ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വൈറലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; 'കണ്ണന് വേണ്ടി' ഒരുക്കിയ ചിത്രങ്ങളിൽ ഒന്ന് പ്രധാനമന്ത്രിക്കും സമ്മാനിച്ചു; ഗുരുവായൂരിലെ റീലിൽ പോലീസ് കേസെടുത്തതിന് പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ആളുകൾ തന്നെ എന്തിന് ഇത്രയധികം വെറുക്കുന്നുവെന്ന് ജസ്ന സലിം

Update: 2025-11-10 17:12 GMT

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം നടത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജസ്ന സലിം ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിന്റെ വീഡിയോ ജസ്ന പുറത്തുവിട്ടു. ആളുകൾ തന്നെ എന്തിന് ഇത്രയധികം വെറുക്കുന്നു എന്ന് വീഡിയോയിൽ അവർ ചോദിക്കുന്നു. കൈ മുറിച്ചാണ് ഇവർ ആത്മഹത്യാ ശ്രമം നടത്തിയത്. കൈയിൽ നിന്ന് രക്തം വാർന്നൊഴുകുന്നതും വീഡിയോയിൽ കാണാം.

കഴിഞ്ഞ ദിവസം, ഹൈക്കോടതിയുടെ നിർദ്ദേശം ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ ഗുരുവായൂർ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ് റീൽസ് ചിത്രീകരിച്ചത്. ഇത് ആദ്യമായിട്ടല്ല ജസ്ന ക്ഷേത്ര പരിസരത്ത് റീൽസ് എടുക്കുന്നത്. ഇതിനു മുൻപും ഇവർ ക്ഷേത്രത്തിനകത്ത് റീൽസ് ചിത്രീകരിച്ചിരുന്നു, ഇത് വിവാദമായതിനെ തുടർന്നാണ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയത്.

ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയിരുന്നത്. കിഴക്കേ നടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിച്ചുവെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിന് മുകളിലുള്ള ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വീഡിയോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനായിരുന്നു ഈ കേസ്.

എന്നാൽ വിഷയത്തിൽ ജസ്ന സലീം പ്രതികരിച്ചിരുന്നു. താൻ ക്ഷേത്ര നടപ്പന്തലിൽ റീൽ എടുത്തിട്ടില്ലെന്നും, അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോയാണ് പകർത്തിയതെന്നും ജസ്ന വ്യക്തമാക്കി.'ഞാൻ തെറ്റ് ചെയ്തിട്ടില്ല. നടപ്പന്തലിൽ നിന്ന് ഞാൻ വീഡിയോ എടുത്തിട്ടില്ല. അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോ മാത്രമാണ് എടുത്തത്. ഗുരുവായൂരിൽ മുറിച്ചത് മുട്ട ഇല്ലാത്ത കേക്കാണ്. റീൽ എടുത്തിട്ടില്ല,' എന്ന് ജസ്ന സലീം വ്യക്തമാക്കി.

കോഴിക്കോട് സ്വദേശിയായ ജസ്ന സലിം ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്നതിലൂടെയാണ് പ്രശസ്തി നേടിയത്. ശ്രീകൃഷ്ണനോടുള്ള ഭക്തി പ്രകടിപ്പിച്ച് 'കണ്ണന് വേണ്ടി' എന്ന പേരിൽ നിരവധി ചിത്രങ്ങൾ ഇവർ തയ്യാറാക്കിയിട്ടുണ്ട്. 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശിച്ചപ്പോൾ, ജസ്ന സലിം വരച്ച ശ്രീകൃഷ്ണന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനമായി നൽകിയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ താൻ നേരിട്ട വിമർശനങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ, താൻ മതം ഉപേക്ഷിച്ച് 'മനുഷ്യൻ' എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നതായി ജസ്ന സലിം പറഞ്ഞിരുന്നു. ഈ പ്രഖ്യാപനവും പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.

Tags:    

Similar News