ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ വധശ്രമം: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍; സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്റെ നിര്‍ദ്ദേശം; അഞ്ചംഗ സംഘം ആക്രമണം അഴിച്ചുവിട്ടത് ഓഗസ്റ്റ് 30 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ച്
ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ വധശ്രമം: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
തൊടുപുഴ: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തൊടുപുഴയില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) നിര്‍ദ്ദേശം നല്‍കി.
ഓഗസ്റ്റ് 30-ന് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരുകയായിരുന്ന ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ചാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ച ശേഷമാണ് ആക്രമണം നടന്നത്. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ഷാജന്‍ സ്‌കറിയ പോലീസിന് മൊഴി നല്‍കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിപിഎം പ്രവര്‍ത്തകനായ മാത്യു കൊല്ലപ്പിള്ളി ഉള്‍പ്പെടെ നാലുപേരെ ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മിന്റെ അറിവോടെയുള്ള ആസൂത്രിത വധശ്രമമാണെന്ന് ഷാജന്‍ സ്‌കറിയ ആരോപിച്ചിരുന്നു.
വാഹനത്തിന്റെ അകത്തിരിക്കുന്ന ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു, ഷാജന്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമികളെ പുറത്തുണ്ടായിരുന്നവരില്‍ ചിലര്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഷാജന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ ഥാര്‍ ഇടിച്ച ശേഷമായിരുന്നു അതിക്രമം. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവര്‍ത്തകരെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്.
അതേസമയം, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മണിപ്പൂരിലും ത്രിപുരയിലും മാധ്യമപ്രവര്‍ത്തകര്‍ ആക്രമണത്തിനിരയായ സംഭവങ്ങളിലും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
2025 സെപ്റ്റംബര്‍ 21-ന് പടിഞ്ഞാറന്‍ ത്രിപുരയിലെ ഹെസമാര പ്രദേശത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച വസ്ത്ര വിതരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ, ത്രിപുരയിലെ മാധ്യമപ്രവര്‍ത്തകനെ ഒരു കൂട്ടം അക്രമികള്‍ വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചുവെന്നും അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിള്‍ അപഹരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലായ് ഗ്രാമത്തില്‍ പുഷ്പമേള റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം ഉണ്ടായത്. എയര്‍ ഗണ്‍ ഉപയോഗിച്ച് അദ്ദേഹത്തിന് രണ്ടുതവണ വെടിയേറ്റു, ഗുരുതരമായി പരിക്കേറ്റു.