള' (Ghost Ayatollah) അഥവാ അദൃശ്യനായ നേതാവാണ് നിലവില്‍ ഭരണകൂടത്തെ നയിക്കുന്നതെന്ന് പലരും വിശ്വസിക്കുന്നു. ഇതിനിടെ അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കെതിരെ ഇറാന്‍ ആക്രമണം തുടരുന്നത് എണ്ണ, വാതകവിലകള്‍ കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.

പിതാവിനേക്കാള്‍ അപകടകാരി

മൊജ്തബയുടെ മുന്‍കാല പഠന പങ്കാളിയായിരുന്ന ഒരാള്‍ വെളിപ്പെടുത്തിയത് പ്രകാരം, പുതിയ നേതാവ് തന്റെ പിതാവിനേക്കാള്‍ 'അപകടകാരിയാണ്'. അദ്ദേഹം 'ലോകാവസാനത്തെക്കുറിച്ചുള്ള' (end of days) ചിന്തകളില്‍ അഭിനിവേശമുള്ളയാളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധമുണ്ടായാല്‍ ആയിരക്കണക്കിന് ആളുകളെ കൊല്ലാന്‍ മൊജ്തബ ഭയപ്പെടില്ലെന്നും പ്രദേശം മുഴുവന്‍ നിയന്ത്രിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്നും നാടുകടത്തപ്പെട്ട ഉദ്യോഗസ്ഥനായ ജാബര്‍ രജബി വെളിപ്പെടുത്തി.

2021 മുതല്‍ യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന രജബി, ഇറാാനിലെ ഖുമിലുള്ള (Qom) പ്രശസ്തമായ 'മതപാഠശാലയില്‍' (Seminary) മൊജ്തബ ഖമേനിയോടൊപ്പം പഠിച്ചയാളാണ്. ഇറാന്റെ പുതിയ പരമോന്നത നേതാവ് തന്റെ പിതാവിനേക്കാള്‍ ക്രൂരനാണെന്നും വലിയൊരു 'നുണയനാണെന്നുമാണ്' അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്.

'അധികാരമേറ്റ ആദ്യ ദിവസം തന്നെ അല്‍-ഖുദ്സ് (ജെറുസലേം) പിടിച്ചെടുക്കുമെന്ന് മൊജ്തബ അവകാശപ്പെടില്ല. പെട്ടെന്ന് ദേഷ്യം വരികയും അത് പുറത്തുകാണിക്കുകയും ചെയ്യുന്ന തന്റെ പിതാവില്‍ നിന്ന് വ്യത്യസ്തനാണ് അദ്ദേഹം. കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കൂടുതല്‍ വിശ്വസനീയമായ രീതിയില്‍ നുണകള്‍ പറയണമെന്നും മൊജ്തബയ്ക്ക് നന്നായി അറിയാം'.രജബി 'ജെറുസലേം പോസ്റ്റിനോട്' പറഞ്ഞു.

ലോകാവസാനത്തില്‍ അഭിനിവേശം

ഇറാനിലെ ഇസ്ലാമിക് സ്‌കോളര്‍ഷിപ്പിന്റെ ഏറ്റവും പ്രധാന കേന്ദ്രമായ ഖും സെമിനാരിയില്‍ മൊജ്തബയോടൊപ്പം പഠിച്ചിരുന്ന കാലത്തെക്കുറിച്ച് രജബി വിവരിക്കുന്നത് ഇപ്രകാരമാണ്: 'അദ്ദേഹം ലോകാവസാനത്തെക്കുറിച്ചുള്ള ചിന്തകളില്‍ അതീവ താല്പര്യമുള്ളയാളായിരുന്നു. ആ പാതയിലേക്ക് മനുഷ്യരാശിയെ എത്തിക്കുന്നതില്‍ തനിക്ക് പ്രത്യേക പങ്കുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.'

ഷിയാ ഇസ്ലാമിലെ ഏറ്റവും വലിയ വിഭാഗമായ 'ട്വല്‍വര്‍ ഷിയ' (Twelver Shia) വിശ്വാസമനുസരിച്ച്-ഇതാണ് ഖുമില്‍ ഖമേനിയും പഠിച്ചത്-മറഞ്ഞിരിക്കുന്ന പന്ത്രണ്ടാമത്തെ ഇമാം ആയ മുഹമ്മദ് അല്‍-മഹ്ദി ലോകാവസാന സമയത്ത് മടങ്ങിവരുമെന്നും, ലോകത്ത് അനീതി തുടച്ചുനീക്കി നീതി സ്ഥാപിക്കുമെന്നുമാണ് കരുതപ്പെടുന്നത്.

പാശ്ചാത്യ ശക്തികളുമായുള്ള വലിയ ഏറ്റുമുട്ടലായി വ്യാഖ്യാനിക്കപ്പെടുന്ന 'മല്‍ഹാമ അല്‍-കുബ്ര' (Malhama al-Kubra) ഉള്‍പ്പെടെയുള്ള വലിയ യുദ്ധങ്ങള്‍ ലോകാവസാനത്തിന് മുന്‍പ് നടക്കുമെന്ന് ഇസ്ലാമിക വിശ്വാസങ്ങള്‍ വിവരിക്കുന്നുണ്ട്. രജബി പറഞ്ഞു: 'ഖമേനി തന്റെ മതപഠന കാലത്ത് ആണവ വിഷയത്തെക്കുറിച്ചും സൈന്യത്തെക്കുറിച്ചും സംസാരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. വ്യോമാക്രമണങ്ങള്‍ മൊജ്തബയുടെ ലക്ഷ്യങ്ങളെ ബാധിക്കില്ല. തങ്ങളുടെ ഭരണകൂടത്തെയും മേഖലയിലെ ആധിപത്യത്തെയും സംരക്ഷിക്കാന്‍ അവര്‍ക്ക് ആണവായുധം ആവശ്യമാണ്.'

മൊജ്തബയ്ക്ക് മനുഷ്യജീവനോട് യാതൊരു ബഹുമാനവുമില്ലെന്ന് കൂട്ടിച്ചേര്‍ത്ത രജബി ഇപ്രകാരം പറഞ്ഞു: 'സ്വന്തം നാട്ടുകാരായ 13,000 പേരെ കൊലപ്പെടുത്താന്‍ മടിയില്ലാത്ത ഒരാള്‍ക്ക് തെല്‍ അവീവിലെ ഒരു ലക്ഷം പേരെ കൊല്ലുന്നതിലും പ്രശ്‌നമുണ്ടാകില്ല. സ്വന്തം ജനതയുടെ ജീവന്‍ വിലമതിക്കാത്തവര്‍ എന്തിന് മറ്റുള്ളവരുടെ ജീവനെക്കുറിച്ച് ആകുലപ്പെടണം?'

പരുക്ക് ഗുരുതരമോ?

ഇതിനിടെ, പുതിയ പരമോന്നത നേതാവായ 56-കാരന്‍ മൊജ്തബ ഖമേനി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കോമയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച അധികാരം ഏറ്റെടുത്ത ശേഷം ഇദ്ദേഹത്തെ പൊതുവേദികളില്‍ കണ്ടിട്ടില്ല. യുദ്ധത്തിന്റെ ആദ്യ ദിവസം ടെഹ്റാനിലെ പിതാവിന്റെ കൊട്ടാരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൊജ്തബയ്ക്കും പരിക്കേറ്റതായി കരുതപ്പെടുന്നു.

'അദ്ദേഹം അവിടെ ഉണ്ടായിരുന്നുവെന്നും ബോംബാക്രമണത്തില്‍ പരിക്കേറ്റുവെന്നും' സൈപ്രസിലെ ഇറാന്‍ അംബാസഡര്‍ അലിറെസ സലാരിയന്‍ 'ദി ഗാര്‍ഡിയനോട്' പറഞ്ഞു. അദ്ദേഹത്തിന്റെ കൈകാലുകള്‍ക്ക് പരിക്കേറ്റതായാണ് താന്‍ കേട്ടതെന്നും അതിനാല്‍ അദ്ദേഹം ആശുപത്രിയിലാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെയും അമേരിക്കയുടെയും കണ്ണില്‍പ്പെടാതിരിക്കാനാണ് മൊജ്തബ വിട്ടുനില്‍ക്കുന്നതെന്നും പ്രസംഗം നടത്താന്‍ കഴിയുന്ന സാഹചര്യത്തിലല്ല അദ്ദേഹമെന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നാല്‍, അദ്ദേഹം സുരക്ഷിതമായ ഒരിടത്ത് അഭയം പ്രാപിച്ചിരിക്കുകയാണെന്നും ബോധാവസ്ഥയില്‍ തന്നെയാണെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. അതേസമയം, തന്റെ പിന്‍ഗാമി റാലിയില്‍ പോലും പങ്കെടുക്കാന്‍ കഴിയാതിരുന്ന മൊജ്തബ, യുദ്ധം നടക്കുന്നതിനെക്കുറിച്ചോ തന്റെ ഭാര്യയും മകനും കൊല്ലപ്പെട്ടതിനെക്കുറിച്ചോ അറിഞ്ഞിട്ടില്ലെന്ന് ചില വൃത്തങ്ങള്‍ പറയുന്നു.

അധികാരമേല്‍ക്കുന്നവരെ വകവരുത്തുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മൊജ്തബയെയും ലക്ഷ്യമിട്ടിരുന്നു. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ മൊജ്തബയുടെ ഭാര്യ സഹ്ര ഹദ്ദാദ്-ആദെലും ഒരു മകനും കൊല്ലപ്പെട്ടതായാണ് വിവരം. ഡൊണാള്‍ഡ് ട്രംപും ഇറാന്‍ നേതാവിനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. അധികാരമേറ്റ ശേഷം ഇതുവരെയും പൊതുപ്രസംഗം നടത്തിയിട്ടില്ലാത്തതിനാല്‍ മൊജ്തബ കൊല്ലപ്പെട്ടോ എന്ന കാര്യത്തിലും ഇപ്പോള്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്.

Tags:    

Similar News